ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പുതയ്ക്കാന്‍ ഒരു ചെങ്കൊടി; മുകുന്ദനും വേണം

എഴുപത് വയസ്സുള്ള എം. മുകുന്ദന്‍ അറുപത്തിയെട്ടുകാരനായ സി.പി.എം സംസ്ഥാന സെക്രട്ടറിയെ ഈയിടെ വിജയേട്ടാ എന്ന് വിളിച്ച് ഒരു ലേഖനം എഴുതി. ആധുനിക സാഹിത്യ പ്രവണതകളിലൂടെ കമ്യൂണിസ്റ്റുകാരെ വെകിളിപിടിപ്പിച്ച ഈ എഴുത്തുകാരന്റെ ധൈഷണിക ദാസ്യത്തിന്റെ ലക്ഷ്യമെന്ത് ?

ഇതിനകം സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എം.മുകുന്ദനെ ഫോണിലൂടെ ''മുകുന്ദേട്ടാ...'' എന്നു വിളിച്ചുകാണും. ഇരുവരും കരളും ഹൃദയവും വാരിപുറത്തിട്ടുകൊണ്ട് ചിരിക്കുന്നതും ആനന്ദം കോരിക്കുടിക്കുന്നതും കാണാനുള്ള ഭാഗ്യം നമുക്കൊന്നുമുണ്ടായില്ലല്ലോ എന്ന എന്റെ ദുഃഖം ഞാന്‍ ഇവിടെ രേഖപ്പെടുത്തട്ടെ. ''എനിക്കൊരാഗ്രഹം കൂടിയുണ്ട്. സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറി സഖാവ് പിണറായി വിജയന്‍ ഒരിക്കലെങ്കിലും എന്നെ മുകുന്ദേട്ടന്‍ എന്നു വിളിക്കണം. കാരണം അദ്ദേഹത്തേക്കാള്‍ ഒന്നര വയസ്സ് എനിക്ക് കൂടുതലുണ്ട്.'' (എം.മുകുന്ദന്‍ ഫെബ്രുവരി 19 ന്റെ ദേശാഭിമാനി വാരികയിലെഴുതിയ 'വിജയേട്ടനു ഒരു മയ്യഴിച്ചിരി' എന്ന ലേഖനത്തില്‍ നിന്ന്) പിണറായി വിജയന്റെ വിപ്ലവച്ചിരിയുടെയും മുകുന്ദന്റെ നാണം കുണുങ്ങിച്ചിരിയുടെയും ചിത്രങ്ങള്‍ ഈ ലേഖനത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്. വലിയ പപ്പടം പൊരിഞ്ഞു വന്നതുപോലെയുള്ള വിജയന്റെ വിപ്ലവച്ചിരിയും മുകുന്ദന്റെ കാല്‍പനികതയുടെ കോഞ്ഞ്യാക്ക് ചിരിയും കാണാന്‍ നല്ല രസമുണ്ട്. മുകുന്ദന്റെ കഥകളിലെ മനുഷ്യസംബന്ധമായ കോന്തത്തരമാണ് കോഞ്ഞ്യാക്ക് ചിരി പുറത്തുകൊണ്ടുവന്നത്.
 
വിജയനേക്കാള്‍ ഒന്നര വയസ്സു കൂടുതലുള്ള മുകുന്ദന്‍ എന്തിനാണ് വിജയനെ വിജയേട്ടന്‍ എന്നു വിളിക്കുന്നത്? അതിന് മുകുന്ദന്‍ കണ്ടെത്തുന്ന ഉത്തരം വിചിത്രമാണ്.'' പിണറായി വിജയന്‍ പതുക്കെ മലയാളികളുടെ വിജയേട്ടനായി മാറുകയാണ്. പാര്‍ട്ടിയുടെ അത്യുന്നത സ്ഥാനത്തിരിക്കുന്ന ഒരു നേതാവിനെ ഞാന്‍ വിജയേട്ടന്‍ എന്നു വിളിക്കാന്‍ പാടുണ്ടോ? ബഹുമാനമുള്ളവരെ ഞങ്ങള്‍ മയ്യഴിക്കാര്‍ കാരണവര്‍ എന്നാണ് വിളിക്കുക. മയ്യഴിയിലെപുത്തലത്തമ്പലത്തില്‍ കാരണോര്‍ തിറ എന്ന ഒരു തെയ്യം തന്നെയുണ്ട്. ആരെയെങ്കിലും കാരണോര്‍ എന്നോ അമ്മാവന്‍ എന്നോ വിളിക്കുന്നതിലേറെ ഏട്ടന്‍ എന്നു വിളിച്ചു കേള്‍ക്കുന്നതിലാണ് എന്റെ സന്തോഷം. കാരണം കാരണവരിലും അമ്മാവനിലും പഴമയുണ്ട്. വാര്‍ധക്യമുണ്ട്. ഏട്ടന്‍ സമകാലികനാണ്. (വിജയന്‍ ഏട്ടനും അച്യുതാനന്ദന്‍ കാരണവരും - ലേഖകന്‍) നമ്മോടൊപ്പം ജീവിക്കുന്നയാളാണ്. മുമ്പോട്ടു നോക്കുന്നവനാണ് ഏട്ടന്‍. (കാരണവര്‍ പഴഞ്ചനാണ്. പിന്നോട്ടു നോക്കുന്നവനാണ് - ലേഖകന്‍)
 
മുകുന്ദന്റെ വിജയേട്ടന്‍ കേരളത്തെ മുമ്പോട്ടു കൊണ്ടുപോകാന്‍ കഴിയുന്ന ഒരാളാണ്. മുകുന്ദന്‍ നിരീക്ഷിക്കുന്നു: ''മലയാളി സമൂഹം വലിയ പ്രതിസന്ധികളിലൂടെ കടന്നു പോവുകയാണ്... വര്‍ഗീയതയും മതതീവ്രവാദവും വളരുകയാണ്. പുഴകള്‍ വറ്റുകയാണ്. നഗരങ്ങളും നാട്ടിന്‍പുറങ്ങളും മാലിന്യങ്ങളുടെ ദുര്‍ഗന്ധം പേറുന്നു. ആദിവാസികള്‍ ഇപ്പോഴും തലചായ്ക്കാന്‍ ഇടമില്ലാതെ കഴിയുന്നു... ഇതിനെല്ലാം പുറമേ സാമ്പത്തികവും സാംസ്‌ക്കാരികവുമായ അധിനിവേശങ്ങളെ ചെറുക്കേണ്ടതുണ്ട്. ഈ വലിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ സുഘടിതവും നവീകരിക്കപ്പെട്ടതുമായ ഒരു ഇടതുപക്ഷ പ്രസ്ഥാനം അത്യന്താപേക്ഷിതമാണ്. അങ്ങനെയുള്ള ഒരു ഇടതുപക്ഷ പ്രസ്ഥാനത്തിനു നേതൃത്വം നല്‍കാന്‍ കാരണവന്മാരുടെ അനുഗ്രഹത്തോടെ (അച്യുതാനന്ദനോടു മാറിക്കൊടുക്കാന്‍ പറയുന്നു - ലേഖകന്‍) പാര്‍ട്ടി സെക്രട്ടറിക്ക് കഴിയട്ടെ.''
 
കമലയുടെ കടലക്കറിയും ആവിപൊങ്ങുന്ന പുട്ടും നമുക്ക് വിട്ടുകളയാം. ഭാര്യയെയും കുട്ടികളെയുമൊക്കെ കൂട്ടി മുകുന്ദന്‍ വിജയന്റെ വീട്ടിലേക്കു ചെന്നു കൊള്ളും. അന്ന് അയക്കൂറ പൊരിച്ചതും അയിലക്കറിയും വരട്ടിയ മത്തിയുമൊക്കെ മുകുന്ദനും കുടംബത്തിനും വിജയന്‍ സമ്മാനിക്കും. തല്‍ക്കാലം നമുക്കിങ്ങ് പിണറായിയിലേക്കു പോരാം. പിണറായി എന്ന വിപ്ലവ രണഭൂമിക്ക് മുകുന്ദന്‍ സമര്‍പ്പിക്കുന്ന സ്തുതിഗീതങ്ങളിലൂടെയൊന്നു കടന്നു പോകാം. ഈ സ്തുതിഗീതങ്ങള്‍ എന്നോട് ചോദിക്കുന്നു - എന്തുകൊണ്ട് വിജയന്റെ മുകുന്ദേട്ടന്‍ ഒരു പാര്‍ട്ടി പാട്ടെഴുത്തുകാരനായില്ല. എങ്കില്‍ കേരളത്തിലെ കമ്യൂണിസ്റ്റ് കാവ്യമണ്ഡലത്തില്‍ എത്രയെത്ര ബലികുടീരപ്പാട്ടുകള്‍ ഉണ്ടായേനെ. മുകുന്ദന്‍ കമ്യൂണിസത്തിന്റെ ഈ മേഖലയിലേക്കു തിരിഞ്ഞിരുന്നുവെങ്കില്‍ കാമുവും കാഫ്ക്കയും സാര്‍ത്രുമൊക്കെ കോലം കെട്ടിയാടുന്ന കഥകളും നോവലുകളും മലയാളികള്‍ക്ക് വായിക്കേണ്ടി വരുമായിരുന്നില്ല. മുകുന്ദന്റെ പഴയ കഥകളും നോവലുകളുമൊന്നും വിജയന്‍ വായിച്ചിരിക്കാനിടയില്ല. വായിച്ചിരുന്നെങ്കില്‍ വിജയന്‍ മുകുന്ദനെ വീടിന്റെ മുറ്റത്തു കയറ്റുമോ? കമല കടലയും പുട്ടും കൊടുക്കുമോ? മുകുന്ദനോടു വിജയന്‍ ചിരിക്കുമോ?
 
മലയാള ജനതയുടെ ഇന്നത്തെ അനിഷേധ്യ നേതാവാണ് പിണറായി വിജയന്‍ എന്ന് എം.മുകുന്ദന്‍ തന്റെ ആദ്യകാല കഥകളെഴുതിയ കാല്‍പനിക ഭാഷ ഉപയോഗിച്ച് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ മുകുന്ദന്റെ വിജയേട്ടന്‍ അതൊന്നുമല്ല എന്ന് മലയാളികള്‍ക്ക് നന്നായി അറിയാം. വിജയേട്ടന്‍ കേരളത്തിലെ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാലിനിസ്റ്റ് നേതാവാണെന്ന് സാക്ഷാല്‍ പിണറായി വിജയനും അറിയാം, അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ നേതാക്കള്‍ക്കും അറിയാം. ഈ അറിവ് മുകുന്ദന് ഇല്ലാതായിപ്പോയത് ചരിത്രമറിയാത്തതുകൊണ്ടോ വിവരമില്ലാത്തതുകൊണ്ടോ അല്ല. മുകുന്ദന്‍ തന്റെ പ്രസംഗത്തിനു വലിയ ആള്‍ക്കൂട്ടത്തെ പ്രതീക്ഷിക്കുകയാണ്. ഇന്ന് വൃദ്ധനായിത്തീര്‍ന്ന എം.മുകുന്ദന്‍ തന്റെ മൃതദേഹത്തിനു പുതയ്ക്കാന്‍ ഒരുപാട് ചെങ്കൊടികള്‍ സ്വപ്‌നം കാണുകയാണ്. സാര്‍ത്രിന്റെയും അല്‍ബേര്‍ കാമുവിന്റെയും ഫ്രാന്‍സ് കാഫ്ക്കയുടെയും കൊടികള്‍ കേരളത്തില്‍ പാറുന്നില്ലല്ലോ.
 
ചരസ്സും ഭാംഗും കഞ്ചാവും വികലമായ രതിയും അലിഞ്ഞുചേര്‍ന്ന കഥകളെഴുതി പ്രശസ്തനായിത്തീര്‍ന്ന മുകുന്ദന്‍ തന്റെ പഴയ സാഹിത്യജീവിതം തെറ്റായിരുന്നുവെന്ന് പിണറായി വിജയന്റെ മുമ്പില്‍ പശ്ചാത്തപിക്കുകയാവാം. മുകുന്ദന്റെ കഥകളെ കമ്യൂണിസ്റ്റുകാര്‍ ഒരുകാലത്ത് അവജ്ഞയോടെയാണ് കണ്ടത്. മുകുന്ദന്‍ അക്കാലത്ത് കമ്യൂണിസ്റ്റുകാരെയും അവജ്ഞയോടെയാണ് കണ്ടത്. എന്നാല്‍ ആധുനികതയെ ആയുധമാക്കിക്കൊണ്ട് കഥകളിലൂടെയും നോവലുകളിലൂടെയും പണം നന്നായി കൊയ്‌തെടുത്ത ഒരെഴുത്തുകാരനാണ് മുകുന്ദന്‍. ആധുനികതയാണ് മുകുന്ദന്റെ പൂക്കാലത്തിനു വഴിയൊരുക്കിയത്. ആധുനികതയുടെ കാലം കഴിഞ്ഞുവെന്നു തോന്നിയപ്പോള്‍ മുകുന്ദന്‍ ഉത്തരാധുനികനായി. ഉത്തരാധുനികതയെയും മുകുന്ദന്‍ വലിച്ചെറിഞ്ഞു. പിന്നീട് മുകുന്ദന്‍ തന്റെ മണ്ഡലമാക്കി മാറ്റിയത് സി.പി.എമ്മിനെയാണ്. താനൊരു മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് സഹയാത്രികനാണെന്ന് മലയാളികളായ മാര്‍ക്‌സിസ്റ്റ് കാലാള്‍പ്പടയെ തെറ്റിദ്ധരിപ്പിക്കാനുള്ള വേലകളിലൊന്നാണ്. 'വിജയേട്ടാ മുകുന്ദേട്ടന്‍ വിളിക്കുന്നു' എന്ന ഈ നാടകം.
 
കേരളത്തിന്റെ ഭാവി തീരുമാനിക്കാന്‍ മുകുന്ദന്റെ അറിവും മനസ്സാക്ഷിയും തെരഞ്ഞെടുത്ത പിണറായി വിജയനെക്കുറിച്ച് 'കേശവന്റെ വിലാപം' പോലൊരു നോവലെഴുതാന്‍ മുകുന്ദന്‍ തുടങ്ങിയിരിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. ഈ നോവലില്‍ പ്രകാശ് കാരാട്ടും സീതാറാം യച്ചൂരിയും കഥാപാത്രങ്ങളാവാന്‍ സാധ്യതയുണ്ട്. ഒരിക്കല്‍ മുകുന്ദന്‍ പറയുകയുണ്ടായി. ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുക പ്രകാശ് കാരാട്ട്, സീതാറാം യച്ചൂരി എന്നീ രണ്ട് യുവാക്കളായിരിക്കുമെന്ന്. കേരളത്തിന്റെ ഭാവി ഇപ്പോള്‍ മുകുന്ദന്‍  പിണറായിയെ ഏല്‍പ്പിച്ചിരിക്കുകയാണോ? പ്രകാശ് കാരാട്ടിനെയും സീതാറാം യച്ചൂരിയെയും കൂടി കഥാപാത്രങ്ങളാക്കിക്കൊണ്ട് മുകുന്ദന്‍ വിജയേട്ടനെക്കുറിച്ചെഴുതിക്കൊണ്ടിരിക്കുന്ന നോവലിനുള്ള മുഖവുരയായിരിക്കാം മയ്യഴിപ്പുഞ്ചിരി എന്ന ലേഖനം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എ.കെ.ജി എന്നാണ് കമ്യൂണിസ്റ്റായത് ?

തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിമാരുടെ മധ്യത്തില്‍ ഭസ്മവും പൂശി   ഭാര്യാസമേതനായി ഇരുന്ന ഇ.എം.എസിന്റെ ചിത്രമായിരുന്നു  ആര്‍.എസ്.എസുകാരും വിശ്വഹിന്ദു പരിഷത്തുകാരും ഉപയോഗിച്ചിരു ന്നെങ്കില്‍ പിണറായി ഇത്രയും ക്ഷോഭിക്കുമായിരുന്നോ ? ഞങ്ങളുടെ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കുമറിഞ്ഞുകൂടാ' മാധ്യമപ്രവര്‍ത്തകരോടും എതിര്‍പാര്‍ട്ടി നേതാക്കളോടും പിണറായി വിജന്‍ ആവര്‍ത്തിച്ചു പറയാറുള്ള ഒരു വെല്ലുവിളിയാണിത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ വിജയന് സ്വന്തം പാര്‍ട്ടിയെപ്പറ്റി അറിയാവുന്ന 'ചുക്ക്' എന്താണെന്ന് കഴിഞ്ഞ ദിവസം എ.കെ.ജി ദിനാചരണം സംബന്ധിച്ച് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ച കാര്യം 23-ാം തീയതി ശനിയാഴ്ച പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസുകാരും വിശ്വഹിന്ദുപരിഷത്തുകാരും അവരുടെ സമ്മേളനങ്ങള്‍ പ്രമാണിച്ച് പ്രദര്‍ശിപ്പിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകളില്‍ എ.കെ.ഗോപാലന്റെ പടം പ്രദര്‍ശിപ്പിച്ചിട്ടുള്ളത് പിണറായിയെ പ്രകോപിപ്പിച്ചു.   ഗുരുവായൂര്‍ സത്യാഗ്രഹം പ്രമാണിച്ച് നിരാഹാരവ്രതം അനുഷ്ഠിച്ചിരുന്ന കെ.കേളപ്പന്റെ സമീപത്ത് വാളന്റിയര്‍ ക്യാപ്ടന്‍ എ...

താമരയില്‍ വിരിയുന്ന ഇടതുപക്ഷം:പി വി ഹരി

                                       എക്കാലവും കോണ്‍ഗ്രസിനെതിരെ ഇടതുപക്ഷം എന്നും ബി.ജെ.പി ബന്ധം ആരോപിച്ചിരുന്നു.എന്നാല്‍ ഇതിന്റെ നിജസ്ഥിതി  എന്ത് എന്ന അന്വേഷണം നടത്തുമ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ് പുറത്ത് വരുന്നത്.ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതയും നൂതന പ്രത്യയ ശാസ്ത്രവും കൂടി ചേരുമ്പോള്‍ അത് ഇന്ത്യന്‍ കമ്മ്യൂണിസം ആയി മാറുന്നു.  കമ്യൂണിസ്റ്റുകളുമായി ജനസംഘവും ബി ജെ പിയും എന്നും രഹസ്യ സഖ്യത്തിലായിരുന്നുവെന്നുള്ള എല്‍ കെ അദ്വാനിയുടെ വെളിപ്പെടുത്തല്‍ സി പി എമ്മിന്റെ ചാരിത്ര്യശുദ്ധിക്കും രാഷ്ട്രീയസദാചാരത്തിനും എതിരെയുള്ള കുറ്റപത്രമായി വിലയിരുത്തപ്പെടുന്നു.                         ദേശീയ ഹര്‍ത്താലില്‍ ഇരുപക്ഷവും കണ്ടെത്തിയ അടുപ്പവും ആലിംഗനവും പരസ്യമായി    പ്രകടമായിരിക്കെ അദ്വാനിയുടെ വെളിപ്പെടുത്തലുകള്‍ മിഥ്യയല്ല; സത്യമാണെന്ന്‌ ബോധ്യപ്പെടുത്തുകയാണ്‌. കഴിഞ്ഞ പാര്‍ലമെന്റ്‌ സമ്മേളനക്കാലത്ത്‌ ബി ജെ പി ആസ്ഥാനത്ത്‌ എത്തി സി പി എം - സി പി ഐ നേതാക്കള്‍ സുഷമാസ്വരാജിന്റെ ആതിഥേയത്വം സ്വീകരിച്ചെന്ന വിവരങ്ങള്‍ കൂടി അദ്വാനി പുറത്ത്‌ വിട്ടതോടെ ഇടത്‌ പാര്‍ട്ടികള്‍ രാഷ്ട്രീയ അവിഹിത വേഴ്ചയുടെ കളങ്കപ...

അവരും ഇവരും തമ്മിലെന്ത് ?

ഫിഡല്‍ കാസ്‌ട്രോയും ഹോചിമിനും ഡി.വൈ.എഫ്.ഐയും തമ്മില്‍ എന്തു ബന്ധമാണ്. കാസ്‌ട്രോയും ഹോചിമിനും ഡിഫിക്കാരാണോ. അതോ ഡിഫി കേന്ദ്ര - സംസ്ഥാന നേതാക്കളുടെ ചിത്രം വയ്ക്കുന്ന നാണക്കേട് ഒഴിവാക്കാനാണോ ഡിഫിക്കാര്‍ ഹോചിമിന്റെയും കാസ്‌ട്രോയുടെയും ചിത്രം പോസ്റ്ററുകളിലും നോട്ടീസുകളിലും നിറയെ അച്ചടിച്ചിറക്കുന്നത്. ഇന്ത്യന്‍ വിപ്ലവത്തിന്റെ ദത്തുപുത്രനായ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്‍ ഇ.എം.എസിനെപോലും പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണ്. മനുഷ്യര്‍ക്ക് വിവരം വയ്ക്കുമ്പോള്‍ ഇങ്ങനെയായിരിക്കും എന്ന് സമാധാനിക്കാം.   പറഞ്ഞ് കേട്ട അറിവ് വച്ച് എണ്‍പതുകളില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം പോലും അന്നത്തെ കമ്യൂണിസ്റ്റുകാര്‍ പോസ്റ്ററുകളില്‍ അച്ചടിച്ചിരുന്നില്ല. വ്യക്തിപൂജയില്ലാത്ത പാര്‍ട്ടി, പാര്‍ട്ടിയ്ക്കാണ് വോട്ട്, വ്യക്തിക്കല്ല. നന്നായി. കാല്‍നൂറ്റാണ്ടിന് ശേഷം ഈ നല്ല കമ്യൂണിസ്റ്റുകാരെ ഞാന്‍ ഒന്ന് നോക്കട്ടെ. പാര്‍ട്ടി ഓഫീസിന്റെ മുന്‍വശത്ത് പിണറായിയുടെ കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡ്, പിന്‍വശത്ത് അച്യുതാനന്ദന്റെ അത്രവലിപ്പമില്ലാത്ത ഒരു ഫഌക്‌സ് ബോര്‍ഡ്. വി.എസ്. ഫഌക്‌സ് പിന്നിലാക്കാന്‍ കാരണം അത് തിരഞ്ഞെടുപ്പിന് മ...