ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പുത്തരിക്കണ്ടം സി പി എം കൊയ്‌തെടുത്തു :ഇ.വി ശ്രീധരന്‍


                                                                       തിരുവനന്തപുരം നഗരത്തിലെ ചരിത്രപ്രസിദ്ധമായ പുത്തരിക്കണ്ടം മൈതാനിയില്‍ ഒരു പാര്‍ക്കും ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും നെല്‍വയലും കൂടി ഉണ്ടാവുകയാണ്. നെല്‍വയല്‍ ഒരു സാര്‍വലൗകിക കമ്യൂണിസ്റ്റ് തമാശയാണ്. നെല്‍വയല്‍ സൃഷ്ടിച്ചുകൊണ്ട് ചതിച്ചത് സാക്ഷാല്‍ ശ്രീപത്മനാഭനെയാണ്.കൃഷിമന്ത്രി രത്‌നാകരന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ജയന്‍ ബാബു നല്‍കിയ ഒരു ഓണസമ്മാനമാണിത്. ശ്രീപത്മനാഭനെയും പഴവങ്ങാടി ഗണപതിയെയും വിശാലനേത്രങ്ങള്‍കൊണ്ട് നോക്കിനില്‍ക്കുന്ന പുത്തരിക്കണ്ടം മൈതാനി നഗരസഭയുടെ സ്വന്തമാണ്. സി.പി.ഐ (എം) എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഇത് തങ്ങളുടെ സ്വന്തമാണെന്നും വിചാരിക്കുന്നുണ്ട്. മണ്ണെല്ലാം മണ്ണിനുവേണ്ടി പൊരുതിയവരുടേതാണല്ലോ. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കേരളം അതിന്റെ സ്വത്താണെന്നു വിശ്വസിക്കുന്നു. ചരിത്രവും സംസ്‌ക്കാരവും കലകളും സാഹത്യവുമൊക്കെ അതിന്റെ സ്വത്താണെന്നു വിശ്വസിക്കുന്നു. സൈ്വരണീചരിതത്തിലെ ആദിരൂപങ്ങളിലൊന്നായ പുത്തരിക്കണ്ടം മാധവിയും സി.പി.എമ്മിന്റെ മനസ്സില്‍ ആദ്യകാല കമ്യൂണിസ്റ്റ് സഖാക്കളില്‍ ഒരാള്‍തന്നെയായിരിക്കും.

                                      ഇത്ര വിസ്തൃതവും തുറസ്സായതുമായ മറ്റൊരിടം നഗരത്തില്‍ ഇല്ല. മണ്ണിന്റെയും കാറ്റിന്റെയും വെളിച്ചത്തിന്റെയും ദൈവികമായ ഒരിടമായിരുന്നു ഇത്. സൂര്യനും ചന്ദ്രനും നോക്കി ചിരിച്ച മണ്ണ്. തിരുവനന്തപുരം നഗരത്തിന്റെ ചരിത്രത്തില്‍ പുത്തരിക്കണ്ടം മൈതാനി പ്രതീകാത്മകമായ ഒരു സാന്നിധ്യമാണ്. ഇത് പ്രകൃതിയുടെയും പൊതുജനമനസ്സിന്റെയും സാന്നിധ്യമായിരുന്നു.
തിരുവനന്തപുരം നഗരത്തിന്റെ ആത്മാവ് ഗ്രാമങ്ങളുടേതാണ്. ഇത് നഗരമല്ല വലിയൊരു ഗ്രാമമാണെന്നും വിശ്വസിച്ച ഒരു ഇന്നലെയുണ്ടായിരുന്നു ഈ നഗരത്തിന്. ഇന്ന് തിരുവനന്തപുരത്തിന്റെ ഗ്രാമീണ ഭാവങ്ങള്‍ മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്തു.
 
                                         ഒരു മൈതാനം നശിക്കുമ്പോള്‍ ഒരു സംസ്‌ക്കാരം നശിക്കുന്നുവെന്നു പറഞ്ഞാല്‍ ഇന്നത്തെ രാഷ്ട്രീയക്കാരടക്കമുള്ള പുതുസമൂഹത്തിനു മനസ്സിലാവുന്നതല്ല.നഗരമെവിടെ മക്കളേ എന്നു ചോദിക്കാന്‍ ഇന്ന് അയ്യപ്പപ്പണിക്കരെന്ന നമ്മുടെ മഹാകവിയില്ല. അനന്തപുരി മരിച്ചുകൊണ്ടിരിക്കുകയാണെന്ന് നമ്മുടെ മഹാകവിയോട് മറ്റേ ലോകത്തേക്ക് നമുക്ക് ഉറക്കെ വിളിച്ചു പറയാം. കവി സ്വര്‍ണനൂലിലൂടെ അനന്തപുരി മരിക്കുന്നതു കാണുന്നുണ്ടാവും. തിരുവനന്തപുരം വീടുകളുടെയും കെട്ടിടങ്ങളുടെയും ഫഌറ്റ് സമുച്ചയങ്ങളുടെയും ഒരു കാടായി മാറിക്കൊണ്ടിരിക്കുന്നു. കൂടുതല്‍ കൂടുതല്‍ വീടുകളുടെ കാടുണ്ടാക്കാന്‍ തലസ്ഥാനനഗരിയില്‍ മനുഷ്യന്‍ മണ്ണിനു പരക്കം പായുന്നു. കെട്ടിട സമുച്ചയങ്ങള്‍ എന്നാണ് ഭാഷ. മണ്ണെല്ലാം കെട്ടിടങ്ങളായി മാറുന്നു.
 
                                                    മണ്ണ് അപ്രത്യക്ഷമാകുന്നു. മണ്ണ് മരിക്കുന്നു. മണ്ണിന്റെ മരണം തലസ്ഥാന നഗരത്തിന്റെ മനസ്സിനെ മരവിപ്പിക്കുന്നുണ്ട്. പ്രകൃതിയുടെയും മണ്ണിന്റെയും ജലത്തിന്റെയും ശുദ്ധവായുവിന്റെയും അഭാവമാണ് മഹാനഗരങ്ങളെ ഭ്രാന്തെടുപ്പിക്കുന്നത്. ഇന്ത്യയില്‍ ഭ്രാന്തുപിടിക്കുന്ന നഗരങ്ങളുടെ കൂട്ടത്തിലൊന്നായിക്കൊണ്ടിരിക്കുകയാണ് തിരുവനന്തപുരം. മണ്ണ് എന്ന കാഴ്ച ഈ നഗരത്തിനു സ്വപ്‌നമായിത്തീരുന്ന കാലം വരുന്നു. മണ്ണ് നഗരപരിഷ്‌കാരത്തിനും വികസനത്തിനും ദേശീയപാതകള്‍ക്കും വേണ്ടി മരിച്ചുകൊടുക്കുന്നു. മണ്ണ് മരിച്ചു കൊടുക്കുന്ന ഒരിടമാണ് ഇന്നത്തെ കേരളതലസ്ഥാനം. കേരളത്തിന്റെ ആസ്ഥാന കവി ഇനിയും ഇതിനെക്കുറിച്ച് കവിതയെഴുതിയിട്ടില്ല.

                                                              തലസ്ഥാനത്തെ നഗരസിരാകേന്ദ്രങ്ങളിലൊന്നാണ് കിഴക്കേകോട്ട. കിഴക്കേകോട്ടയിലെ പുത്തരിക്കണ്ടം മൈതാനി നഗരത്തിന്റെ മോഹനമായ ഒരിടമായിരുന്നു. കാറ്റും നിലാവും നഗരത്തിന്റെ പഴമ്പുരാണം അയവിറക്കാനെത്തുന്ന ഒരു എട്ടരയേക്കര്‍ മണ്ണ്. ഈ മണ്ണ് തിരുവനന്തപുരം കോര്‍പ്പറേഷനുവേണ്ടി ഇപ്പോള്‍ മരിച്ചുകൊടുത്തിരിക്കുകയാണ്.
അനന്തപുരിയുടെ പുത്തരിക്കണ്ടം മൈതാനം മരിച്ചുകഴിഞ്ഞു. ഈ മൈതാനത്തെയും അതിന്റെ മണ്ണിനെയും ശുദ്ധവായുവിനെയും തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൊന്നു കുഴിച്ചുമൂടി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മനുഷ്യവിരുദ്ധമായ ശക്തിപ്രകടനത്തിന്റെ ഭാഗമാക്കിക്കഴിഞ്ഞു.

                      പുത്തരിക്കണ്ടം ഇപ്പോള്‍ ഒരു ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും ഇ.കെ.നായനാര്‍ പാര്‍ക്കുമാണ്. ഓഡിറ്റോറിയവും പാര്‍ക്കും പുത്തരിക്കണ്ടത്തെ മണ്ണിനെ ആകാവുന്നേടത്തോളം അസുന്ദരമാക്കിയിട്ടുണ്ട്. കേരളത്തിലെ മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മണ്ണ് മണ്ണായിത്തന്നെ നില്‍ക്കുന്നത് അത്ര ഇഷ്ടമുള്ള ഒരു കാര്യമല്ലെന്നു തോന്നുന്നു. പുത്തരിക്കണ്ടം മൈതാനിയെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും ഇ.കെ.നായനാര്‍ പാര്‍ക്കുമാക്കി മാറ്റിക്കൊണ്ടാണ് കോര്‍പ്പറേഷന്‍ അതിന്റെ അറുപതാം വാര്‍ഷികം ആഘോഷിച്ചത്.പുതുതായുണ്ടായ ഇ.കെ.നായനാര്‍ പാര്‍ക്കിനു തൊട്ടടുത്താണ് ഗാന്ധിപാര്‍ക്ക്. ഗാന്ധിപാര്‍ക്ക് തലസ്ഥാന നഗരിയിലെ ഒരു ഗാന്ധിയന്‍ ലാളിത്യം തന്നെയാണ്.
 
എല്ലാ പ്രായത്തിലുംപ്പെട്ട, പ്രത്യേകിച്ച് വൃദ്ധജനങ്ങള്‍ക്ക്, സായാഹ്നങ്ങളില്‍ വന്നിരിക്കാനുള്ള ഒരു ഇടം. ഗാന്ധിപാര്‍ക്കില്‍ ചെറിയ പൊതുയോഗങ്ങളും കലാപരിപാടികളുമൊക്കെ നടക്കാറുണ്ട്. കാറുകളും മോട്ടോര്‍ ബൈക്കുകളുമൊക്കെ പാര്‍ക്ക് ചെയ്യുന്നു. സായാഹ്നദിനപത്രങ്ങളും കപ്പലണ്ടിയും അവശതയുള്ള ആളുകളുമൊക്കെ ചേര്‍ന്നൊരു സായാഹ്ന ജീവിതം. ഇതുകൊണ്ടൊന്നും ഗാന്ധി പാര്‍ക്കിന്റെ ലാളിത്യത്തിനും ഗാന്ധീയതയ്ക്കും ഒരു കോട്ടവും സംഭവിക്കുന്നില്ല. ഈ ഗാന്ധിപാര്‍ക്കുമായി യാതൊരു സാമ്യവുമില്ല ഇ.കെ.നായനാര്‍ പാര്‍ക്കിന്. ഗാന്ധിപാര്‍ക്ക് ഗാന്ധിസത്തിന്റെയും ഇ.കെ.നായനാര്‍ പാര്‍ക്ക് കണ്ണൂര്‍ കമ്യൂണിസത്തിന്റെയും പ്രതീകങ്ങളാവാം. എന്തായാലും ഇ.കെ.നായനാര്‍ പാര്‍ക്ക് അസുന്ദരമാണ്.
 ജയിലിലെ ഒരു ഓഡിറ്റോറിയം പോലെയുണ്ട്. ഗാന്ധിപാര്‍ക്കിനടുത്തുതന്നെ ഇ.കെ.നായനാര്‍ പാര്‍ക്കുണ്ടാക്കിയതിലും രാഷ്ട്രീയം കാണുമായിരിക്കാം. ഗാന്ധിജിയെപ്പോലൊരാള്‍ തന്നെയാണ് ഇ.കെ.നായനാരുമെന്ന് കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്തുകയായിരിക്കാം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. ഗാന്ധിജിയോളം വളരാനാണല്ലോ എല്ലാ നേതാക്കന്മാരും ആശിക്കുക. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഇ.കെ.നായനാരെ ഗാന്ധിജിയുടെ അടുത്തെത്തിച്ചു നായനാര്‍ സ്മരണയ്ക്കായൊരു പാര്‍ക്ക് പണിഞ്ഞുകൊണ്ട് പുത്തരിക്കണ്ടത്തെ ഇ.കെ.നായനാര്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി അച്യുതാനന്ദനാണ്. അദ്ദേഹം പറഞ്ഞു: ''പുത്തരിക്കണ്ടം മൈതാനത്ത് ഏറെനാള്‍ ജനത്തെ അഭിസംബോധന ചെയ്ത ഇ.കെ.നായനാര്‍ക്ക് നല്‍കിയ ഉചിതമായ അംഗീകാരമാണ് നായനാര്‍ പാര്‍ക്ക്.
 
                                       പത്തുവര്‍ഷം മുഖ്യമന്ത്രിയും അഞ്ച് വര്‍ഷം പ്രതിപക്ഷനേതാവുമായിരുന്നു നായനാര്‍. നിരവധി തവണ പുത്തരിക്കണ്ടം മൈതാനത്തുവന്നു പ്രസംഗിച്ചിരിക്കുന്നു. അദ്ദേഹത്തെ ജനഹൃദയത്തിലേറ്റിയതില്‍ ഈ മൈതാനം മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ഐതിഹ്യങ്ങള്‍ കൊണ്ട് ജനഹൃദയങ്ങളില്‍ സ്ഥാനംപിടിച്ചതാണ് പുത്തരിക്കണ്ടം. വിനോദസഞ്ചാരികള്‍ക്ക് മുഖ്യആകര്‍ഷണകേന്ദ്രമാക്കി പുത്തരിക്കണ്ടം മൈതാനത്തെ മാറ്റണം.'' നായനാരെ ജനഹൃദയത്തിലേറ്റിയതില്‍ പുത്തരിക്കണ്ടം മൈതാനം മുഖ്യപങ്കുവഹിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി. നായനാര്‍ക്ക് നല്‍കിയ ഉചിതമായ അംഗീകാരമാണ് പുത്തരിക്കണ്ടത്തെ പാര്‍ക്കെന്നും മുഖ്യമന്ത്രി. പുരോഗതിയുടെ അവസാനത്തെ തത്ത്വശാസ്ത്രമായ മാര്‍ക്‌സിസം മാത്രമാണ് സത്യമെന്നു വിശ്വസിക്കുന്ന ഒരു കമ്യൂണിസ്റ്റുകാരനാണ് വി.എസ്.അച്യുതാനന്ദന്‍.
 
                                                  വികസനം പൂര്‍ത്തിയാക്കേണ്ടതുകൊണ്ട് കേരളത്തിന്റെ ഭരണം മറ്റാര്‍ക്കും വിട്ടുകൊടുക്കുകയില്ല എന്നാണ് ഈ മുഖ്യമന്ത്രി ഇവിടെ കുറച്ചു മുമ്പുവരെ പറഞ്ഞുനടന്നത്. ഈ മുഖ്യമന്ത്രിയുടെ രാഷ്ട്രീയം ജനാധിപത്യത്തിന്റെ മാര്‍ഗത്തിലുള്ളതല്ല. കേരളത്തിന്മേല്‍ എന്തുകൊണ്ടോ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കും വലിയൊരവകാശവാദമുണ്ട്. ഇത് ഞങ്ങളുടേതാണ് എന്ന അര്‍ത്ഥത്തിലെത്തിച്ചേരുന്നു ഈ അവകാശവാദം. പരശുരാമന്‍ മുതല്‍ വൈകുണ്ഠസ്വാമിവരെ മാര്‍ക്‌സിസ്റ്റുകാര്‍ക്കവകാശപ്പെട്ടതാണെന്നവര്‍ വിശ്വസിക്കുന്നു. ഞങ്ങളുടെ സ്വന്തമായ ഈ മണ്ണില്‍, ഞങ്ങള്‍ക്കിഷ്ടമുള്ളതൊക്കെ ചെയ്യും എന്നതാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ ആധികാരിക മുദ്രാവാക്യം.
 
                                                      ഇങ്ങനെയുള്ള ചിന്തയുടെ ഭാഗമാണ് പുത്തരിക്കണ്ടത്ത് പണിത ഇ.കെ.നായനാര്‍ പാര്‍ക്കും ഇ.എം.എസ് ഭവനപദ്ധതിയും കണ്ടല്‍പാര്‍ക്കും തണ്ണീര്‍ പാര്‍ക്കും ഇനിയുണ്ടാക്കാന്‍ പോകുന്ന പാര്‍ക്കുകളും ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയങ്ങളുമൊക്കെ. തേക്കിന്‍കാട് മൈതാനിയിലും ശംഖുമുഖം കടപ്പുറത്തും മാനാഞ്ചിറയിലും പയ്യാമ്പലം ശ്മശാനത്തുമൊക്കെ സി.പി.എം നേതാക്കളുടെ പേരില്‍ പാര്‍ക്കുകളും ചെമ്പനീര്‍ പുന്തോട്ടങ്ങളും രക്തസാക്ഷിമണ്ഡപങ്ങളുമൊക്കെ വരുമായിരിക്കും. പുത്തരിക്കണ്ടത്തെ ഇ.കെ.നായനാര്‍ സ്മാരകം അധികാര രാഷ്ട്രീയത്തിന്റെ നെഗളിപ്പില്‍ നിന്നു പിറന്നുവീണതാണ്. കോര്‍പ്പറേഷന്‍ പരിഹരിക്കേണ്ട ഒരുപാട് പ്രശ്‌നങ്ങള്‍ ഈ നഗരത്തിനുണ്ട്.
 
                                                      എന്നാല്‍ കോര്‍പ്പറേഷന് രാഷ്ട്രീയം കളിക്കുക എന്ന ഒരു താല്‍പര്യം മാത്രമേയുള്ളൂ.പുത്തരിക്കണ്ടത്തെ നവീകരിക്കാന്‍ നാലുകോടിയിലേറെ മുടക്കി. നഗരത്തിലെ വന്‍കിട റാലികളും മേളകളും ഇനി ഇവിടെയാണ്. ഓപ്പണ്‍ ഓഡിറ്റോറിയം. ഇ.കെ.നായനാര്‍ പാര്‍ക്ക്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള ഇടം. നെല്‍വയലും നക്ഷത്രവനവും. ഈ നെല്‍വയല്‍ കണ്ടാല്‍ തീര്‍ച്ചയായും നമ്മള്‍ പാടിപ്പോകും നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ എന്ന ലോകൈക കമ്യൂണിസ്റ്റ് പാട്ട്. ഈ നെല്‍വയലില്‍ വിളയുന്ന നെല്ലുകൊണ്ടാണിനി ശ്രീപത്മാനഭ സ്വാമിക്ഷേത്രത്തിലെ നിറപുത്തരിയാഘോഷം.ഇ.കെ.നായനാര്‍ തിരുവനന്തപുരം കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട ഒരു നേതാവല്ല.
 
                                                         അദ്ദേഹം രാഷ്ട്രീയ ജീവിതം തുടങ്ങുന്നതിനു മുമ്പുതന്നെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഉണ്ടായിരുന്നു. 1940 ലാണ് തിരുവനന്തപുരം നഗരസഭയ്ക്ക് ആദ്യമായി മേയറുണ്ടാവുന്നത്. സി.ഒ.മാധവന്‍ എന്ന ആദ്യത്തെ മേയറെ രാജഭരണം നോമിനേറ്റു ചെയ്തതാണ്. അന്നത്തെ തിരുവനന്തപുരത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വിത്തുപോലും നട്ടിട്ടില്ലായിരുന്നു.ജനകീയകാലം വന്നതിനുശേഷവും അതിനുമുമ്പും തിരുവനന്തപുരം നഗരസഭയുടെ മേയര്‍മാരായിത്തീര്‍ന്ന മഹാസാരഥികളുടെ പേരും ജീവചരിത്രവുമൊന്നും ഇവിടെ എടുത്തുപറയുന്നില്ല. ഇവരില്‍ ഏറ്റവും പ്രഗത്ഭനായ വ്യക്തിയുടെ പേരിലായിരുന്നു പുത്തരിക്കണ്ടത്ത് ഒരു പാര്‍ക്ക് ഉണ്ടാവേണ്ടിയിരുന്നത്; ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയമുണ്ടായതുപോലെ. അപ്പോഴും ഈ ലേഖകന്‍ ഉറച്ചുനില്‍ക്കുന്നു പുത്തരിക്കണ്ടത്തെ പാര്‍ക്കുണ്ടാക്കിയും ഓഡിറ്റോറിയമുണ്ടാക്കിയും നശിപ്പിക്കരുതായിരുന്നു എന്ന അഭിപ്രായത്തില്‍.തൊഴിലാളികളെ വഞ്ചിച്ച് കണ്ണൂരിലെ തിരുവേപ്പതിമില്ല് വിലയ്ക്കു വാങ്ങി അതിനെ നായനാര്‍ സ്മാരകമാക്കിയതു പോലെത്തന്നെയാണ് തിരുവനന്തപുരം നഗരസഭയുടെ ചരിത്രത്തെ വഞ്ചിച്ച് ഇപ്പോള്‍ പുത്തരിക്കണ്ടം മൈതാനത്ത് ഇ.കെനായനാര്‍ പാര്‍ക്ക് ഉണ്ടാക്കിയിരിക്കുന്നത്. ഈ സത്യത്തോടു മറിച്ചെന്തെങ്കിലും സംസാരിക്കാന്‍ ഇപ്പോഴത്തെ മേയര്‍ ജയന്‍ ബാബുവിനാവില്ല.


അഭിപ്രായങ്ങള്‍

  1. ഓഫ്: ആളുകള്‍ക്ക് വായിക്കാനാണ് ഈ ബ്ലോഗ് എങ്കില്‍ ഇടത്തും വലത്തും കാണുന്ന പരസ്യങ്ങള്‍ മാറ്റുക.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

താമരയില്‍ വിരിയുന്ന ഇടതുപക്ഷം:പി വി ഹരി

                                       എക്കാലവും കോണ്‍ഗ്രസിനെതിരെ ഇടതുപക്ഷം എന്നും ബി.ജെ.പി ബന്ധം ആരോപിച്ചിരുന്നു.എന്നാല്‍ ഇതിന്റെ നിജസ്ഥിതി  എന്ത് എന്ന അന്വേഷണം നടത്തുമ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ് പുറത്ത് വരുന്നത്.ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതയും നൂതന പ്രത്യയ ശാസ്ത്രവും കൂടി ചേരുമ്പോള്‍ അത് ഇന്ത്യന്‍ കമ്മ്യൂണിസം ആയി മാറുന്നു.  കമ്യൂണിസ്റ്റുകളുമായി ജനസംഘവും ബി ജെ പിയും എന്നും രഹസ്യ സഖ്യത്തിലായിരുന്നുവെന്നുള്ള എല്‍ കെ അദ്വാനിയുടെ വെളിപ്പെടുത്തല്‍ സി പി എമ്മിന്റെ ചാരിത്ര്യശുദ്ധിക്കും രാഷ്ട്രീയസദാചാരത്തിനും എതിരെയുള്ള കുറ്റപത്രമായി വിലയിരുത്തപ്പെടുന്നു.                         ദേശീയ ഹര്‍ത്താലില്‍ ഇരുപക്ഷവും കണ്ടെത്തിയ അടുപ്പവും ആലിംഗനവും പരസ്യമായി    പ്രകടമായിരിക്കെ അദ്വാനിയുടെ വെളിപ്പെടുത്തലുകള്‍ മിഥ്യയല്ല; സത്യമാണെന്ന്‌ ബോധ്യപ്പെടുത്തുകയാണ്‌. കഴിഞ്ഞ പാര്‍ലമെന്റ്‌ സമ്മേളനക്കാലത്ത്‌ ബി ജെ പി ആസ്ഥാനത്ത്‌ എത്തി സി പി എം - സി പി ഐ നേതാക്കള്‍ സുഷമാസ്വരാജിന്റെ ആതിഥേയത്വം സ്വീകരിച്ചെന്ന വിവരങ്ങള്‍ കൂടി അദ്വാനി പുറത്ത്‌ വിട്ടതോടെ ഇടത്‌ പാര്‍ട്ടികള്‍ രാഷ്ട്രീയ അവിഹിത വേഴ്ചയുടെ കളങ്കപ

എ.കെ.ജി എന്നാണ് കമ്യൂണിസ്റ്റായത് ?

തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിമാരുടെ മധ്യത്തില്‍ ഭസ്മവും പൂശി   ഭാര്യാസമേതനായി ഇരുന്ന ഇ.എം.എസിന്റെ ചിത്രമായിരുന്നു  ആര്‍.എസ്.എസുകാരും വിശ്വഹിന്ദു പരിഷത്തുകാരും ഉപയോഗിച്ചിരു ന്നെങ്കില്‍ പിണറായി ഇത്രയും ക്ഷോഭിക്കുമായിരുന്നോ ? ഞങ്ങളുടെ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കുമറിഞ്ഞുകൂടാ' മാധ്യമപ്രവര്‍ത്തകരോടും എതിര്‍പാര്‍ട്ടി നേതാക്കളോടും പിണറായി വിജന്‍ ആവര്‍ത്തിച്ചു പറയാറുള്ള ഒരു വെല്ലുവിളിയാണിത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ വിജയന് സ്വന്തം പാര്‍ട്ടിയെപ്പറ്റി അറിയാവുന്ന 'ചുക്ക്' എന്താണെന്ന് കഴിഞ്ഞ ദിവസം എ.കെ.ജി ദിനാചരണം സംബന്ധിച്ച് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ച കാര്യം 23-ാം തീയതി ശനിയാഴ്ച പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസുകാരും വിശ്വഹിന്ദുപരിഷത്തുകാരും അവരുടെ സമ്മേളനങ്ങള്‍ പ്രമാണിച്ച് പ്രദര്‍ശിപ്പിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകളില്‍ എ.കെ.ഗോപാലന്റെ പടം പ്രദര്‍ശിപ്പിച്ചിട്ടുള്ളത് പിണറായിയെ പ്രകോപിപ്പിച്ചു.   ഗുരുവായൂര്‍ സത്യാഗ്രഹം പ്രമാണിച്ച് നിരാഹാരവ്രതം അനുഷ്ഠിച്ചിരുന്ന കെ.കേളപ്പന്റെ സമീപത്ത് വാളന്റിയര്‍ ക്യാപ്ടന്‍ എ

അവരും ഇവരും തമ്മിലെന്ത് ?

ഫിഡല്‍ കാസ്‌ട്രോയും ഹോചിമിനും ഡി.വൈ.എഫ്.ഐയും തമ്മില്‍ എന്തു ബന്ധമാണ്. കാസ്‌ട്രോയും ഹോചിമിനും ഡിഫിക്കാരാണോ. അതോ ഡിഫി കേന്ദ്ര - സംസ്ഥാന നേതാക്കളുടെ ചിത്രം വയ്ക്കുന്ന നാണക്കേട് ഒഴിവാക്കാനാണോ ഡിഫിക്കാര്‍ ഹോചിമിന്റെയും കാസ്‌ട്രോയുടെയും ചിത്രം പോസ്റ്ററുകളിലും നോട്ടീസുകളിലും നിറയെ അച്ചടിച്ചിറക്കുന്നത്. ഇന്ത്യന്‍ വിപ്ലവത്തിന്റെ ദത്തുപുത്രനായ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്‍ ഇ.എം.എസിനെപോലും പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണ്. മനുഷ്യര്‍ക്ക് വിവരം വയ്ക്കുമ്പോള്‍ ഇങ്ങനെയായിരിക്കും എന്ന് സമാധാനിക്കാം.   പറഞ്ഞ് കേട്ട അറിവ് വച്ച് എണ്‍പതുകളില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം പോലും അന്നത്തെ കമ്യൂണിസ്റ്റുകാര്‍ പോസ്റ്ററുകളില്‍ അച്ചടിച്ചിരുന്നില്ല. വ്യക്തിപൂജയില്ലാത്ത പാര്‍ട്ടി, പാര്‍ട്ടിയ്ക്കാണ് വോട്ട്, വ്യക്തിക്കല്ല. നന്നായി. കാല്‍നൂറ്റാണ്ടിന് ശേഷം ഈ നല്ല കമ്യൂണിസ്റ്റുകാരെ ഞാന്‍ ഒന്ന് നോക്കട്ടെ. പാര്‍ട്ടി ഓഫീസിന്റെ മുന്‍വശത്ത് പിണറായിയുടെ കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡ്, പിന്‍വശത്ത് അച്യുതാനന്ദന്റെ അത്രവലിപ്പമില്ലാത്ത ഒരു ഫഌക്‌സ് ബോര്‍ഡ്. വി.എസ്. ഫഌക്‌സ് പിന്നിലാക്കാന്‍ കാരണം അത് തിരഞ്ഞെടുപ്പിന് മ