Welcome english

KERALA STUDENTS UNION (KSU) WELCOMES YOU
Make This Your Homepage

Saturday, October 2, 2010

പര്‍ദയില്‍ തീരാത്ത കാര്യങ്ങള്‍

പര്‍ദയില്‍ തീരാത്ത കാര്യങ്ങള്‍ 

'ആരെതിര്‍ത്തു പറഞ്ഞാലും ഞാന്‍ മുസ്ലീമാണ്. ഞാന്‍ ഇസ്ലാമില്‍ വിശ്വസിക്കുന്നു. പക്ഷേ, പര്‍ദ ധരിക്കാന്‍ എനിക്കിഷ്ടമല്ല. പര്‍ദ്ദ ധരിക്കുന്നതുപോലെ ധരിക്കാതിരിക്കാനും അവകാശമുണ്ട്. ഒരു വ്യക്തിയുടെ അവകാശ പ്രഖ്യാപനമായാണ് ഞാനിതിനെ കാണുന്നത്'

പര്‍ദ്ദ ധരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ മതമൗലികവാദികളുടെ ഭീഷണിക്കു മുന്നില്‍ തളരാതെ നില്ക്കുന്ന റെയ്ഹാന ഖാസിയുടേതാണീ വാക്കുകള്‍. 

പര്‍ദയും മഫ്തയും ധരിക്കാത്തതിന്റെ പേരില്‍ അപവാദപ്രചരണം മുതല്‍ വധഭീഷണി വരെ നേരിടേണ്ടി വന്നപ്പോഴാണ് ഇഷ്ടവസ്ത്രം ധരിക്കുന്നതിനുളള അവകാശത്തിനുവേണ്ടി റെയ്്ഹാന കോടതിയെ സമീപിച്ചത്. ഇപ്പോള്‍ കോടതി നിര്‍ദ്ദേശപ്രകാരം പോലീസ് സംരക്ഷണയിലാണ് ഇവരുടെ കുടുംബം. 

കഴിഞ്ഞ ആറു വര്‍ഷമായി റെയ്ഹാനയും കുടുംബവും കാസര്‍ഗോഡ് വിദ്യാനഗറിലാണ് താമസം. മുമ്പ് ഇവര്‍ കര്‍ണടകത്തിലായിരുന്നു. മുഖാവരണമണിയുന്ന മുസ്ലീം സ്ത്രീകള്‍ സാധാരണമാണ് കര്‍ണാടകത്തില്‍....പക്ഷേ, അവര്‍ എല്ലായ്‌പ്പോഴും പര്‍ദയും മുഖാവരണവും ധരിക്കുന്നില്ല. റംസാനില്‍ അതേപോലെ ചില പ്രത്യേക അവസരങ്ങളിലെല്ലാമാണ് മുഖാവരണമണിഞ്ഞിരുന്നത്. അല്ലാത്തപ്പോള്‍ ഏതു വേഷവും ധരിക്കുമായിരുന്നു. അവിടെ സ്ത്രീകള്‍ വേഷം സ്വയം തിരഞ്ഞെടുക്കുകയായിരുന്നു. ആരുടേയും സമ്മര്‍ദ്ദത്തിലോ പ്രേരണയിലോ ആയിരുന്നില്ല.
മദ്രസിയില്‍ പഠിക്കുമ്പോള്‍ പര്‍ദ്ദ നിര്‍ബന്ധമായിരുന്നില്ല. പക്ഷേ, കാസര്‍ഗോഡു വന്നപ്പോള്‍ തന്റെ അനിയത്തിമാര്‍ക്ക് മദ്രസയില്‍ പ്രവേശനം കിട്ടണമെങ്കില്‍ പര്‍ദ നിര്‍ബന്ധമായിരുന്നെന്ന് റെയ്ഹാന പറയുന്നു. 
പല പുരുഷന്മാരും പറയുന്നത് പര്‍ദ സ്ത്രീയില്‍ അടിച്ചേല്പിക്കുകയല്ല. അവര്‍ സ്വന്തമിഷ്ടപ്രകാരം തീരുമാനിക്കുന്നതാണെന്നാണ് പറയുന്നത് . പക്ഷേ, യാഥാര്‍ത്ഥ്യം മറിച്ചാണ്്. ഈ ഇരുപത്തിരണ്ടുകാരിയുടെ തീരുമാനത്തെ കൂട്ടുകാരും ബന്ധുക്കളുമൊക്കെ മനസ്സാല്‍ സ്വാഗതം ചെയ്യുന്നു. നിനക്കിതിനായല്ലോ എന്നാണ് അവര്‍ പറയുന്നതെന്ന് പലര്‍ക്കും ധൈര്യമില്ലാത്തതാണ് പ്രശ്‌നമെന്നും റെയ്ഹാന പറയുന്നു. 

'പര്‍ദ ധരിക്കാത്തതുകൊണ്ട് മത നിന്ദ കാണിച്ചുവെന്നാണ് പലരും പറയുന്നത്. വയസ്സന്മാരു പറഞ്ഞാല്‍ അതു മനസ്സിലാക്കാമായിരുന്നു...ഇതു പക്ഷേ, ചെക്കന്മാരാ...'

ഇതു കേട്ടപ്പോഴാണ് രണ്ടു വര്‍ഷം മുമ്പ് ഡോ. ഖദീജ മുംതാസിനെ ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ അവര്‍ യുവതലമുറയെക്കുറിച്ച് പറഞ്ഞ കാര്യമോര്‍ത്തത്. 

് 'വല്ലാതെ ഭയം തോന്നുന്നു. ഗൈഡ് സംസ്‌ക്കാരവും ഒരു ശരിയുത്തരം മാത്രമുള്ള മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യപേപ്പര്‍ രീതികളും കുട്ടികളുടെ ചിന്താശക്തിയെ ആഴത്തില്‍ അപഗ്രഥിക്കാനുള്ള കഴിവിനെ മരവിപ്പിക്കുന്നതായുളള ആകുലത, കുറച്ചുകാലമായി അധ്യാപകര്‍ക്കിടയിലുള്ളതാണ്. ഇത് അവരുടെ സാമൂഹിക-സാംസ്‌ക്കാരിക മണ്ഡലങ്ങളിലേക്ക് കൂടി വ്യാപിക്കുന്നോ എന്ന ആശങ്ക തോന്നുന്നു എനിക്ക്. മതത്തെയും ഇവര്‍ ഗൈഡുപുസ്തകങ്ങളില്‍ കൂടി, ഗുളിക രൂപത്തിലാണ് മനസ്സിലാക്കുന്നത് എന്നു തോന്നുന്നു. അതുകൊണ്ടുതന്നെ അവര്‍ക്ക് ഒരു ശരിയുത്തരമേയുള്ളു. അതിനിടയിലൊരു മേഖല അഞ്ജാതമാണ്. ശരിക്കും തെറ്റിനുമിടയിലെ തെറ്റും, തെറ്റിലെ ശരികളും ഇവര്‍ ചിന്തിക്കാതെ പോകുന്നു'

ദൈവശിക്ഷയെപ്പറ്റി ഓര്‍മിപ്പിച്ചതും പുതിയ തലമുറയായിരുന്നല്ലോ? ദൈവശിക്ഷയെ ഭയമില്ലെന്നാണോ എന്ന ചോദ്യത്തോട് അവര്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
' എന്തിനു ഭയക്കണം? എന്റെ ഈശ്വരന്‍ ആത്മാവാണ് നോക്കുന്നതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മുടി തട്ടത്തിനു പുറത്തേക്കു നീങ്ങികിടപ്പുണ്ടോ സാരിയുടെ ഞൊറിമാറികിടപ്പുണ്ടോ എന്നൊക്കെ നോക്കിയിരിക്കുന്ന പോലീസുകാരനല്ല എന്റെ പടച്ചവന്‍. ആത്മാവിന്റെ നന്മയെ കാണുന്നവനാണ്. എന്റെ മനസ്സാക്ഷിയായി എന്നില്‍ തന്നെ നിറയുന്നവനാണ്....

റെയ്ഹാനയും ഏതാണ്ടിതേപോലെ പ്രതികരിക്കുന്നു. ആള്‍ക്കാര്‍ക്കു വേണ്ടിയാണോ ഞാന്‍ വസ്ത്രം ധരിക്കേണ്ടത്്? ദൈവത്തിനു മുന്നില്‍ എനിക്കു ശരിയെന്നു തോന്നുന്ന കാര്യം ചെയ്യുന്നു. 

പുരുഷന്റെ കാമക്കണ്ണുകള്‍ ശരീരത്ത് പതിയരുതെന്നു പറഞ്ഞാണ് പര്‍ദ ധരിക്കാന്‍ പറയുന്നത്. പുരുഷന്റെ മാനസിക വിഭ്രാന്തിക്ക് സ്ത്രീയെന്തു പിഴച്ചു? ചികിത്സ വേണ്ടത് കാമക്കണ്ണുകള്‍ക്കാണ്. ആ കണ്ണുകൊണ്ടെന്തിനാണ് സ്്ത്രീയെ നോക്കുന്നത്? 

മുസ്ലീം സ്ത്രീയുടെ സ്വാതന്ത്ര്യപ്രശ്‌നം പര്‍ദ എന്ന 'ഠ' വട്ടത്തില്‍ കിടന്ന് വട്ടം കറങ്ങുകയാണ്. ഇതൊരു തരം ഒഴിഞ്ഞുമാറലാണ്. പര്‍ദ ധരിച്ചു കഴിഞ്ഞാല്‍ സ്ത്രീയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായെന്നാണ് ചിലരുടെ കണ്ടെത്തല്‍. മുസ്ലീം സ്ത്രീയുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന ഒഴിഞ്ഞുമാറി , ആ പ്രശ്‌നങ്ങളെ പര്‍ദക്കിടയില്‍ ചെറുതാക്കി കാണിക്കുകയാണ്. 
മുസ്ലീം സ്ത്രീ അനുഭവിക്കുന്ന മാനസീകവും ശാരീരികവുമായ പ്രയാസങ്ങള്‍ പര്‍ദാചര്‍ച്ചക്കിടയില്‍ മറഞ്ഞുപോവുകയാണ്. ദാരിദ്ര്യം, രോഗം, പീഡനം, അരക്ഷിതാവസ്ഥ, കഷ്ടപ്പാട് ഇതൊന്നും ആര്‍ക്കുമറിയണ്ട. പര്‍ദ ഇഷ്ടമുള്ളവര്‍ ധരിക്കട്ടെ. ഉടുക്കുന്ന വസ്ത്രമല്ല സ്ത്രീയുടെ പ്രശ്‌നമെന്ന്്് ഏതുകാലത്ത് ഇവര്‍ തിരിച്ചറിയും?
തലയില്‍ തട്ടമിടാത്തതും മുടിയിഴ കാണുന്നതുമൊക്കെയാണ് സ്്ത്രീയുടെ പ്ര
ശ്‌നമെന്നൊക്കെ പറഞ്ഞ് മറ്റു സമൂഹങ്ങളില്‍ നിന്ന് വേറിട്ടു നിര്‍ത്താനുള്ള ശ്രമമാണ് എല്ലാ സംഘടനകളുടേയും ലക്ഷ്യമെന്ന് തമിഴ്‌നാട്ടില്‍ മുസ്ലീം സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും അവര്‍ക്കു വേണ്ടി പള്ളി പണിയുകയും ചെയത ഷെരീഫാഖാനം പറയുന്നു.


ഇന്ത്യയിലെ മുസ്ലീം സ്ത്രീകള്‍ രണ്ടുതരം അടിമത്തം അനുഭവിക്കുന്നു. സ്തത്രീ എന്ന നിലയിലും മുസ്ലീം സ്ത്രീ എന്ന നിലയിലും.

ഡോ. ഷംഷാദ് ഹുസൈന്റെ ന്യൂനപക്ഷത്തിനും ലിംഗനീതിക്കും ഇടയില്‍ എന്ന പുസത്കം മുസ്ലീം സമുദായത്തിന്റെ ഭാഗമെന്ന നിലയ്‌ക്കോ സ്ത്രീയെന്ന പൊതു വീഭാഗത്തിനകത്തോ ഉള്‍ച്ചേര്‍ത്ത് നിര്‍വീര്യമാക്കപ്പെട്ട മുസ്ലീം സ്ത്രീകളുടെ ചരിത്രം കണ്ടെത്താനുള്ള ശ്രമമാണ്. ഈ പുസ്തകത്തിന്റെ മുഖവുരയില്‍ അവര്‍ പറയുന്നു. 
മുസ്ലീം സ്ത്രീ എന്ന പരികല്‍പ്പന ചില സ്റ്റീരിയോടൈപ്പുകളെ ഇവിടെ നിര്‍മ്മിച്ചുവെച്ചിട്ടുണ്ട്. പര്‍ദക്കുളളിലൂടെ മാത്രം ലോകം കാണാന്‍ വിധിക്കപ്പെട്ടവള്‍. അക്ഷരാഭ്യാസമില്ലാത്തവരും വിവാഹം കഴിക്കുന്ന പുരുഷനും വഴങ്ങുന്നവരും പുരുഷന്റെ അനിയന്ത്രിതമായ വിവാഹമോചനാവകാശത്തിന്റെ ഇരകളാകുന്നവരുമാണ് സ്്്്ത്രീകള്‍..സിനിമ, സാഹിത്യം, സാമൂഹികപ്രസ്ഥാനങ്ങള്‍ എല്ലാം ഇത്തരം ഇമേജ് ഉണ്ടാക്കിയെടുക്കന്നതില്‍ പങ്കു വഹിച്ചതായി കാണാം. 

മുസ്ലീം സ്ത്രീ ഇതൊന്നുമല്ല എന്ന് ഈ പുസ്തകം അടയാളപ്പെടുത്തുന്നു. 
എന്നാല്‍ അടുത്തിടെ വായിച്ച ഇസ്ലാമിലെ സ്ത്രീയും മുന്‍വിധികളും എന്ന ബി എസ് ഷെറിന്റെ ലേഖനത്തില്‍ വസ്ത്രസ്വാതന്ത്ര്യം , തിരഞ്ഞെടുപ്പ് തുടങ്ങിയ ആശയങ്ങള്‍ ഒരു ആഗോളവത്കൃത സമൂഹത്തിന്റെ ആശങ്കകളായി പുറത്തു വരുന്നു എന്നും, പര്‍ദ ഫെമിനിസ്റ്റ് അവബോധത്തെ നിര്‍ണ്ണയിക്കാനുള്ള മാനദണ്ഡമല്ലെന്നതുമായിരുന്നു തന്റെ വാദം എന്നു പറയുന്നു. വിഭിന്ന സാംസ്‌ക്കാരിക, സാമൂഹിക പശ്ചാത്തലത്തില്‍ അതിന് പല മാനദണ്ഡങ്ങളുണ്ടെന്നും അവര്‍ ഒരു സെമിനാറില്‍ വ്യക്തമാക്കിയതായി പറയുന്നു. എന്നാല്‍ അവിടെയുണ്ടായിരുന്ന അറിയപ്പെടുന്ന ഒരു അക്കാദമീഷ്യന്‍ ചോദിച്ചുപോലും 
'കേരളത്തില്‍ ഇപ്പോള്‍ പൊതുവേ പര്‍ദയുടെ ഉപയോഗം കൂടി വരുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ?' 'ന്യൂനപക്ഷവിഭാഗങ്ങളുടെ പ്രതിരോധം' എന്നോ മറ്റോ മറുപടി പറയാന്‍ തുടങ്ങുമ്പോള്‍ അദ്ദേഹം തന്നെ മറുപടി പറഞ്ഞുപോലും. ഗള്‍ഫില്‍ പോകുന്ന ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ അരക്ഷിതാവസ്ഥ മറികടക്കാനായി ഭാര്യമാരെ പര്‍ദയില്‍ പൊതിഞ്ഞു വെക്കുന്നതാണെന്ന്. 

ബി എസ് ഷെറിന്‍ പറയാന്‍ ഉദ്ദേശിച്ച 'ന്യൂനപക്ഷവിഭാഗങ്ങളുടെ പ്രതിരോധം 'എന്ന വാക്കിനെ നോക്കൂ...എന്തുകൊണ്ട് പര്‍ദ ന്യൂനപക്ഷവിഭാഗങ്ങളുടെ പ്രതിരോധത്തിന്റെ ഉപാധിയാവുന്നു? ന്യൂനപക്ഷം എന്നുദ്ദേശിച്ചത് മുസ്ലീം വിഭാഗം എന്നാണെങ്കില്‍ ന്യൂനപക്ഷ വിഭാഗത്തിന്റെ മേധാവികളായ പുരുഷന്റെ പ്രതിരോധ ചിഹ്നമെന്താണ്? 
പുരുഷന് ഏതു വേഷം ധരിക്കുന്നതിനും പ്രശ്‌നമില്ല. ഏതു സാങ്കേതികവിദ്യയുമുപയോഗിക്കാം...പക്ഷേ, സ്ത്രീക്ക് പാടില്ല. സ്ത്രീയുടെ പ്രശ്‌നം വരുമ്പോള്‍ പ്രതിരോധത്തിന്റെ അളവുകോല്‍ പര്‍ദയാണെന്നു കാണിക്കലല്ല വേണ്ടത്. ഷെറിനെപ്പോലെ ഒരു യൂണിവേഴ്‌സിറ്റി പ്രൊഫസറില്‍ നിന്ന് ഇത്തരം വാക്ക് പ്രതീക്ഷിക്കുന്നില്ല. പകരം മുസ്ലീം സ്ത്രീയുടെ സ്വത്വം എന്താണെന്ന് കാണിക്കേണ്ടത് വിദ്യാഭ്യാസം നേടി ചിന്തകൊണ്ടും പ്രവര്‍ത്തികൊണ്ടും പുരുഷമേല്‌ക്കോയ്്മയെ തകര്‍ക്കുകയാണ്, സമത്വത്തിനുവേണ്ടിയുള്ള ശ്രമങ്ങളിലൂടെയാണ്.... പര്‍ദ എന്ന 'ഠ' വട്ടത്തില്‍ കിടന്ന് വട്ടം കറങ്ങാതിരിക്കുകയാണ്. പുറത്തേക്കിറങ്ങാന്‍ പര്‍ദ വേണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തില്‍പ്പെടാതെ ധൈര്യമായി മുന്നോട്ടിറങ്ങുകയാണ് വേണ്ടത്്്. പര്‍ദയിലല്ല മുസ്ലീം സ്ത്രീയുടെ സ്വത്വം നിര്‍ണ്ണയിക്കപ്പെടുന്നത് എന്ന് തിരിച്ചറികയാണ് വേണ്ടത്. 

ഉചിതമായ വസ്ത്രധാരണത്തെക്കുറിച്ച് കുറച്ചുനാള്‍ മുമ്പ് റേഡിയോയില്‍ ചര്‍ച്ചകേട്ടു. ശരിരവും മുടിയും മറക്കുന്ന പര്‍ദ്ദപോലുള്ള വേഷമാണ് സ്ത്രീകള്‍ക്ക് നല്ലതെന്ന് ഒരുവന്‍ പറഞ്ഞു. മുടിക്കു വലിയ പ്രാധാന്യമുണ്ടുപോലും. കവികള്‍ കാര്‍ക്കൂന്തല്‍ കണ്ടല്ലേ വര്‍ണ്ണിച്ചെഴുതുന്നത്. അവനോട് മറുത്തൊന്നും പറയാന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റു മൂന്നുപേര്‍ക്കും കഴിഞ്ഞില്ലെന്നതാണ് ദുഖം.

എന്നാല്‍ കേട്ടിരുന്ന എനിക്കു പറയാനുള്ളത് ഇതായിരുന്നു.' നാളെ മുതല്‍ ഞങ്ങള്‍ പെണ്ണുങ്ങള്‍ പുരുഷന്റേതുപോലെ മുടി ക്രോപ്പു ചെയ്യാം.'

ഏതായാലും മുസ്ലീം സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന നിസയുടെ പ്രവര്‍ത്തകരടക്കം സ്ത്രീ സംഘടനകള്‍ റെയ്ഹാനക്കും കുടുംബത്തിനും പിന്തുണ നല്കിക്കഴിഞ്ഞു.

സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുത്തുകൊണ്ടിരിക്കുന്ന റെയ്ഹാനയ്ക്ക് സമൂഹത്തിന് വേണ്ടി പലതും ചെയ്യാനാവും. ധൈര്യമായി മുന്നോട്ടുപോവുക

മത തീവ്രവാദികളില്‍ നിന്ന് നിരന്തരം വധഭീഷണി കിട്ടിക്കൊണ്ടിരിക്കുന്ന ഷെരീഫാ ഖാനം പറഞ്ഞതോര്‍ക്കുന്നു..... 'മരിക്കാനെനിക്ക് പേടിയില്ല. കൊല്ലും കൊല്ലും എന്നു പറഞ്ഞ് പേടിപ്പിക്കേണ്ട. ഇവിടുത്തെ കാലാവധി കഴിഞ്ഞാല്‍ അള്ളാ എന്നെ തിരിച്ചെടുക്കും. ഏതു വിധത്തിലായാലും. പിന്നെന്തിനു ഞാന്‍ പേടിക്കണം?'


1 comment:

  1. so do KSU support her or not, then why dont go for a protest aganist NDF or what ever organisation behind this, i am more old to be KSU , but with disapoointment let me say sfi and KSU is just tail of congress and cpim , you dont have a personality of your own,

    ReplyDelete