ഒഞ്ചിയം ഇന്ന് കേരളത്തിലെ ഒരു സാധാരണ ഗ്രാമപ്പഞ്ചായത്തല്ല. ഈ പഴയ പാര്‍ട്ടിഗ്രാമം കുറെക്കാലമായി ജനാധിപത്യ രാഷ്ട്രീയത്തിന്റെ കാറ്റും വെളിച്ചവും കൊതിക്കുകയാണ്; ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്കു വരാന്‍ വെമ്പുകയാണ്. മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ നടപ്പാക്കുന്ന മനുഷ്യവിരുദ്ധമായ രാഷ്ട്രീയ സംസ്‌കാരത്തെ ആ പാര്‍ട്ടിയില്‍ ഉണ്ടുറങ്ങുകയും ആ പാര്‍ട്ടിക്കുവേണ്ടി ഫാസിസ്റ്റ് രീതിയില്‍ ജീവിക്കുകയും ചെയ്ത ഒരു വിഭാഗം കമ്യൂണിസ്റ്റുകാര്‍ പാര്‍ട്ടിയില്‍ നിന്നു പുറത്തുപോയി റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെന്ന പുതിയൊരു രാഷ്ട്രീയകക്ഷിയുണ്ടാക്കി തങ്ങളുടെ മുന്‍പാര്‍ട്ടി പ്രയോഗിച്ച കമ്യൂണിസ്റ്റ് മൂല്യങ്ങളെ ചോദ്യം ചെയ്യുകയാണ്.
1952ലാണ് ബ്രിട്ടീഷ് മലബാറിലെ ഒഞ്ചിയം പഞ്ചായത്തുണ്ടാവുന്നത്. 1948-ലെ വെടിവെപ്പിനുശേഷം ഇതൊരു പാര്‍ട്ടി ഗ്രാമമായിരുന്നു. 1952 മുതല്‍ 2010 വരെയും കമ്യൂണിസ്റ്റുകാര്‍ മാത്രമാണ് ഈ പഞ്ചായത്ത് ഭരിച്ചത്. മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളെ പ്രവര്‍ത്തിക്കാനോ വളരാനോ കമ്യൂണിസ്റ്റുകാര്‍ സമ്മതിച്ചില്ല. 1964ല്‍ പാര്‍ട്ടി പിളര്‍ന്നു രണ്ടായപ്പോള്‍ ഒഞ്ചിയം മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലായി. സി.പി.എമ്മിന്റെ നേതാക്കളെ പൊതുവായി ബാധിച്ച പാര്‍ലമെന്ററി വ്യാമോഹങ്ങളും സമ്പത്തുണ്ടാക്കലും അഴിമതിയുമൊക്കെ ഒഞ്ചിയത്തെ പ്രാദേശിക നേതാക്കളെയും പിടികൂടി. പ്രാദേശിക നേതാക്കള്‍ അനുകരിച്ചത് പാര്‍ട്ടിയുടെ ജില്ലാ-സംസ്ഥാന നേതാക്കളെത്തന്നെയാണ്.
മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്നു പുറത്തുപോയി റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുണ്ടാക്കിയവര്‍ മുന്നോട്ടുവച്ച പ്രശ്‌നങ്ങള്‍ സി.പി.എമ്മിന്റെ ജില്ലാ നേതൃത്വമോ സംസ്ഥാന നേതൃത്വമോ ഗൗരവത്തിലെടുത്തില്ല. മേല്‍ക്കിട നേതൃത്വത്തെ താഴെക്കിട നേതൃത്വം ചതിച്ചു. അങ്ങനെ കഴിഞ്ഞത് മേല്‍ക്കിട നേതൃത്വം ദുര്‍ബലമായതുകൊണ്ടാണ്. ഒഞ്ചിയം എന്ന ഗ്രാമത്തില്‍ ഒരു പുതിയ കമ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടായി എന്നത് കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രശ്‌നമാണ്.
പിണറായി വിജയന്‍ ഒഞ്ചിയത്ത് വന്ന് റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാരെ 'കുലംകുത്തികളേ' എന്നു വിളിച്ച് അട്ടഹസിച്ചു. ഇവരെ വിമര്‍ശിക്കാന്‍ ഒഞ്ചിയത്തിന്റെ മണ്ണില്‍ വച്ച് പിണറായി വിജയന്‍ ഉപയോഗിച്ച ഭാഷ വെട്ടേറ്റ പോത്തിന്റേതും 1948 ഏപ്രില്‍ 30ന് ഒഞ്ചിയത്തെ എട്ട് കമ്യൂണിസ്റ്റുകാരെ വെടിവെക്കാനുപയോഗിച്ച ബിരിയാണി ഇന്‍സ്‌പെക്ടറുടെ തോക്കിന്റേതുമായിരുന്നു. ഒഞ്ചിയത്തെ ജനങ്ങള്‍ പിണറായി വിജയനെ വെറുത്തു. പിണറായി വിജയന്റെ രൂപത്തില്‍ അവര്‍ സ്റ്റാലിനെ നേരില്‍ കണ്ടു. ഒഞ്ചിയത്തെ കമ്യൂണിസ്റ്റ് എതിരാളികളെ നേരിടാന്‍ തന്നെ സി.പി.എം തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റി എതിരാളികളെ നേരിടാന്‍ രഹസ്യമായി ഏല്പിച്ചത് കണ്ണൂര്‍ പാര്‍ട്ടിയെയാണ്.
ഒഞ്ചിയത്ത് ജനിച്ചു വീണ റവലൂഷണറി മാര്‍ക്‌സിസ്റ്റുകാര്‍ ഏതുതരം കമ്യൂണിസ്റ്റുകാരുമാവട്ടെ. ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി അവരെ കൊന്നൊടുക്കാന്‍ തീരുമാനിക്കുന്നുവെന്നത് കമ്യൂണിസത്തിന്റെ ഏത് പുസ്തകത്തിലാണെഴുതിച്ചേര്‍ക്കുക?. ഒഞ്ചിയത്തെ റവലൂഷണറി മാര്‍ക്‌സിസ്റ്റുകാര്‍ സി.പി.എം കാരില്‍നിന്ന് കടുത്ത മര്‍ദ്ദനങ്ങള്‍ ഏറ്റു വാങ്ങുന്നു. മര്‍ദ്ദിതര്‍ സഹനത്തിന്റെ പാത സ്വീകരിച്ചത് ഒഞ്ചിയത്തുകാരായ സി.പി.എംകാരെയും പൊതുസമൂഹത്തെയും ആകര്‍ഷിച്ചു.
വെട്ടേറ്റ് ഒരു വര്‍ഷം തികഞ്ഞപ്പോള്‍ പുതിയടത്ത് ജയരാജന്‍ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റായി. നവംബര്‍ എട്ടിനായിരുന്നു ജയരാജന്റെ സത്യപ്രതിജ്ഞ. 17 അംഗ ഒഞ്ചിയം പഞ്ചായത്തില്‍ എട്ട് സീറ്റുകളാണ് റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേടിയത്. ഏറ്റവും വലിയ ഒറ്റക്കഷി. നാല് സീറ്റ് നേടിയ യു.ഡി.എഫാണ് പിന്താങ്ങുന്നത്. പ്രസിഡന്റും വൈസ് പ്രസിഡന്റും റവലൂഷണറിക്കാര്‍ തന്നെയാണ്. പി. ജയരാജന്‍ പ്രസിഡന്റും പി.വി. കവിത വൈസ് പ്രസിഡന്റും. യു.ഡി.എഫിലെ നാലുപേര്‍ ഇവര്‍ക്ക് കരുത്തും താങ്ങുമായി നില്ക്കുന്നുണ്ട്. കോണ്‍ഗ്രസും മുസ്ലിംലീഗും സോഷ്യലിസ്റ്റ് ജനതയും കുലംകുത്തികളെ ഭരിക്കാന്‍ സഹായിക്കുകയാണ് ജനാധിപത്യരീതിയില്‍. ഇവരാണ് ഒഞ്ചിയം പഞ്ചായത്ത് ഭരിക്കാന്‍ തയ്യാറെടുത്തു നില്ക്കുന്ന എട്ട് കുലംകുത്തികള്‍. പി. ജയരാജന്‍, പി.വി. കവിത,, ഒ.കെ. ചന്ദ്ര, എം.എം. കുമാരന്‍ മാസ്റ്റര്‍, കെ. ബേബി ഗിരിജ, അഷ്‌റഫ്, പിലാക്കണ്ടി കുമാരന്‍, സി.പി. രഞ്ജിത്. കുലംകുത്തികളുടെ നേതാവായ ടി.പി. ചന്ദ്രശേഖരന്‍ പുറത്തുണ്ട്. അദ്ദേഹം ഇന്ന് ഒഞ്ചിയത്തിന്റെ ഹീറോയാണ്.
http://veekshanamnews.blogspot.com
മറുപടിഇല്ലാതാക്കൂ