Welcome english

KERALA STUDENTS UNION (KSU) WELCOMES YOU
Make This Your Homepage

Saturday, January 22, 2011

വാക്കുകളെ വാള്‍മുനയാക്കിയും പ്രയോഗങ്ങളെ ചുരിക തലപ്പുകളാക്കിയും

നാടും നഗരവുമിളക്കി മുന്നേറുന്ന കേരള വിമോചനയാത്രയില്‍ വാക്കുകള്‍ വാള്‍മുനകളാക്കിയുള്ള നേതാക്കളുടെ പ്രസംഗങ്ങള്‍ക്ക് ഏറെ പ്രിയം. ഉമ്മന്‍ചാണ്ടിക്കൊപ്പം ഉപ്പളയില്‍നിന്നും ഒരു യജ്ഞം കണക്കെ അണിചേര്‍ന്ന നേതാക്കളുടെ വാഗ്‌ധോരണി ചുരികമുനകളായി പതിക്കുമ്പോള്‍ ഇടത് ഭരണത്തിന്റെ ഭീകരമുഖമാണത് അനാവരണം ചെയ്യുന്നത്. കൊടുങ്കാറ്റായി ചീറിയടിക്കുന്നവര്‍, ഇടിവെട്ടായി പ്രകമ്പനം കൊള്ളിക്കുന്നവര്‍, പരിഹാസ ശരങ്ങള്‍ തൊടുത്തുവിടുന്നവര്‍, സൗമ്യതയോടെ മര്‍മ്മത്തില്‍ വിരലൂന്നുന്നവര്‍... ഇങ്ങനെ ബഹുമുഖശൈലികള്‍ ഏവര്‍ക്കും പ്രിയങ്കരം. യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ വരച്ചു കാണിക്കുന്നത് കേരള മാര്‍ച്ചിന്റെ ലക്ഷ്യങ്ങളും മാര്‍ഗങ്ങളുമാണ്. തകര്‍ന്ന കേരള ചിത്രത്തിന്റെ വാഗ്മയ രൂപമാണത്. കണ്‍വീനറുടെ വാക്കുകള്‍ സൗമ്യവും ശാന്തവുമാണെങ്കിലും കെടാത്ത തീക്കൊള്ളിയായി അത് ഇടത് ഭരണത്തെ പൊള്ളലേല്‍പ്പിക്കുന്നവയായിരുന്നു.
                    വരാനിരിക്കുന്ന യു ഡി എഫിന്റെ അധികാരലബ്ധിയുടെ നാളില്‍ അതിന്റെ അമരക്കാരനായിരിക്കാനുള്ള നിയോഗവും സൗഭാഗ്യവും സിദ്ധിച്ച യു ഡി എഫ് കണ്‍വീനറുടെ വാക്കുകളില്‍ പ്രത്യാശയുടെ കിരണങ്ങള്‍ തെളിയിക്കുകയായിരുന്നു.രാഷ്ട്രീയാനുഭവങ്ങളുടെ ബൃഹദ്പാഠമായ എം പി വീരേന്ദ്രകുമാര്‍ സി പി എമ്മിനെതിരെ അഴിച്ചുവിടുന്ന വിമര്‍ശനങ്ങള്‍ക്ക് ചൂടും മൂര്‍ച്ചയും നല്‍കിയത് രാഷ്ട്രീയ കൊടുംചതിയെ സംബന്ധിച്ച സ്മൃതികളായിരുന്നു. നാലുപതിറ്റാണ്ടിലേറെക്കാലം സമരമുഖങ്ങളിലും ജയിലറകളിലും സഹനങ്ങള്‍ പങ്കിട്ട തന്നെയും തന്റെ പാര്‍ട്ടിയെയും ചതിച്ചവരോട് പകരം ചോദിക്കാതടങ്ങില്ലെന്ന വീറുംവാശിയുമായിരുന്നു വീരന്റെ പ്രസംഗത്തിന്റെ നേരും പൊരുളും.
 
                                         സോഷ്യില്സ്റ്റ് പ്രസ്ഥാനം നയിച്ച കാട്ടാമ്പള്ളി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരഭൂമിയില്‍ എ കെ ജി എത്തിയതും തൃശൂര്‍ തെരുവില്‍ സമുന്നത സി പി എം നേതാവ് അഴീക്കോടന്‍ രാഘവന്‍ കുത്തേറ്റ് മരിച്ചു കിടന്നത് ആദ്യമായി താന്‍ തിരിച്ചറിഞ്ഞതും വീരന്‍ വിവരിക്കുമ്പോള്‍ ചരിത്രം മറന്നുപോയ സി പി എമ്മിന്റെ നടപ്പുകാല നേതൃത്വത്തിന് അത് പ്രഹരമേല്‍പ്പിക്കുകയായിരുന്നു. സി പി എമ്മിലെ മുന്‍തലമുറയുടെ സഹനവഴികളും പുതുതലമുറയുടെ ധനാര്‍ത്തിയും അടുത്ത് നിന്ന് കണ്ട വീരന്റെ വാക്കുകള്‍ക്ക് വിശ്വാസ്യതയുടെ തിളക്കം ഏറെയുണ്ടായിരുന്നു. സി പി എം മൃഗീയതയെ കടിച്ചുകീറുന്ന വീരന് മണ്ണടിഞ്ഞ സൗഹൃദം ഇപ്പോള്‍ ഉര്‍വശി ശാപമായാണ് അനുഭവപ്പെടുന്നത്.
 
                                                    ഡോ. എം കെ മുനീറിന്റെ വാക്കുകള്‍ എടുക്കുമ്പോള്‍ ഒന്നും തൊടുക്കുമ്പോള്‍ പത്തും കൊള്ളുമ്പോള്‍ നൂറും എന്ന തരത്തിലുള്ള നിശിതശരങ്ങളാണ്. കാലന്‍ പതിയിരിക്കുന്ന പാതകളായി കേരളത്തിലെ റോഡുകളെ മാറ്റിയ ഇടതു ദുര്‍ഭരണത്തിനെതിരെ ആഞ്ഞടിക്കുമ്പോള്‍ മുന്റോഡ് മന്ത്രിയായിരുന്ന മുനീറിന് ആയിരം നാവുകളാണ്. നാലര വര്‍ഷത്തിനുള്ളില്‍ ആറുതവണ പൊതുമരാമത്ത് മന്ത്രിയെ മാറ്റിയ ഇടത് ഭരണത്തെ വിമര്‍ശിക്കുമ്പോള്‍ അഞ്ചുകൊല്ലക്കാലം ആ പദവിയിലിരുന്ന മുനീര്‍ തമാശയായും അതിലേറെ അഭിമാനത്തോടെയും ചോദിക്കുകയാണ് 'ഞാനാരാണ് മോന്‍'. വര്‍ഗീയ-ഭീകര രാഷ്ട്രീയത്തെ കൂട്ടുപിടിച്ചും കൂട്ടംതെറ്റിയ കുഞ്ഞാടുകളെ മുന്‍നിര്‍ത്തിയും ലീഗിനെയും അതുവഴി യു ഡി എഫിനെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന സി പി എം സ്വയം തകരുന്ന കാഴ്ചയാണ് മുനീര്‍ വരച്ചുകാട്ടിയത്.
 
                                      അഴിമതിയുടെ മഹാരോഗം പിടിപെട്ട സി പി എം ഒരു ജലദോഷം പോലുമില്ലാത്ത തന്നെ തേജോവധം ചെയ്യുമ്പോള്‍ സി പി എമ്മിനെ നോക്കി ഈ ഡോക്ടര്‍ പറയുന്നത് 'വൈദ്യരേ സ്വയം ചികിത്സക്കൂ' എന്നാണ്. എം എ ബേബിക്കെതിരെയുള്ള രൂക്ഷവിമര്‍ശനവും വികലമായ വിദ്യാഭ്യാസ നയവും ആണ് മുന്‍വിദ്യാഭ്യാസ മന്ത്രി ടി എം ജേക്കബിന്റെ പ്രസംഗത്തിലെ ഐഛിക വിഷയം. താന്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് വകുപ്പിന്റെ ഒരു ഓഫീസില്‍ കംപ്യൂട്ടര്‍ വാങ്ങിയപ്പോള്‍ സെക്രട്ടേറിയറ്റ് വളപ്പില്‍ കംപ്യൂട്ടര്‍ തടഞ്ഞ സി പി എം പ്രവര്‍ത്തകരെ അടിച്ചോടിച്ചായിരുന്നു അത് സ്ഥാപിച്ചത്. എന്നാലിന്ന് ചാനലിലും പത്രത്തിലും മാത്രമല്ല പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി ഓഫീസുകള്‍പോലും സമ്പൂര്‍ണ കംപ്യൂട്ടര്‍വത്കൃതമാണ്.
 
                                   പ്രീ-ഡിഗ്രി ബോര്‍ഡ് ഏര്‍പ്പെടുത്തിയപ്പോഴും സ്വാശ്രയ വിദ്യാഭ്യാസനയം ആവിഷ്‌ക്കരിച്ചപ്പോഴും സംഹാര സമരവും രക്തസാക്ഷികളെയും സൃഷ്ടിച്ചവര്‍ ഇന്ന് ഈ രണ്ട് നയങ്ങളുടെ നടത്തിപ്പുകാരായി മാറിയത് ടി എം ജേക്കബ് ചൂണ്ടിക്കാട്ടുമ്പോള്‍ സി പി എമ്മിന്റെ നിര്‍ലജ്ജമായ അവസരവാദം അനാവരണം ചെയ്യപ്പെടുകയായിരുന്നു. നിര്‍ദ്ദയമായ വിമര്‍ശനത്തിന്റെ ആചാര്യന്‍ പി സി ജോര്‍ജ്ജ് മുള്ളും മുനയുമുള്ള വാക്കുകളാല്‍ സി പി എമ്മിനെ അടിച്ചൊതുക്കുകയാണ്. അച്യുതാനന്ദനെ മുഖ്യമന്ത്രി പദത്തിലെത്തിച്ച അനേകം സാമൂഹിക ഇടപെടലുകളുടെ മുമ്പിലും പിമ്പിലും നടന്ന ജോര്‍ജ്ജിന് അക്കാലത്തെ അരമന രഹസ്യങ്ങളെല്ലാം അറിയാം. അച്യുതാനന്റെ കൂടെ മതികെട്ടാനിലും മൂന്നാറിലും കോവളം കൊട്ടാരത്തിലും കയ്യേറ്റം കണ്ടുപിടിക്കാനും മറയൂരിലെ ചന്ദനക്കൊള്ള മനസ്സിലാക്കാനും കോട്ടയം മെഡിക്കല്‍ കൊളജില്‍ ശാരി എന്ന പെണ്‍കുട്ടിയെ കാണാനും പോയ ആളാണ് ജോര്‍ജ്ജ്.
 
അന്നത്തെ പ്രതിപക്ഷ നേതാവ് ഇന്നത്തെ മുഖ്യമന്ത്രിയായപ്പോള്‍ പറഞ്ഞതൊക്കെ മറന്നു. പെണ്‍പീഢനക്കാരെ കയ്യാമം വെച്ച് നടത്തിക്കാന്‍ 24 മണിക്കൂര്‍ ചോദിച്ച അച്യുതാനന്ദന് നാലേമുക്കാല്‍ കൊല്ലം പിന്നിട്ടിട്ടും ശാരിയെ സന്ദര്‍ശിച്ച വി ഐ പി ആരെന്ന് പറയാനാവുന്നില്ല. ശാരിയില്‍നിന്നും പി ശശിയിലെത്തുന്ന പി സി ജോര്‍ജ്ജ് സി പി എം നേതാവിന്റെ ഞരമ്പുരോഗത്തെ നിര്‍ദയം കളിയാക്കുമ്പോള്‍ വേദിയും സദസും ഊറിചിരിക്കുകയാണ്.സര്‍വലോക കമ്മ്യൂണിസം മുതല്‍ ചാല കമ്പോളത്തിലെ വിലനിലവാരംവരെ വിഷയമാക്കിയുള്ള സി പി ജോണിന്റെ പ്രസംഗത്തിന് പ്രൗഢം; ഗംഭീരം; വൈവിധ്യം എന്നീ വിശേഷണങ്ങളായിരിക്കും ഉചിതം. മഴമേഘങ്ങളുടെ മുഴക്കമുള്ള ശബ്ദം. വായനയുടെ വരദാനമായി വിജ്ഞാനം, രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെയുള്ള പിശുക്കില്ലാത്ത വിമര്‍ശനം. സി പി ജോണിന്റെ പ്രസംഗത്തിന്റെ ചേരുവകള്‍ നിരവധിയാണ്.
 
              സി പി എമ്മിന്റെ അപചയവും സി പി എം നേതാക്കളുടെ അപഥസഞ്ചാരവും പരാമര്‍ശിക്കുമ്പോള്‍ ജോണിന്റെ കമ്മ്യൂണിസ്റ്റ് ധാര്‍മികത സട കുടഞ്ഞെഴുന്നേല്‍ക്കുകയാണ്. കേരള മോചന മാര്‍ച്ചിന്റെ വേദി വിളംബരം ചെയ്യുന്നു, സി പി ജോണ്‍ ഇവിടെയുണ്ടെന്ന്.ഉപമയും നര്‍മ്മവുമാണ് എം എം ഹസ്സന്റെ പ്രസംഗത്തിന്റെ നമ്പറുകള്‍. കേരള മോചനയാത്രയെ യാചന യാത്രയെന്ന് ദേശാഭിമാനി കളിയാക്കിയപ്പോള്‍ ഹസ്സന്‍ അതിനെ ശരിവെയ്ക്കുകയാണ്. 'അതെ ഞങ്ങളുടേത് യാചനയാത്രതന്നെയാണ് സി പി എം ദുര്‍ഭരണത്തില്‍നിന്ന് കേരള ജനതയെ രക്ഷിക്കണം എന്ന യാചന' ഉമ്മന്‍ചാണ്ടി കേരളത്തിലെ കുചേലന്‍മാരുടെ നേതാവാണ്.
 
                            കുചേലന്‍ കൃഷ്ണനെ കാണാന്‍ പോയതുപോലെ ഉമ്മന്‍ചാണ്ടി ഗവര്‍ണറെ കാണാന്‍ പോവുകയാണ്. കുചേലന്‍ കക്ഷത്തിലൊളിപ്പിച്ചത് അവില്‍ പൊതിയാണെങ്കില്‍ ഉമ്മന്‍ചാണ്ടി കൊണ്ടുപോകുന്നത് രാജ്ഭവനിലേക്ക് പോകുന്ന കുറ്റപത്രങ്ങളുടെ ഭീമന്‍ ഭാണ്ഡമാണ്. മൂന്നുജില്ലകള്‍ പിന്നിട്ട കേരള മോചന യാത്രയ്ക്ക് ഉശിരും ഉണര്‍വും നല്‍കുന്ന അനവധി പ്രസംഗം വേറെയുമുണ്ട്. യു ഡി എഫിന്റെ രണ്ടാം നിരയിലുള്ള പ്രമുഖ വാഗ്മികളെല്ലാം കേരള മോചന യാത്രയെ അനധാവനം ചെയ്യുന്നു.

No comments:

Post a Comment