Welcome english

KERALA STUDENTS UNION (KSU) WELCOMES YOU
Make This Your Homepage

Saturday, February 5, 2011

ഒരു ബാലികയുടെ നൊമ്പരം

''ബഹുമാനപ്പെട്ട കേരള പ്രതിപക്ഷ നേതാവിന്, അങ്ങ് എന്നെ ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല, അച്ഛന്‍ ആരെന്നറിയാത്ത, പീഡനത്തിനിരയാകുകയും വൈദ്യസഹായത്താല്‍ ക്രൂരമായി കൊലചെയ്യപ്പെടുകയും ചെയ്ത കിളിരൂരിലെ ശാരി എസ്. നായരുടെ മകള്‍ സ്‌നേഹയാണ് ഞാന്‍.

എനിക്കിപ്പോള്‍ ആറുവയസാണ്. ഒന്നാംക്ലാസില്‍ പഠിക്കുന്നു. ഞാന്‍ ഇപ്പോള്‍ എന്റെ അമ്മയുടെ അച്ഛന്‍ സുരേന്ദ്രകുമാറിന്റെയും അമ്മ ശ്രീദേവിയുടെയും കൂടെയാണ് താമസം. കുടുംബം പുലര്‍ത്താന്‍ അപ്പൂപ്പന്‍ വളരെ അധികം കഷ്ടപ്പെടുകയാണ്. കേരള ലോട്ടറി വിറ്റുകിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ടാണ് എന്നെ പഠിപ്പിക്കുന്നതും കുടുംബത്തിന്റെ നിത്യവൃത്തി നടത്തുന്നതും. എന്നാല്‍ പ്രായാധിക്യംമൂലം അപ്പൂപ്പന്റെ ആരോഗ്യസ്ഥിതി വളരെ മോശമായ അവസ്ഥയിലാണ്. ആയതിനാല്‍ അങ്ങ് ഇടപെട്ട് അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും മേല്‍നോട്ടത്തില്‍ എന്റെ വിദ്യാഭ്യാസമടക്കമുള്ള സംരക്ഷണച്ചുമതല സര്‍ക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
                                                                                                           എന്ന് ശാരിയുടെ മകള്‍,
                                                                                                                             സ്‌നേഹ എസ്. നാഥ്.''

                           ഏറെ കോളിളക്കം സൃഷ്ടിച്ച കിളിരൂര്‍ കേസില്‍ പീഡനത്തിനിരയായി ഒരു  കുഞ്ഞിന് ജന്മം നല്കിയശേഷം കൊലചെയ്യപ്പെട്ട് സമൂഹമനസാക്ഷിയെ നൊമ്പരപ്പെടുത്തിയ ശാരിയുടെ മകള്‍ ആറുവയസുകാരി സ്‌നേഹ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിച്ച കത്തിലെ വരികളാണിത്. ഒരു പറ്റം കാപാലികര്‍ പിച്ചിച്ചീന്തിയെറിഞ്ഞശേഷം ആശുപത്രിക്കിടക്കയില്‍വച്ച് ക്രൂരമായി കൊലചെയ്യപ്പെട്ട അമ്മയുടെ മുഖംപോലും കാണാന്‍ ഭാഗ്യം ലഭിക്കാത്ത കുരുന്നുബാലികയുടെ തേങ്ങലുകളത്രയും ഏതാനും വാക്കുകളില്‍ നിറച്ച് അനാഥത്വത്തിന്റെയും നിരാശ്രയത്വത്തിന്റെയും ദൈന്യത നിറഞ്ഞുനില്‍ക്കുന്ന കത്ത് ഇനിയും മരിക്കാത്ത മനസാക്ഷിയുള്ള ആരിലും നൊമ്പരമുണര്‍ത്തും.

                       പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിന് അനുവാദം തേടിയെത്തിയ കുരുന്നിനെ ആവോളം അലിവും വാത്സല്യവും നിറഞ്ഞ് സ്വീകരിച്ച ഉമ്മന്‍ ചാണ്ടി അങ്ങേയറ്റം അനുകമ്പയോടെയാണ് കത്ത് ഏറ്റുവാങ്ങിയത്. കൊച്ചുകുട്ടിയുടെ കത്തില്‍ സശ്രദ്ധം കണ്ണോടിച്ച അദ്ദേഹം കൂടുതല്‍ കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയാനും സമയം കണ്ടെത്തി. കേരള മോചനയാത്രയ്ക്കിടയില്‍ എല്ലാ സ്വീകരണകേന്ദ്രങ്ങളിലും അപേക്ഷകളും ആവലാതികളുമായി കാത്തുനിന്ന അനേകായിരങ്ങള്‍ക്കിടയില്‍ സമൂഹമനസാക്ഷിക്കു നേരെയുള്ള ചോദ്യചിഹ്നമായി ശാരിയുടെ മകള്‍ നീതിതേടി നിവേദനം നല്‍കാനെത്തിയത് കണ്ടുനിന്നവരിലൊക്കെയും അലിവുനിറയ്ക്കുന്ന അനുഭവമായിരുന്നു.

                                നീതി നടപ്പാക്കണമെന്നും വാഗ്ദാനം നല്‍കിയവര്‍ വാക്കുപാലിക്കണമെന്നും ആവശ്യപ്പെട്ട് ആറുവയസുകാരി കത്തെഴുതേണ്ടിവരുന്ന ദുരവസ്ഥ കേരളചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടായിരിക്കും. പ്രതിപക്ഷനേതാവായിരിക്കേ വി.എസ്. ആഘോഷിച്ച കിളിരൂര്‍ കേസില്‍  അധികാരലബ്ധിയെ തുടര്‍ന്ന് വി.എസിനുണ്ടായ യഥാര്‍ത്ഥ മുഖമാണ് പുറത്തുവന്നത്. പ്രതിപക്ഷനേതാവായിരുന്ന വി.എസിന്റെ ''വി.ഐ.പി'' കണ്ടെത്തലിലൂടെയും തുടര്‍ന്ന് നടത്തിയ പ്രഖ്യാപനത്തിലൂടെയും ഏറെ കോളിളക്കം സൃഷ്ടിച്ച കിളിരൂര്‍ കേസില്‍ പറഞ്ഞതെല്ലാം അപ്പടി വിഴുങ്ങിയ മുഖ്യമന്ത്രി വി.എസ്. നാലരവര്‍ഷമായി അണിഞ്ഞിരിക്കുന്ന അധികാരക്കൊതിയുടെ കപടമുഖം മൂടിയാണ് ഇതോടെ അഴിഞ്ഞുവീണിരിക്കുന്നത്.അധികാരത്തിലേക്കുള്ള യാത്രാമധ്യേ വഴിയില്‍ ഉപയോഗിച്ചശേഷം ഉപേക്ഷിച്ച് കടന്നുകളഞ്ഞ വി.എസ്. അച്യുതാനന്ദനിലും ഇടതുസര്‍ക്കാരിലും നിന്ന് അഞ്ചുവര്‍ഷമാകുമ്പോഴും ഈ കുടുംബത്തിന് നീതി ലഭിക്കാത്ത സാഹചര്യം ആരിലും കരളലിയിക്കുന്ന ആനുഭവമാണ്. ഒപ്പം ആര്‍ക്കും ഉണ്ടാകാന്‍ പാടില്ലാത്തതുമാണ്. തെരഞ്ഞെടുപ്പു പ്രചാരണസമയത്ത് അധികാരത്തിലേറാന്‍ കിളിരൂര്‍ കേസും പീഡനത്തിനിരയായി കൊല്ലപ്പെട്ട ശാരിയേയും കുടുംബത്തെയും മൊക്കെ ഉപയോഗിച്ച വി.എസ്. അധികാരം ലഭിച്ചതോടെ കസേര നിലനിര്‍ത്താന്‍ പഴയതെല്ലാം മറക്കുകയായിരുന്നു. അധികാരം ലഭിച്ചാല്‍ ആറുമാസത്തിനുള്ളില്‍ കിളിരൂര്‍ കേസിലെ വി.ഐ.പി.കളെ കയ്യാമം വച്ച് തെരുവില്‍ നടത്തുമന്ന് പറഞ്ഞ് വോട്ടുനേടിയ വി.എസ്. അധികാരം കിട്ടിയപ്പോള്‍ ''വി.ഐ.പി'' കളുടെ തലതൊട്ടപ്പനാകുകയാണ് ചെയ്തത്.

                           പാര്‍ട്ടിയിലെ വിഭാഗീയതയിലും തെരഞ്ഞെടുപ്പിലും സ്വന്തം രാഷ്ട്രീയനേട്ടത്തിനുവേണ്ടി മാത്രം വി.എസ്. ഉപയോഗിച്ച ശാരി കേസില്‍ നാലരവര്‍ഷത്തിനുശേഷവും വി.ഐ.പികള്‍ കയ്യാമം വയ്ക്കാത്ത ''വി.ഐ.പി''കളായി തന്നെ തുടരുകയാണ്. അതേസമയം നീതി തേടിയുള്ള ശാരിയുടെ മാതാപിതാക്കളുടെ വഴി മുടക്കാനാണ് സര്‍ക്കാരും മുഖ്യമന്ത്രിയും ശ്രമിച്ചതും. ശാരിയുടെ അഞ്ചാം ചരമവാര്‍ഷികദിനത്തില്‍ ക്ലിഫ് ഹൗസിനു മുന്നില്‍ ഉപവാസമനുഷ്ഠിച്ച ശാരിയുടെ മാതാപിതാക്കളെ പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്ത് നീക്കിക്കുകയാണ് വി.എസ്. ചെയ്തത്. പറക്കമുറ്റാത്ത പ്രായത്തില്‍ ഒരുപറ്റം കാപാലികര്‍ പിച്ചിച്ചീന്തിയ മകളുടെ ഓര്‍മ്മയില്‍ മനംനൊന്ത് കഴിയുന്ന ഹതഭാഗ്യരായ മാതാപിതാക്കള്‍ പിന്നീടും പലവട്ടം നീതി തേടി മുഖ്യമന്ത്രി അടക്കമുള്ളവരുടെ പടിവാതില്‍ക്കല്‍ എത്തിയെങ്കിലും കാണാന്‍പോലും കൂട്ടാക്കാതെ പടിക്കുപുറത്ത് നിര്‍ത്തി തിരിച്ച് അയയ്ക്കുകയായിരുന്നു.

                                                 സൂര്യനെല്ലി കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ജോലി നല്‍കിയ ഇടതുസര്‍ക്കാര്‍ പക്ഷേ കിളിരൂര്‍ കേസില്‍ പീഡനത്തിനിരയാകുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്ത ശാരിയുടെ കുടുംബത്തോട് മുഖംതിരിക്കുമ്പോള്‍ കേസില്‍ വി.ഐ.പി.കളുടെ അദൃശ്യസാന്നിധ്യം ജനങ്ങള്‍ക്കു മുന്നില്‍ കൂടുതല്‍ തെളിയുകയായിരുന്നു. ശാരിയുടെ മകള്‍ നല്‍കിയ കത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അന്നുതന്നെ മുഖ്യമന്ത്രിക്ക് കത്ത് അയച്ചതായി ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാര്‍ സഹായം നല്‍കുന്നില്ലെങ്കില്‍ സാമൂഹിക സന്നദ്ധസംഘടനകളുമായി ചേര്‍ന്ന് കുട്ടിയുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

No comments:

Post a Comment