Welcome english

KERALA STUDENTS UNION (KSU) WELCOMES YOU
Make This Your Homepage

Sunday, March 6, 2011

ദാക്ഷിണ്യമില്ലാത്ത തിരിച്ചടികള്‍

പൊളിറ്റിക്കല്‍ സാഡിസം അഥവാ രാഷ്ട്രീയ പരപീഡനസൗഖ്യം അച്യുതാനന്ദനെ തിരിച്ചടിക്കാന്‍ തുടങ്ങിയിരിക്കുന്നു. അധികാരത്തില്‍ നിന്ന് അപമാന ഭാരവുമായി പടിയിറങ്ങേണ്ടി വരുന്ന വി.എസ്. ആരുടെയും സഹതാപം അര്‍ഹിക്കുന്നില്ല.

                                   കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന പഴമൊഴിയെ അന്വര്‍ത്ഥമാക്കുന്നതാണ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അനുഭവം. തന്റെ പ്രതിച്ഛായ നന്നാക്കാന്‍ മറ്റുള്ളവരെ തേജോവധം ചെയ്യുന്ന ഹീനമായ ഒരു മാനസിക ഭാവത്തിനും ക്രൂരമാര്‍ഗങ്ങള്‍ക്കുമുള്ള തിരിച്ചടിയാണ് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫിസിനും മക്കള്‍ക്കും എതിരെ ഉയര്‍ന്നു വന്നിരിക്കുന്ന ആരോപണങ്ങള്‍. അന്യരെ വ്യക്തിഹത്യ ചെയ്തു അവരുടെ കഷ്ടപ്പാടുകളിലും കണ്ണീരിലും ആനന്ദം കണ്ടെത്തുന്ന അച്യുതാനന്ദന് കൂലി വരമ്പത്ത് തന്നെ കിട്ടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. നാലരവര്‍ഷക്കാലം അനങ്ങാപ്പാറയായി അധികാരം നിലനിര്‍ത്തിയ അച്യുതാനന്ദന്‍ തിരിച്ചുവരവിനു നടത്തിയ കൂടോത്രങ്ങളും ശത്രുസംഹാരക്രിയകളും ആത്മഹനനമായി മാറികൊണ്ടിരിക്കുകയാണ്. നിയമസഭയുടെ അവസാനത്തെ സമ്മേളനത്തില്‍ ഇത്രയേറെ അപമാനവും വ്യഥയും ഏറ്റു ഇറങ്ങിപോകേണ്ട ദുരന്തം കേരളത്തില്‍ ഒരു മുഖ്യമന്ത്രിക്കും ഉണ്ടായിട്ടില്ല.
                                                     രാഷ്ട്രീയ നേതാക്കളുടെ വ്യക്തിജീവിതങ്ങളിലേക്ക് ഒളിഞ്ഞു നോട്ടവുമായി നടക്കുന്നത് മാന്യമായ സാമൂഹിക ഇടപെടലല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ ചരിത്രത്തിന്റെ പിന്നറ്റം വരെ സഞ്ചരിക്കുമ്പോള്‍ രാഷ്ട്രീയമായി തോല്‍പ്പിക്കാനാവാത്തവരെ സ്വഭാവഹത്യയിലൂടെ വീഴ്ത്തിയ ഒട്ടേറെ സംഭവങ്ങള്‍ നമുക്ക് ദര്‍ശിക്കാനാവും. ക്രൂരതകള്‍ക്ക് ഹിറ്റ്‌ലര്‍ക്ക് ശിഷ്യപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ട്ടി അസത്യ പ്രചരണങ്ങള്‍ക്ക് ഗുരുവായി കാണുന്നത് ഹിറ്റ്‌ലറുടെ വിശ്വസ്തനായ ഗീബല്‍സിനെയാണ്. അഗ്‌നി കൊണ്ട് ചുടാനാവാത്തതിനെ അപവാദം കൊണ്ട് ചുട്ടെരിക്കാമെന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗീകൃത പ്രമാണമാണ്. സംഘടിതമായ കേഡര്‍ ശക്തിയും പ്രചരണ സന്നാഹങ്ങളും കൊണ്ട് ഇത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് എളുപ്പത്തില്‍ സാധിക്കുന്നു.പാര്‍ട്ടി ശാസനയുണ്ടായാല്‍ അമ്മയുടെ മുലപ്പാലില്‍ ഉപ്പ് രസം ആരോപിക്കാനും പെങ്ങന്‍മാരുടെ ചാരിത്ര്യത്തില്‍ സംശയം കാണാനും കമ്യൂണിസ്റ്റുകാര്‍ക്ക് മടിയുണ്ടാവില്ല.
 
                                     കേരളത്തിന്റെ രാഷ്ട്രീയ ചക്രവാളത്തില്‍ ഇന്നും തേജസ് ഒടുങ്ങാത്ത സ്മരണകളായി നിലകൊള്ളുന്ന കോഴിപ്പുറത്ത് മാധവമേനോന്‍, പനമ്പിള്ളി ഗോവിന്ദമേനോന്‍, കെഎ ദാമോദര മേനോന്‍, ആര്‍ ശങ്കര്‍ തുടങ്ങി കെ.കരുണാകരന്‍ വരെയുള്ള എത്രയെത്ര നേതാക്കളെയാണ് തേജോവധ രാഷ്ട്രീയത്തിലൂടെ ഉച്ചാടനം ചെയ്യാന്‍ ശ്രമിച്ചത്. ചില തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ ഇവര്‍ക്കുണ്ടായി എന്നല്ലാതെ ജനഹൃദയങ്ങളില്‍ നിന്നും ഇവരെ പടിയിറക്കാന്‍ കമ്യൂണിസ്റ്റ് കുപ്രചരണങ്ങള്‍ക്ക് സാധിച്ചില്ല. കോണ്‍ഗ്രസുകാരെ മാത്രമല്ല; സമുന്നതരായ കമ്യൂണിസ്റ്റ് നേതാക്കളായ ടി.വി തോമസിനെയും എം എന്‍ ഗോവിന്ദന്‍നായരെയും ഇത്തരം അപവാദചുഴിയിലകപ്പെടുത്താനും സിപിഎം ശ്രമിച്ചിട്ടുണ്ട്. കൊടുത്തതെല്ലാം ഇപ്പോള്‍ പലിശയും കൂട്ടുപലിശയും അടക്കം തിരിച്ചു കിട്ടുമ്പോള്‍ അത് ഏറ്റുവാങ്ങാന്‍ വിധിയുണ്ടായത് വി എസ് അച്യുതാനന്ദന് ആണെന്നത് ചരിത്രത്തിന്റെ മറ്റൊരു ക്രൂരഫലിതമാണ്.
 
                                      അച്യുതാനന്ദന്റെ കമ്യൂണിസ്റ്റ്ചരിത്രം ത്യാഗത്തിന്റെയും സഹനത്തിന്റെയും കര്‍മകാണ്ഡമാക്കി പ്രചരിപ്പിച്ചത് സ്തുതിപാഠകരും പ്രസംഗമെഴുത്തുകാരുമാണ്. അധികാരത്തിന്റെ ഇടനാഴികളിലും പാര്‍ട്ടിയുടെ വിവിധ ശ്രേണികളിലും ഉപജാപകരെയും സ്തുതിപാഠകരെയും അധികാര ദല്ലാളന്‍മാരെയും പ്രതിഷ്ഠിച്ചു വളര്‍ന്നു മുന്നേറിയ അച്യുതാനന്ദന് മാധ്യമരംഗത്തും ഇത്തരം ആശ്രിതരെ വളര്‍ത്താന്‍ സാധിച്ചു. 13 തവണ പാര്‍ട്ടിക്കകത്ത് അച്ചടക്കനടപടിക്ക് വിധേയനായ അച്യുതാനന്ദന് ഇത്രയേറെക്കാലം പാര്‍ട്ടിക്കകത്ത് തുടരാനായത് ഒന്നുകില്‍ സി പി എമ്മിന്റെ സംഘടനാശേഷിയുടെ ദൗര്‍ബല്യം അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഉപജാപത്തിന്റെ ഊറ്റം എന്നു സമ്മതിക്കേണ്ടി വരും. പാര്‍ട്ടിക്കകത്ത് പ്രതിയോഗികളുടെ ബാറ്റണ്‍ തട്ടിതെറിപ്പിച്ചും സഹഓട്ടക്കാരെ ഇടംകാല്‍ വെച്ചുവീഴ്ത്തിയും കുതിച്ച അച്യുതാനന്ദന്‍ ചിലപ്പോള്‍ ട്രാക്ക് മാറിയും ഓടിയചരിത്രമാണുള്ളത്. അവസാനത്തെ നാളുകളില്‍ മാധ്യമപ്രചോദിതമായ പ്രചരണങ്ങളിലൂടെ ലഭിച്ച അനര്‍ഹമായ പൊതു ജനപ്രീതിയിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രി പദത്തിലെത്തിയത്.
 
                                  പാര്‍ട്ടിക്കകത്ത് ചതിക്കുഴി വെട്ടിയും ഒളിവെടിവെച്ചും മുന്നേറിയ അച്യുതാനന്ദന്റെ പരാക്രമങ്ങളില്‍ അകാലമൃത്യു അടഞ്ഞ എത്രയെത്ര യൗവനങ്ങളുണ്ട്; പിണ്ഡം വെച്ച് പടിക്ക് പുറത്തായ എത്രയെത്ര മുതിര്‍ന്ന നേതാക്കളുണ്ട്. ഗൗരിയമ്മയുടെയും എം വി രാഘവന്റെയും വി ബി ചെറിയാന്റെയും രാഷ്ട്രീയഹത്യയ്ക്ക് ആയുധമൊരുക്കിയ അച്യുതാനന്ദന്‍ ഇ എം എസിനെ പോലും രാഷ്ട്രീയമായി വകവരുത്താന്‍ ശ്രമിച്ചിട്ടുണ്ട്. തന്റെ അധികാരത്തണലിലും വിശുദ്ധ പരിവേഷത്തിന്റെ മറവിലും മകന്‍ നടത്തിയ അഴിമതിയും അധികാര ധൂര്‍ത്തുമാണ് ഇന്ന് അച്യുതാനന്ദന്റെ വെള്ളപൂശിയ വൈരൂപ്യത്തിന്റെ പൂച്ച് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കന്റോണ്‍മെന്റ് ഹൗസിലും ക്ലിഫ്ഹൗസിലും മകന് ചുറ്റും വട്ടമിട്ടു പറന്ന മാഫിയകളെ അച്യുതാനന്ദന്‍ തിരിച്ചറിയാതെ പോയത് അന്ധമായ പുത്രവാത്സല്യത്താലാണ്. ധനാര്‍ത്തിയും അധികാര ദുര്‍വിനിയോഗവും സ്വന്തം വീട്ടില്‍ അരങ്ങു തകര്‍ക്കുമ്പോള്‍ മുഖ്യമന്ത്രി പാര്‍ട്ടിക്കകത്തും പുറത്തുമുള്ള രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് കയ്യാമം പണിയാനും ജയിലറ നിര്‍മിക്കാനും പാടുപെടുകയായിരുന്നു.
 
                                                             ഒരു മൂന്നാംതരം ക്രിമിനലിന്റെ പുലയാട്ടുകള്‍ കേട്ടു കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുത്ത മുഖ്യമന്ത്രി; പ്രമുഖനായ ഒരു അഭിഭാഷകന്‍ തന്റെ ഓഫിസിന് നേരെ ഉന്നയിച്ച ആരോപണത്തിന് ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിക്കും മകനും അദ്ദേഹത്തിന്റെ ഓഫീസിനും നേരെ ഉന്നയിക്കപ്പെട്ട 14 ആരോപണങ്ങളും പൂരപ്പറമ്പിലെ ആള്‍കൂട്ടത്തില്‍ നിന്ന് ആരെങ്കിലും വിളിച്ചുകൂവിയതല്ല; വ്യവസ്ഥാപിതമായ മാര്‍ഗത്തിലൂടെ വ്യക്തമായ രേഖയുടെ അടിസ്ഥാനത്തില്‍ നിയമസഭയില്‍ ഉന്നയിക്കപ്പെട്ടതാണ്. രാഷ്ട്രീയ സംശുദ്ധിയുടെ ളോഹയണിഞ്ഞു വിഎസ് നടത്തികൊണ്ടിരുന്ന സുവിശേഷ പ്രബോധനം കേരളം മറന്നിട്ടില്ല. സ്വന്തം നാവിന്റെയും പ്രജ്ഞയുടെയും സന്തതികളാണ് ആ വിശുദ്ധ വാക്കുകളെങ്കില്‍ തന്റെ മുടിയനായ പുത്രന്റെ പേരില്‍ ഒരു പെറ്റി കേസെങ്കിലും എടുക്കുക. അഞ്ച് വര്‍ഷം പ്രതിപക്ഷത്തും നാലേമുക്കാല്‍ കൊല്ലം അധികാരത്തിലും ഇരുന്നു വി എസ് പറഞ്ഞ വാക്കുകള്‍ ഇന്ന് അറം പറ്റുകയാണ്. കയ്യാമവും ജയിലറയും പണിയേണ്ടത് സ്വന്തം വീട്ടകത്തും മുന്നണിക്കകത്തുമുള്ളവര്‍ക്കാണ്. ഈ അഴിമതികള്‍ വയലാര്‍ വിപ്ലവനായകന്റെ നെഞ്ചില്‍ കുത്തുന്ന കുന്തമുനകളായി തീരുന്നു. കുന്തമിറക്കുന്നത് മറ്റാരുമല്ല; സ്വന്തം പുത്രനാണെന്നതാണ് അദ്ദേഹം നേരിടുന്ന ഏറ്റവും വലിയ ദുരന്തം.

No comments:

Post a Comment