Welcome english

KERALA STUDENTS UNION (KSU) WELCOMES YOU
Make This Your Homepage

Tuesday, June 14, 2011

ചൈന എന്ന വൃദ്ധരാജ്യം

ക്രൂരവും കര്‍ശനവുമായ ജനന നിയന്ത്രണ നടപടി ചൈനയില്‍ ചെറുപ്പക്കാര്‍ കുറയാനും വൃദ്ധജന സംഖ്യ ഉയരാനും ഇടയാക്കി. സാമ്പത്തിക ഉല്‍പ്പാദന മേഖലയില്‍ ഇത് രാജ്യത്തിന് പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നു

 
ആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ അന്ത്യത്തില്‍ കുടുംബാസൂത്രണ പരിപാടികള്‍ വളരെ കാര്യമായി നടപ്പിലാക്കിയ രാജ്യങ്ങളിലൊന്നാണ് പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന. ചൈനയെന്ന് കേട്ടാല്‍ ഉള്ളിലോടിയെത്തുന്ന രണ്ട് വാക്കുകളാണ് കമ്യൂണിസവും ജനസംഖ്യയും. കമ്മ്യൂണിസം കൈവിട്ട് രാജ്യം ഇപ്പോള്‍ മുതലാളിത്തത്തിന്റെ മൂടുപടമണിഞ്ഞ് മുന്നോട്ടുപോകുന്നു.
എന്നാല്‍ ഈ ചെപ്പടിവിദ്യകളൊന്നും ജനസംഖ്യയുടെ കാര്യത്തില്‍ വിലപ്പോവില്ലെന്ന് ഡെങ് ഷിയാവോപിങ്ങിന്റെ പാര്‍ട്ടി നേരത്തേ തിരിച്ചറിഞ്ഞിരുന്നു. അതിന്റെ ഫലമാണ് 1979ലെ ഒറ്റക്കുട്ടി നയം. മനുഷ്യതരംഗം കൊണ്ട് അമേരിക്കയെ കുഴിച്ചുമൂടാന്‍ പരമാവധി മക്കളെ ജനിപ്പിക്കാനുള്ള മാവോ സേതുങ്ങിന്റെ 50കളിലെ ആഹ്വാനം കേട്ട് വാളൂരിയിറങ്ങിയവരാണ് ചൈനക്കാര്‍. ആഹ്വാനം നടപ്പിലാക്കി അമീബയെപ്പോലെ പെറ്റുപെരുകിയ ചൈനക്കാരെ കണ്ട് ഷിയാവോ പിങ്ങിനും കൂട്ടര്‍ക്കും ചങ്കിടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. 1970 കളിലെത്തുമ്പോഴേക്ക് ചൈനയിലെ ജനസംഖ്യ 70 കോടിയും കടന്ന് ലോകത്തിന്റെ മുന്നിലെത്തിക്കഴിഞ്ഞിരുന്നു.
അങ്ങിനെയാണ് 79 ല്‍ ചൈനയില്‍ ഒറ്റക്കുട്ടി നയം നടപ്പിലാവുന്നത്. വാര്‍ത്ത കേട്ടവരും കേള്‍ക്കാത്തവരുമായ കിഴക്ക് നോക്കി പാശ്ചാത്യ ചിന്തകരും കൈയടിച്ച് പ്രോല്‍സാഹിപ്പിച്ചു. വിദൂര ഭാവിയിലെ പട്ടിണിയും ദാരിദ്ര്യവും പേടിച്ച് 79ല്‍ ചൈന നാം രണ്ട് നമുക്കൊന്ന് നയം നടപ്പിലാക്കിയപ്പോള്‍ നേതാക്കന്മാര്‍ തെരുവായ തെരുവിലൊക്കെ രാജ്യത്തിന്റെ ഐശ്യര്യത്തിനും സമൃദ്ധിക്കും കുടുംബാസൂത്രണം നടപ്പിലാക്കൂ എന്ന് പോസ്റ്ററെഴുതി. പ്രസംഗിച്ചു. ക്ലാസെടുത്തു.
 
കിടപ്പറയിലും പ്രസവമുറിയിലും റെയ്ഡ് നടത്തി. ഇതൊന്നും പോരാഞ്ഞ് പട്ടിപിടുത്തക്കാരിറങ്ങും പോലെ ഉദ്യോഗസ്ഥര്‍ തെരുവുകളില്‍ ഇറങ്ങി, ആളെ പിടിച്ചുകെട്ടി വന്ധ്യംകരിക്കാനും ഗര്‍ഭചിദ്രം നടത്താനും. മനുഷ്യാവകാശ ധ്വംസന മുറവിളികള്‍ക്കൊന്നും അവര്‍ ചെവികൊടുത്തുമില്ല. ഇനി കുട്ടി വേണമെന്ന് നിര്‍ബന്ധമുള്ളവര്‍ കൈക്കൂലി കൊടുക്കണം. ഭൂരിഭാഗം ചൈനക്കാരും ഒന്നെങ്കില്‍ ഒന്ന് എന്ന് തൃപ്തിപ്പെട്ടു. അറിഞ്ഞും അറിയാതെയും രണ്ടും മൂന്നും കുട്ടികളുണ്ടായിപ്പോയവരെ ഭ്രഷ്ടരാക്കി, ആനുകൂല്യങ്ങള്‍ തടഞ്ഞു, ജയിലിലിട്ടു.ഇതാണ് ദ ഗ്രേറ്റ് ചൈനീസ് ഫാമിലി പ്ലാനിങ് വിപ്ലവം. റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന ജനപ്പെരുപ്പത്തെ അങ്ങനെ പിടിച്ച് നിറുത്തി. പക്ഷേ അതിന്റെ പ്രത്യാഘാതം ചൈന അനുഭവിക്കാന്‍ പോകുന്നേ ഉള്ളൂവെന്നാണ് പുതിയ വാര്‍ത്തകള്‍. വെള്ളം ഒത്തിരി, പക്ഷെ കുടിക്കാന്‍ തുള്ളിയില്ല എന്ന അവസ്ഥയിലാണ് ചൈനയിന്ന്. വയസ്സന്‍ പട കൂടുന്നു, പണിയെടുക്കാന്‍ കഴിയുന്ന പിള്ളേര് കുറയുന്നു. ഇനി ഒറ്റപ്പുത്രനെ ഒന്ന് കെട്ടിച്ചയക്കാമെന്ന് വിചാരിച്ചാല്‍, പെണ്‍പിള്ളേരെ കിട്ടാനുമില്ല.
 
കുറെ വര്‍ഷങ്ങളായി ചൈന ഒരു പ്രത്യേക ജനസംഖ്യാ പ്രതിസന്ധി അനുഭവിക്കുകയാണ് എന്ന അഭ്യൂഹങ്ങളെ അരക്കിട്ടുറപ്പിക്കുന്നതാണ് പുതിയ സെന്‍സസ് കണക്കുകള്‍. ജനനനിരക്കിലെ വന്‍ ഇടിവാണ് ഇന്ന് പ്രധാന പ്രശ്‌നം. കഴിഞ്ഞ വര്‍ഷം രാജ്യവ്യാപകമായി നടത്തിയ സെന്‍സസിന്റെ കണക്കുകള്‍ പ്രകാരം 134 കോടിയായി ജനസംഖ്യയെ പിടിച്ചുകെട്ടാന്‍ ചൈനയ്ക്ക് കഴിഞ്ഞു, പക്ഷേ ശരാശരി വാര്‍ഷിക ജനനസംഖ്യ ഇടിഞ്ഞു. കഴിഞ്ഞ ദശകത്തില്‍ 1.07 ശതമാനമുണ്ടായിരുന്ന വളര്‍ച്ച നിരക്ക് 2000-2010 കാലയളവില്‍ 0.57 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കുന്ന രാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് ചൈനയിലെ കണക്കുകള്‍. ചൈനയിലെ ഒരു വ്യക്തിയുടെ ആകെ പ്രത്യുത്പാദന നിരക്ക് (അതായത് ഒരു സ്ത്രീയ്ക്ക് ആയുസ്സില്‍ ജനിക്കാന്‍ സാധ്യതയുള്ള കുട്ടികളുടെ ശരാശരി എണ്ണം) ഇപ്പോള്‍ വെറും 1.4 മാത്രമാണ്. മരിച്ചൊടുങ്ങുന്ന ജനങ്ങളുടെ എണ്ണത്തെ പുനസ്ഥാപിക്കാന്‍ ആവശ്യമാകുന്നതെന്ന് കണക്കാക്കുന്ന മാന്ത്രിക സംഖ്യയായ 2.1 ന്റെ പകുതി മാത്രം. ജനസംഖ്യാ വളര്‍ച്ചാ നിരക്ക് കുറയുന്നത് കൊണ്ട് പ്രശ്‌നം തീരില്ല. പ്രത്യാഘാതങ്ങള്‍ വേറെയുമുണ്ട്. ജനസംഖ്യയില്‍ വൃദ്ധരുടെ എണ്ണം കൂടുന്നതാണ് അതിലൊന്നാമത്. അറുപതിനുമുകളില്‍ പ്രായമുള്ളവര്‍ 2000ല്‍ മൊത്തം ജനസംഖ്യയുടെ 10.3 ശതമാനമായിരുന്നത് ഇന്ന് 13. 3 ശതമാനമായിരിക്കുന്നു.
 
അതായത് ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ 16 കോടിയിലധികം പേരുെണ്ടന്ന്. ലോക ജനസംഖ്യയില്‍ ആറാം സ്ഥാനത്തുള്ള പാക്കിസ്താനിലെ മൊത്തം ജനങ്ങളോളം വരും ചൈനീസ് കിഴവന്മാരുടെ എണ്ണം! വയസ്സന്‍ പട കൂടുന്നതിനൊപ്പം കുട്ടികളുടെയും കൗമാരക്കാരുടെയും എണ്ണം വന്‍തോതില്‍ കുറയുന്നുമുണ്ട്. 14 വയസ്സില്‍ താഴെയുള്ളവരുടെ എണ്ണം ഇക്കാലയളവില്‍ 23 ശതമാനത്തില്‍ നിന്ന് 17 ശതമാനമായി. ഇങ്ങനെ പോയാല്‍ ചൈന ഒരു വൃദ്ധസദനമായി മാറും, ജനസംഖ്യാ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.

1 comment:

  1. ഇനി ചൈന വൃദ്ധസദനം പണിതു അവരെ പാര്‍പ്പിക്കുമോ അതോ അവര്‍ക്ക് നേരെ പട്ടാളത്തെ അയക്കുമോ .......

    ReplyDelete