Welcome english

KERALA STUDENTS UNION (KSU) WELCOMES YOU
Make This Your Homepage

Wednesday, October 26, 2011

പുന്നപ്ര-വയലാര്‍ നുണകള്‍ വീണ്ടും

                     പതിവ് നുണകള്‍ക്ക് പുറമേ ഒരു പുതിയ നുണയും ഇപ്രാവശ്യം അവതരിപ്പിച്ചിരിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്നും തിരുവിതാംകൂറില്‍ ഉത്തവാദ ഭരണത്തിനുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു എന്നുമാത്രമാണ് ഇതുവരെ പറഞ്ഞിരുന്നത്. ഇത്തവണത്തെ വാദമുഖങ്ങളില്‍ ഈ സമരങ്ങള്‍ സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിനെതിരായിരുന്നെന്നും പറഞ്ഞിരിക്കുന്നു.

ഇത്തവണത്തെ പുന്നപ്ര-വയലാര്‍ വാരാഘോഷങ്ങളിലും പതിവ് നുണകള്‍ ആവര്‍ത്തിച്ചു. മുഖ്യ പ്രഭാഷകന്‍ വി.എസ് അച്യുതാനന്ദന്‍ പ്രസംഗിച്ചത് ഇങ്ങനെ ആയിരുന്നു. രാജ്യം സ്വാതന്ത്ര്യത്തിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ തിരുവിതാംകൂറിനെ സ്വതന്ത്ര രാജ്യമായി നിലനിര്‍ത്തി അമേരിക്കന്‍ മോഡല്‍ നടപ്പിലാക്കാനാണ് സര്‍. സി.പി. രാമസ്വാമി അയ്യരും മഹാരാജാവ് ചിത്തിര തിരുനാളും ശ്രമിച്ചത്.  ഇതിനെതിരായ പോരാട്ടത്തില്‍ ചിരത്രം രേഖപ്പെടുത്തിയ മുന്നേറ്റമാണ് പുന്നപ്ര-വയലാര്‍ സമരം. നാടിന്റെ മോചനത്തിന് പുന്നപ്ര-വയലാര്‍ വഹിച്ച പങ്ക് രാജ്യത്തിനാകെ മാതൃകയാണ് " (ദേശാഭിമാനി, ഒക്ടോബര്‍ 24). 
പതിവ് നുണകള്‍ക്ക് പുറമേ ഒരു പുതിയ നുണയും ഇപ്രാവശ്യം അവതരിപ്പിച്ചിരിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്നും തിരുവിതാംകൂറില്‍ ഉത്തവാദ ഭരണത്തിനുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു എന്നുമാത്രമാണ് ഇതുവരെ പറഞ്ഞിരുന്നത്. ഇത്തവണത്തെ വാദമുഖങ്ങളില്‍ ഈ സമരങ്ങള്‍ സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിനെതിരായിരുന്നെന്നും പറഞ്ഞിരിക്കുന്നു. പുന്നപ്ര-വയലാര്‍ സംഭവങ്ങള്‍ 1946 ഒക്ടോബറിലാണ്. സ്വതന്ത്ര തിരുവിതാംകൂര്‍ വാദം ഉണ്ടായത് 1947 ലാണ്. കാലഗണനയില്‍ പറ്റിയ പിശകായി ഇതിനെ കണക്കാക്കാം. ചിത്തിര തിരുനാള്‍ മഹാരാജവ് തിരുവിതാംകൂറിനെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചുകൊണ്ട് രാജവിളംബരം പുറപ്പെടുവിച്ചത് 1947 ജൂണ്‍ 11 നായിരുന്നു. ഇതിനെതിരായി ശക്തമായ സമരം നടത്തിയതും പ്രസ്തുത വിളംബരം പിന്‍വലിപ്പിച്ചതും സ്റ്റേറ്റ് കോണ്‍ഗ്രസ്സ് ആയിരുന്നു. പുന്നപ്ര-വയലാര്‍ സംഭവകാലത്ത് സ്വതന്ത്ര തിരുവിതാംകൂര്‍ വാദം ഉണ്ടായിരുന്നില്ല.
 
1946 ഒക്ടോബര്‍ 24-ാം തീയതി പുന്നപ്രയിലും 27-ാം തീയതി വയലാറിലും ഉണ്ടായസംഭവങ്ങള്‍ വിലയിരുത്തിയാല്‍ ഒരുകാര്യം വ്യക്തമാകും. അമ്പലപ്പുഴ ചേര്‍ത്തല താലൂക്കുകളില്‍ മാത്രം ഒതുങ്ങിനിന്ന പരാജയപ്പെട്ട ഒരു പണിമുടക്ക് നടത്തുക മാത്രമാണ് ടി.വി തോമസിന്റെ നേതൃത്വത്തിലുള്ള സംയുക്ത ട്രേഡ് യൂണിയന്‍ ചെയ്തത്. പണിമുടക്കിയ തൊഴിലാളികള്‍ക്ക് ക്യാമ്പുകളില്‍ ഊണും ഉറക്കവും നടത്താനേ കഴിഞ്ഞുള്ളൂ. നേതാക്കള്‍ ഒളിവില്‍ പോവുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും യൂണിയനുകളും നിരോധിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്തു. അതാണ് ചരിത്രം. തിരുവിതാംകൂര്‍ സംസ്ഥാനമാകെ ഇളക്കിമറിച്ചുകൊണ്ട് സ്റ്റേറ്റ് കോണ്‍ഗ്രസ്സ് നടത്തിവന്ന ഉത്തരവാദ ഭരണത്തിന് വേണ്ടിയുള്ള സമരത്തില്‍ ഒരു ദിവസം പോലും അമ്പലപ്പുഴ ചേര്‍ത്തല താലൂക്കിലെ തൊഴിലാളി സംഘടനകള്‍ പങ്കെടുത്തിട്ടില്ല. അതിനുള്ള ശ്രമങ്ങള്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് നേതാവ് സി.കേശവന്റെ നേതൃത്വത്തില്‍ നടന്നെങ്കിലും ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ ടി.വി. തോമസിനെ ഉപയോഗിച്ചുകൊണ്ട് ഫലപ്രദമായി ഇത് തടഞ്ഞു. ദിവാന്‍ സര്‍ സി.പിക്ക് സ്റ്റേറ്റ് കോണ്‍ഗ്രസ്സിനോടായിരുന്നു കൂടുതല്‍ വിരോധം. സ്റ്റേറ്റ് കോണ്‍ഗ്രസ്സ് നേതാവ് സി. കേശവനെ കോഴഞ്ചേരി പ്രസംഗത്തിന്റെ പേരില്‍ ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്ര മൈതാനത്ത് വെച്ച് അറസ്റ്റ് ചെയ്യുകയും രാജ്യദ്രോഹ കുറ്റം ചുമത്തി കേസ്സെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ കേസില്‍ കൊല്ലം ജില്ലാ സെഷന്‍സ് കോടതി സി.കേശവനെ ഒരുവര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. ഈ വിധിക്കെതിരെ തിരുവിതാംകൂര്‍  ഹൈക്കോടതിയില്‍ സി.കേശവന്‍ അപ്പീല്‍ നല്‍കിയപ്പോള്‍ ശിക്ഷ രണ്ട് വര്‍ഷമാക്കി വര്‍ദ്ധിപ്പിച്ചു. അക്കാലത്തെ നീതിന്യായപീഠവും ഇങ്ങനെയായിരുന്നു. സ്റ്റേറ്റ് കോണ്‍ഗ്രസ്സ് നടത്തിവന്ന ഉത്തരവാദ ഭരണത്തിനുള്ള പ്രക്ഷോഭണങ്ങളില്‍ നിന്നും കഴിയുന്നത്ര വിഭാഗങ്ങളെ മാറ്റി നിര്‍ത്താന്‍ ദിവാന്‍ ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായിരുന്നു ദിവാന്‍ ടി.വി. തോമസ് രഹസ്യബന്ധങ്ങള്‍.
 
ഇക്കാരണത്താലാണ് സ്റ്റേറ്റ് കോണ്‍ഗ്രസ്സുമായി സഹകരിക്കാതെ 1946 ഒക്ടോബര്‍ 22 ന് (തുലാം 5) ടി.വി. തോമസ് കമ്മ്യൂണിസ്റ്റ് യൂണിയനുകളുടെ സംയുക്ത പണിമുടക്ക് അഹ്വാനം ചെയ്തത്. പക്ഷേ ടി.വി. തോമസിന്റേയും ദിവാന്റെയും കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയി. സ്റ്റേറ്റ് കോണ്‍ഗ്രസ്സ് 1938 മുതല്‍ വമ്പിച്ച ജനപിന്തുണയോടെ തിരുവിതാംകൂറിലാകെ നടത്തി വന്നിരുന്ന ഉത്തരവാദ ഭരണപ്രക്ഷോഭത്തെ "ഹൈജാക്ക്" ചെയ്യുകയായിരുന്നു ടി.വി തോമസിന്റെ ലക്ഷ്യം. പണിമുടക്കിന് മുമ്പ് തന്നെ പുന്നപ്രയിലേയും ചേര്‍ത്തലയിലേയും കമ്മ്യൂണിസ്റ്റുകാര്‍ സംഘബലത്തില്‍ മദിച്ച് നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് പണിമുടക്കിന് മുമ്പ് തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും യൂണിയനുകളേയും ദിവാന്‍ സര്‍. സി.പി നിരോധിച്ചു. ഇതോടെ ദിവാന്റേയും ടി.വി. തോമസിന്റേയും ലക്ഷ്യം നടക്കാതെ പോയി. തൊഴിലാളികള്‍ ക്യാമ്പുകളില്‍ അഭയം തേടേണ്ടിവന്നു. അമ്പലപ്പുഴ ചേര്‍ത്തല താലൂക്കുകളില്‍ മാത്രം നടന്ന ഈ സംഭവങ്ങളുടെ കാലത്ത് തിരുവിതാംകൂര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അതിന്റെ നേതൃത്വവും എവിടെയായിരുന്നു. പി. കൃഷ്ണപിള്ളയുടെ ജീവിത ചരിത്രം എന്ന നിലയില്‍ ടി.വി.കെ എഴുതിയ "സഖാവ്" എന്ന പുസ്തകത്തില്‍ ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
പുന്നപ്ര-വയലാര്‍ സമരത്തിന്റെ മുന്നോടി പൊതുപണിമുടക്കായിരുന്നു. രണ്ട് തട്ടുകളായാണ് സമരനേതൃത്വം പ്രവര്‍ത്തിച്ച് വന്നത്. പത്രോസ്, പി.ജി. പത്മനാഭന്‍, സി.ജി.സദാശിവന്‍, കെ.കെ.കുഞ്ഞന്‍, കെ.സി. ജോര്‍ജ്ജ് ഇവരുള്‍പ്പെട്ട പാര്‍ട്ടി നേതൃത്വം   ഒളിവില്‍ ടി.വി. തോമസ് (ട്രേഡ് യൂണിയന്‍ നേതൃത്വം) സി.കെ. കുമാരപണിക്കര്‍ (ബഹുജന നേതൃത്വം) തുടങ്ങിയവര്‍ വെളിയില്‍(പേജ് 169 സഖാവ്)
 
ഒളിവില്‍ പോയ നേതാക്കളെല്ലാം ഈ സമയത്ത് സംസ്ഥാനത്തിന് വെളിയില്‍ കോഴിക്കോട്ടാണ് താമസിച്ചിരുന്നത്. 1946 ഒക്ടോബര്‍ 24 ന് പകല്‍ 3.00 മണിക്ക് പുന്നപ്ര റിസര്‍വ്വ് പോലീസ് ക്യാമ്പിലേക്ക് ഒരു വിഭാഗം തൊഴിലാളികള്‍ ഇരച്ചു കയറുകയും തുടര്‍ന്ന് കൂട്ടമരണത്തിന് ഇടയാക്കിയ അക്രമവും വെടിവെയ്പ്പും നടക്കുമ്പോള്‍ ടി.വി. തോമസ് ആലപ്പുഴ കടപ്പുറത്തുള്ള റെസ്റ്റ് ഹൗസില്‍ കൊല്ലം ഡി.എസ്.പി വൈദ്യനാഥ അയ്യരുമായി രഹസ്യ ചര്‍ച്ചയിലായിരുന്നു. അക്കാലത്തെ സംഭവങ്ങള്‍ മുഴുവന്‍ നേരിട്ടറിയാമായിരുന്ന ഒരു മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ ഈ സംഭവത്തെക്കുറിച്ച് ഈ ലേഖകനോട് ചില വിവരങ്ങള്‍ പറയുകയുണ്ടായി. പാര്‍ട്ടിയും ടി.വി. തോമസും അറിയാതെ നടന്ന പുന്നപ്ര സംഭവങ്ങള്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ കഴിയുമോ എന്നായിരുന്നു അവര്‍ ഗൂഢാലോചന നടത്തിയത്. എന്നാല്‍ അത് നടന്നില്ല. സംഭവത്തിന്റെ നിജസ്ഥിതി നേരത്തെതന്നെ ജനങ്ങള്‍ അറിഞ്ഞുകഴിഞ്ഞിരുന്നു.ഒക്ടോബര്‍ 27 ന് രാവിലെ 11.00 മണിക്ക് തിരുവിതാംകൂര്‍ പട്ടാളം നാല് ബോട്ടുകളിലായി കായല്‍ വഴി വയലാറില്‍ വന്നിറങ്ങിയ ഉടനെ സി.കെ. കുമാരപണിക്കര്‍ (വയലാര്‍ സ്റ്റാലിന്‍) സ്ഥലം വിട്ടു. നിസ്സഹായരും, നിരായുധരുമായ പാവം തൊഴിലാളികള്‍ വയലാര്‍ കോയിക്കല്‍ ക്ഷേത്ര മൈതാനത്തെ ക്യാമ്പില്‍ കിടന്ന് വെടിയേറ്റ് മരിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും ട്രേഡ് യൂണിയന്‍ നേതാക്കളുടേയും നിരുത്തരവാദ പരമായ പെരുമാറ്റങ്ങളെക്കുറിച്ച് എന്‍.ശ്രീകണ്ഠന്‍ നായര്‍ അദ്ദേഹത്തിന്റെ വഞ്ചിക്കപ്പെട്ട വേണാട് എന്ന പുസ്തകത്തില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്. 
കന്നിമാസത്തിന്റെ അവസാന ഗഡുവില്‍ പുന്നപ്രയിലും ചേര്‍ത്തലയിലും നടന്ന സംഭവങ്ങള്‍ യുക്തിയുടെയും ന്യായത്തിന്റെയും  പരിധി ഉല്ലംഘിച്ചു. ആക്ഷന്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് കാത്തിരിക്കാന്‍ സാധിച്ചില്ല. മറ്റു തൊഴിലാളി വിഭാഗങ്ങളോട് ആലോചിക്കാന്‍ സാധിച്ചില്ല. പല സ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന ശക്തി കേന്ദ്രീകരിച്ചു ശാസ്ത്രീയമായി വിന്യസിക്കാന്‍ കഴിഞ്ഞില്ല. ഏകീകൃതമായ നേതൃത്വം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. വിവിധ കേന്ദ്രങ്ങള്‍ തമ്മില്‍ സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിഞ്ഞില്ല" (പേജ് 34, വഞ്ചിക്കപ്പെട്ട വേണാട്).
 
ചുരുക്കത്തില്‍ പറഞ്ഞാല്‍ നേതാക്കളുടെ ചതിയില്‍പ്പെട്ട് പുന്നപ്രയിലും വയലാറിലും കുറെ നിസ്സഹായരായ പാവങ്ങള്‍ മരിക്കാനിടയായ ദുരന്തമാണ് 1946 ഒക്ടോബര്‍ 24 നും 27 നും സംഭവിച്ചത്.
ചരിത്ര വസ്തുതകളില്‍ നിന്നും പുന്നപ്ര-വയലാര്‍ സംഭവങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.
1.    പുന്നപ്ര വയലാര്‍ സംഭവങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ല. സ്വാതന്ത്ര്യ സമരം അവസാനിക്കുകയും കേന്ദ്രത്തില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനും ശേഷമുള്ള സംഭവങ്ങളാണിത്.
2. ഈ സംഭവങ്ങള്‍ അക്കാലത്ത് തിരുവിതാംകൂര്‍ സംസ്ഥാനത്താകെ നടന്നുവന്ന ഉത്തരവാദ ഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമല്ല. പ്രസ്തുത പ്രക്ഷോഭം നടത്തിയത് സ്റ്റേറ്റ് കോണ്‍ഗ്രസ്സാണ്.
3. ഈ സംഭവങ്ങള്‍  സ്വതന്ത്ര തിരുവിതാംകൂര്‍വാദത്തിനെതിരായ സമരമല്ല. സ്വതന്ത്ര തിരുവതാംകൂര്‍ വാദം ഉന്നയിക്കപ്പെട്ടത് 1947 ജൂണിലാണ്. (പുന്നപ്ര-വയലാറിനും 8 മാസങ്ങള്‍ക്ക് ശേഷം).
4. പുന്നപ്രയില്‍ നടന്നത് രണ്ട് സമ്പന്ന കുടുംബങ്ങള്‍ തമ്മില്‍ ഒരു വിവാഹം മുടങ്ങിയതു സംബന്ധിച്ചുണ്ടായ വിരോധവും തുടര്‍ന്നുണ്ടായ സംഘട്ടനങ്ങളും അതിന്റെ അനന്തര ഫലവുമാണ്.
5. വയലാര്‍ വെടിവെയ്പ്പ് നേതാക്കളുടെ ചതിയും വഞ്ചനയും മൂലം ഉണ്ടായ ദുരന്തമാണ്.
എന്നിട്ടും ഒരു വിഭാഗം നേതാക്കള്‍ പുന്നപ്ര-വയലാര്‍ സംഭവങ്ങളെ മഹത്വവല്‍ക്കരിക്കുവാന്‍ ശ്രമിക്കുന്നത് 1942 ലെ ജാള്യത (ക്വിറ്റ് ഇന്ത്യാ സമരത്തെ എതിര്‍ത്തതിന്റെ) മറച്ചു വയ്ക്കുവാനും, ഖജനാവില്‍ നിന്നും  പ്രതിവര്‍ഷം 8.28 കോടി രൂപാ 1150 കമ്മ്യൂണിസ്റ്റുകാര്‍   സ്വാതന്ത്ര്യസമര പെന്‍ഷനായി ചോര്‍ത്തിക്കൊണ്ടു പോകുന്നത് ന്യായീകരിക്കാനുമാണ്.

1 comment:

  1. Dear Hari,
    Thanx for writing the truth. We all know how communists add new lies to enhance their filthy propaganda. More people should know the truth. They only did what was necessary to increase their hold in our state leaving our economy totally destroyed. Congress r not that righteous themselves. Anyway, nice article. Keep on writing.

    ReplyDelete