ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇല്ലാത്തൊരു വല്ലാത്ത സമരനായകന്‍

                         പുന്നപ്ര-വയലാര്‍ സമരം - അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ ഊരും പേരും അറിയാത്ത നൂറു
കണക്കിന് കര്‍ഷക-കയര്‍, മത്സ്യതൊഴിലാളികള്‍ മണ്‍കൂനകളായിത്തീര്‍ന്നകഥ. അവരുടെ രക്തവും മാംസവും അനേകം നേതാക്കള്‍ക്ക് 'സമരനായകര്‍' എന്ന പദവി ചാര്‍ത്തി നല്‍കി, എം.എല്‍.എ.മാരും, എം.പി.മാരും, മന്ത്രിമാരും, മുഖ്യമന്ത്രിമാരും ആക്കി മാറ്റി. ഇവരുടെയിടയില്‍ പുന്നപ്ര-വയലാര്‍ സമരനായകന്‍ എന്ന് സ്വയം നടിക്കുന്ന വി.എസ്. അച്യുതാനന്ദന്‍ യഥാര്‍ത്ഥത്തില്‍ സമരനായകന്‍ ആയിരുന്നോ?

 ''ഞാനും, സൈമണ്‍ ആശാനും മറ്റുള്ളവരും ചേര്‍ന്ന് പുന്നപ്ര മുതല്‍ വാടയക്കല്‍വരെയുള്ള മത്സ്യതൊഴിലാളികളെ സംഘടിപ്പിക്കാന്‍ ശ്രമം നടത്തി''. ചിന്തപബ്ലിഷേഴ്‌സ് (2006) പ്രസിദ്ധീകരിച്ച ''പുന്നപ്ര-വയലാര്‍ സമരം അനുഭവങ്ങളിലൂടെ'' എന്ന ലേഖനസമാഹാരം ഭാഗം രണ്ട് - രണ്ടാം ലേഖനത്തില്‍ വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവനയാണ് മുകളില്‍ ഉദ്ധരിച്ചത്. ഈ പ്രസ്താവനയില്‍ നിന്ന്  ഒരുകാര്യം വ്യക്തമാണ്. 1122 തുലാം പത്താം തീയതിയിലെ (അഥവാ 1946 ഒക്‌ടോബര്‍ 27) വയലാര്‍ വെടി വെയ്പ്പിലേക്കു നയിച്ച ചേര്‍ത്തല താലൂക്കിലെ തൊഴിലാളി പ്രവര്‍ത്തനങ്ങളില്‍ തനിക്ക് പങ്കുണ്ടെന്ന് അച്യുതാനന്ദന്‍ അവകാശപ്പെടുന്നില്ല. അതിനാല്‍ പുന്നപ്ര-വയലാര്‍ സമരനായകന്‍ എന്ന പദവിയില്‍ നിന്ന് വയലാര്‍ ഭാഗം നിസംശയം വെട്ടി നീക്കാം. ശേഷിക്കുന്നത് അദ്ദേഹം പുന്നപ്ര സമരനായകന്‍ ആണോ എന്ന ചോദ്യമാണ്. അതിന് 1122 തുലാം 7 (1946 ഒക്‌ടോബര്‍ 24) ലെ പുന്നപ്ര വെടിവെയ്പിലും പശ്ചാത്തല സംഭവങ്ങളിലും അദ്ദേഹത്തിന്റെ ഭാഗം എന്ത് എന്ന് ''പുന്നപ്ര-വലയാര്‍ സമരം അനുഭവങ്ങളിലൂടെ'' എന്ന ഗ്രന്ഥത്തില്‍ തെളിവുകളുണ്ടോ എന്നുനോക്കാം. മേല്‍പറഞ്ഞ ലേഖനസമാഹാരത്തിലെ ആദ്യലേഖനം പുന്നപ്ര സമരസേനാനി എച്ച്.കെ. ചക്രപാണിയുടേതാണ്. പുന്നപ്ര ക്യാമ്പ് ആക്രമിച്ച് എസ്.ഐ. നാടാരെ വെട്ടാന്‍ ആജ്ഞ നല്‍കുന്നത് പി.കെ. ചന്ദ്രാനന്ദന്‍ ആണെന്നു വ്യക്തമാക്കുന്ന ലേഖനത്തിന്റെ ഒരിടത്തും അച്യുതാനന്ദന്‍ വരുന്നതേയില്ല.
 
രണ്ടാം ലേഖനം കെ.എസ്. ബെന്‍ എന്ന സമരനായകന്റേതാണ്. വി.എ. സൈമണ്‍ ആശാന്‍, ടി.വി. തോമസ്, പി.പി.ജോണ്‍കുട്ടി, ടി.സി. പത്മനാഭന്‍, വി.കെ.ഭാസ്‌കരന്‍ എന്നിവരെ സമരനായകരായി പറയുന്നു. 1121 കര്‍ക്കടകം 21 ന് സൈമണ്‍ ആശാനെ അറസ്റ്റുചെയ്തതായി രേഖപ്പെടുത്തുന്നു. ''ഞാനും'' കൂടി ഒപ്പമില്ല. നാടാര്‍ കൊലക്കേസ്സ് (പുന്നപ്ര സംഭവം) പ്രതികളായ 95 പേരുടെ ലിസ്റ്റ് ലേഖനത്തിന്റെ അവസാനമുണ്ട് ''ഞാനും'' അതിലുമില്ല.മൂന്നാം ലേഖനം വി.കെ.വാസവന്‍ എന്ന നേതാവിന്റെയാണ്. ഇവിടെ പുന്നപ്ര സംഭവങ്ങളില്‍ സൈമണ്‍ ആശാന്റെ നേതൃത്വപരമായ പങ്ക് വിശദീകരിക്കുന്നുണ്ട്. പി.ടി. പുന്നൂസ്സ്, ആര്‍. സുഗതന്‍, കുമാരന്‍ വക്കീല്‍, വി.കെ. കരുണാകരന്‍, എന്‍.എസ്.പി.പണിക്കര്‍, കെ.എസ്. ബെന്‍ ഇവരെയൊക്കെപ്പറ്റി പറയുന്നുണ്ട്. ''ഞാനും'' മാത്രമില്ല.നാലും, ആറും ലേഖനങ്ങള്‍ സൈമണ്‍ ആശാന്റെ സന്തതസഹചാരികളുടേതാണ്. രണ്ടു ലേഖനങ്ങളിലും അച്യുതാനന്ദന്‍ അവകാശപ്പെട്ടതുപോലെ സൈമണ്‍ ആശാന്റെ കൂടെ ''ഞാനും'' ഉള്ളതായി കാണുന്നില്ല. ആറാം ലേഖനത്തിന്റെ തന്നെ ഭാഗമായി വട്ടയാല്‍ പള്ളി സംഭവത്തിലെ 22 പ്രതികളുടെ ലിസ്റ്റ് ചേര്‍ത്തിട്ടുണ്ട്. ഒന്നാം പേരുകാരന്‍ സൈമണ്‍ ആശാനാണെങ്കിലും ''ഞാനും'' അവിടെയുമില്ല.
 
13-ാം ലേഖനം പുന്നപ്ര സമരസേനാനി കറുകപ്പറമ്പില്‍ യോഹന്നാന്റെ അനുഭവങ്ങളാണ്. പുന്നപ്രയിലെ കയര്‍-മത്സ്യമേഖലയില്‍ സൈമണ്‍ ആശാന്‍, ആര്‍. സുഗതന്‍, കെ.എസ്.ബെന്‍, ടി.വി. തോമസ് എന്നിവര്‍ നേതൃത്വം നല്കി പ്രവര്‍ത്തിച്ചിരുന്നതായി പ്രസ്താവിക്കുന്നുണ്ട്. 14 ാം ലേഖനത്തില്‍ വാരിയംപറമ്പില്‍ കൃഷ്ണന്‍ എന്ന സമരസേനാനി പറയുന്നത് സൈമണ്‍ ആശാന്‍, കെ.വി.പത്രോസ്, എം.എന്‍. ഗോവിന്ദന്‍ നായര്‍, പി.റ്റി. പുന്നൂസ്സ്, ആര്‍. സുഗതന്‍ എന്നിവര്‍ പുന്നപ്ര സമരത്തിന്റെ നേതൃസ്ഥാനത്തു പ്രവര്‍ത്തിച്ചു എന്നാണ്. 13ലും 14ലും സൈമണ്‍ ആശാന്‍ ഉണ്ട്, ''ഞാനും'' ഇല്ല. 
1946 ല്‍ വെറും 23 വയസ്സുകാരന്‍ ആയതുകൊണ്ടാണോ ''ഞാനും'' (അച്യുതാനന്ദന്‍) ഉണ്ടെന്ന് ''പുന്നപ്ര-വയലാര്‍ സമരം - അനുഭവങ്ങളിലൂടെ''യില്‍ (ചിന്ത പബ്ലിഷേഴ്‌സ്) ആരും പറയാതിരുന്നത്. എങ്കില്‍ പല ലേഖനങ്ങളിലും 19 വയസ്സുകാരന്‍ പി.കെ.ചന്ദ്രാനന്ദന് നായകസ്ഥാനം നല്‍കിയതോ. അന്ന് (1946) 12 വയസ്സ് മാത്രമുള്ള ടി.കെ. പളനിക്കുവേണ്ടി (1996 ലെ മാരാരിക്കുളം വിപ്ലവത്തിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി) പ്രസ്തുത പുസ്തകത്തിന്റെ 126-ാം പേജില്‍ തലക്കെട്ടോടുകൂടിയ പ്രത്യേക പരിഗണനനല്‍കിയതും, പ്രായം കുറഞ്ഞതുകൊണ്ട് ആരെയും ഒഴിവാക്കിയിട്ടില്ല എന്നതിന് തെളിവാണ്.
 
സി.പി.എം. ആഭിമുഖ്യത്തിലുള്ള ചിന്ത പബ്ലിഷേഴ്‌സ് 2006 ല്‍ പുറത്തിറക്കിയ ''പുന്നപ്ര-വയലാര്‍ സമരം അനുഭവങ്ങളിലൂടെ'' യില്‍ പ്രമുഖ സമരസേനാനികള്‍ ആരും സമരത്തില്‍ വി.എസ്. അച്യുതാനന്ദന്റെ സംഭാവന പറയുന്നില്ല. മാത്രമല്ല പുന്നപ്ര സമരത്തില്‍ ''ഞാനും സൈമണ്‍ ആശാനും'' എന്ന് അച്യുതാനന്ദന്‍ എഴുതിയ സൈമണ്‍ ആശാന്‍ എല്ലായിടത്തും ഒന്നാമനായി സ്മരിക്കപ്പെടുന്നുണ്ട്. അച്യുതാനന്ദനെ ആരും വെട്ടിനിരത്തിയതല്ല. പുന്നപ്ര സമരത്തില്‍ അച്യുതാനന്ദന് സ്വയം പ്രചരിപ്പിക്കുന്ന നായകസ്ഥാനം ഇല്ല എന്നുള്ളതാണ് സത്യം. പുന്നപ്ര-വയലാറില്‍ ജീവത്യാഗം ചെയ്ത പാവപ്പെട്ട തൊഴിലാളികളെ അപഹസിക്കുവാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരിക്കലും ശ്രമിച്ചിട്ടില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയേയും, പാര്‍ട്ടി നേതാക്കന്മാരേയും അന്ധമായി വിശ്വസിച്ചതുകൊണ്ടാണ്  അവര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടത് എന്ന് തുറന്നു പറയുകമാത്രമേ ചെയ്തിട്ടുള്ളൂ. പൊള്ളയായ അവകാശവാദങ്ങളും നിറംപിടിപ്പിച്ചനുണകളും ചേര്‍ത്ത് കെട്ടിച്ചമച്ചുണ്ടാക്കി കപടവിപ്ലവനാടകമായിരുന്നു പുന്നപ്ര-വയലാര്‍ സമരം. 
പുന്നപ്ര സമരം കലാശിക്കുന്നത് പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിലാണ്. 30 ല്‍ താഴെ പൊലീസ്സുകാര്‍ മാത്രമേ ക്യാമ്പിലുണ്ടായിരുന്നുള്ളു. ആയിരക്കണക്കിന് സായുധമായ കമ്യൂണിസ്റ്റുകാര്‍ ക്യാമ്പ് വളഞ്ഞു. തിരുവിതാംകൂര്‍ പൊലീസിലെ സാത്വികനെന്ന് അറിയപ്പെട്ട വേലായുധന്‍ നാടാരായിരുന്നു ക്യാമ്പിന്റെ ഇന്‍സ്‌പെക്ടര്‍. സഹപ്രവര്‍ത്തകര്‍ തടഞ്ഞിട്ടും, ''എന്നെ ആരും ഒന്നും ചെയ്യുകയില്ല, ഞാന്‍ ഈശ്വരവിരോധം ചെയ്തിട്ടില്ല'' എന്നു പറഞ്ഞു കൊണ്ട് നാടാര്‍ ഒറ്റയ്ക്ക് നിരായുധനായി ജനക്കൂട്ടത്തിന്റെ അടുത്തേയ്ക്ക് ചെന്നു.
 
സമരക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തിയ പോലെ ജാഥ പിരിഞ്ഞുപോകണമെന്ന് അപേക്ഷാ രൂപത്തില്‍ തൊഴുകൈകളോടെ (പേജ് 58 പുന്നപ്ര-വയലാര്‍ സമരം-അനുഭവങ്ങളിലൂടെ) ആവശ്യപ്പെട്ടു. ''എസ്.ഐ.നാടാര്‍ തന്റെ തൊപ്പി പുറകോട്ടിട്ടു. അതൊരു കീഴടങ്ങലായിരുന്നു''. (പേജ് 37 പുന്നപ്ര-വയലാര്‍ സമരം അനുഭവങ്ങളിലൂടെ). ഇന്‍സ്‌പെക്ടര്‍ മുന്നോട്ടു വന്ന് ലീഡര്‍മാരായ പത്മനാഭനും, കെ.ജെ.നിക്‌സാസ്സുമായി സംസാരിച്ചു. (പേജ് 137. കെ.സി.ജോര്‍ജ് പുന്നപ്ര-വയലാര്‍). പെട്ടെന്ന് പി.കെ. ചന്ദ്രാനന്ദന്‍ പറഞ്ഞു 'വെട്ടെടാ'. നാടാരെ തെങ്ങുകയറ്റ തൊഴിലാളി കുഞ്ഞുണ്ണിപ്പരവന്‍ തന്റെ പണിയായുധം കൊണ്ടുവെട്ടി. ഒറ്റവെട്ടിന് തലയറ്റുവീണ നാടാരുടെ ശരീരത്തില്‍ 196 കുത്തുകള്‍ കിട്ടി. (പേജ് 18 പുന്നപ്ര-വയലാര്‍ - അനുഭവങ്ങളിലൂടെ) പിന്നെയാണ് പോലീസുകാര്‍ പ്രാണരക്ഷാര്‍ത്ഥം വെടി വച്ചത്. യഥാര്‍ത്ഥത്തില്‍ പുന്നപ്ര-വയലാര്‍ സമരത്തിലെ ആദ്യരക്തസാക്ഷി വേലായുധന്‍ നാടാരാണ്. പുന്നപ്ര ക്യാമ്പു സ്ഥിതി ചെയ്തിരുന്നത് അപ്‌ളോണ്‍ അരൂജിന്റെ കെട്ടിടത്തിലായിരുന്നു. കമ്യൂണിസ്റ്റുകാര്‍ പറയുന്ന അപ്‌ളോണ്‍ അരൂജെന്ന ജന്മി. 1974 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക സമരചരിത്രത്തില്‍ ജന്മിയായ അപ്‌ളോണ്‍ അരൂജ് എന്ന് എഴുതിയ കെ.സി.ജോര്‍ജ് 1971 ല്‍ അതു തിരുത്തി. അപ്‌ളോണ്‍ അരൂജ് ജന്മിയായിരുന്നില്ല, കമ്യൂണിസ്റ്റ് വിരോധിമാത്രമായിരുന്നു. (പേജ് 95 പുന്നപ്ര-വയലാര്‍-കെ.സി.ജോര്‍ജ്). ചുരുക്കത്തില്‍ നാടാര്‍ കൊലക്കേസ് എന്ന് പുന്നപ്ര സമരത്തെ വിളിക്കാം.
 
വയലാറിലാകട്ടെ പട്ടാളക്കാരുടെ വെടിയുണ്ടകള്‍ക്ക് ഇരയായി അസംഖ്യം തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് നേതാക്കന്മാരുടെ പരാജയം കൊണ്ടുമാത്രമാണ്. ''തുലാം ഏഴിന് പുന്നപ്ര വെടിവയ്പുനടന്നപ്പോള്‍ തന്നെ വയലാര്‍ ക്യാമ്പു പിരിച്ചുവിടാന്‍  നിര്‍ദ്ദേശിച്ചുകൊണ്ട് കെ.വി.പത്രോസ്-സുപ്രീം കമാന്‍ഡര്‍ വയലാറിലേക്ക് ഒരു കത്തു കൊടുത്തയച്ചു. കത്തുകിട്ടിയത് എന്റെയും കുമാരപണിക്കരുടേയും കയ്യിലാണ്. കിട്ടുന്നത് വയലാര്‍ വെടി വയ്പുകഴിഞ്ഞ് തുലാം പത്തിന് രാത്രി പത്തുമണിക്ക്. താമസംവരാനുള്ള കാരണം ഇന്നും അജ്ഞാതമാണ്. ക്യാമ്പ് പിരിട്ടുവിട്ട് പ്രവര്‍ത്തകര്‍ സ്ഥലം വിടുക എന്നതാണ് കത്തില്‍ എഴുതിയിരുന്നത്''. (പേജ് 146 ല്‍ സി.കെ. ഭാസ്‌കരന്‍ പുന്നപ്ര-വയലാര്‍ സമരം-അനുഭവങ്ങളിലൂടെ). ''തുലാം പത്തിന് മുമ്പ് ക്യാമ്പ് പിരിച്ചുവിടണം എന്ന നിര്‍ദ്ദേശം ഞങ്ങള്‍ക്കു കിട്ടിയിരുന്നില്ല. ഒരു പക്ഷെ നേതാക്കള്‍ക്ക് അറിയാമായിരുന്നിരിക്കാം. ഒരു സര്‍ക്കുലര്‍ കിട്ടി, പിരിഞ്ഞുപോകാനാണ് എഴുതിയിരുന്നത്. തുലാം അഞ്ചിന് എഴുതിയത് പതിനാറിനു കിട്ടി. അങ്ങിനെ സംഭവിച്ചതിലെ മറ്റു കാര്യങ്ങള്‍ അറിയില്ല''. (പേജ് 161 വാവ ആശാന്‍ -പുന്നപ്ര-വയലാര്‍ സമരം-അനുഭവങ്ങളിലൂടെ). ''പട്ടാളം വന്നാല്‍ വെടിവയ്ക്കില്ല എന്ന ധാരണയുണ്ടായിരുന്നു. പ്രത്യേകിച്ചും മഹാരാജാവിന്റെ തിരുനാള്‍ ആഘോഷിക്കുന്ന അവസരത്തില്‍''. (പേജ് 149 പി.എ. ഗംഗാധരന്‍ പുന്നപ്ര-വയലാര്‍ സമരം - അനുഭവങ്ങളിലൂടെ). കത്തുകള്‍ വൈകിയതെങ്ങനെ. മേല്‍പറഞ്ഞ ധാരണ ആരുനല്‍കി. ചരിത്രാതീതകാലത്തെ സംഭവങ്ങള്‍വരെ പുനരന്വേഷിച്ച് തെറ്റുതിരുത്തുന്ന സി.പി.എം. ഇനിയെങ്കിലും അന്വേഷിക്കുമോ.
 
പുന്നപ്ര-വയലാര്‍ രക്തസാക്ഷികളുടെ പ്രസ്ഥാനത്തോടുള്ള ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും, പാര്‍ട്ടി നേതാക്കന്മാരോടുള്ള കൂറും വിശ്വാസവും ചോദ്യം ചെയ്യപ്പെടാനാവാത്തതും സ്മരണാര്‍ഹവുമാണ്. പക്ഷേ അവരെ വെടിയുണ്ടകള്‍ക്കുമുന്നിലേയ്ക്കു തള്ളി വിടുകയും, യഥാസമയം നിര്‍ദ്ദേശങ്ങള്‍ നല്‍കാതെ ഒളിക്കുകയും, പുഴയായി ഒഴുകിയ ചോരയ്ക്ക് വില പറഞ്ഞ് ഉന്നതങ്ങളില്‍ എത്തുകയും ചെയ്തവര്‍ ആരോണാ അവരുടെ ചെയ്തികളിലെ വഞ്ചന വിളിച്ചുപറയുമ്പോഴാണ് രക്തസാക്ഷി മണ്ഡപങ്ങളിലെ മൃഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചുകൊണ്ട് അശാന്തരായി അലയുന്ന തൊഴിലാളികളുടെ ആത്മാക്കള്‍ക്ക് മുക്തിയും മോക്ഷവും ലഭിക്കുന്നത്. അത് എല്ലാ ജനാധിപത്യവിശ്വാസികളുടേയും കടമയുമാണ്. ഇനിയും പറയാന്‍ പോകുന്നത് ചരിത്രമല്ല. കഥ മാത്രമാണ്. 1122 തുലാം മാസത്തിലെ ഒരു പ്രഭാതം. ആലപ്പുഴ പട്ടണത്തിലെ പ്രശസ്ത കയര്‍ ഫാക്ടറിയുടെ സമീപത്തെ ചെറിയ പീടികമുറിയുടെ മുമ്പില്‍ കുറേ കയര്‍ ഫാക്ടറി തൊഴിലാളി സ്ത്രീകള്‍ കൂടി നില്‍ക്കുന്നു. അവര്‍ ആരേയോ ശപിക്കുകയും ശകാരിക്കുകയും ചെയ്യുന്നുണ്ട്. പീടികയില്‍ പ്രവര്‍ത്തിച്ചിരുന്ന തയ്യല്‍ക്കട ഒരാഴ്ചയായി തുറക്കുന്നില്ല. സ്ത്രീ തൊഴിലാളികള്‍ തയ്ക്കാന്‍ നല്‍കിയ തുണികളുമായി യുവാവായ തയ്യല്‍ക്കാരന്‍ മുങ്ങിയിരിക്കുന്നു. പുന്നപ്ര-വയലാര്‍ സമരത്തിന് തൊട്ടു മുമ്പും പിമ്പും അമ്പലപ്പുഴ-ചേര്‍ത്തല താലൂക്കുകളിലെ എല്ലാ കുറ്റകൃത്യങ്ങളിലേയും പ്രതികളുടെ പേരില്‍ പുന്നപ്ര-വയലാര്‍ സമരവുമായി ബന്ധപ്പെട്ട രാഷ്ട്രീയകുറ്റംകൂടി ചുമത്തുന്ന പതിവ് സര്‍.സി.പിയുടെ പൊലീസിന് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. തയ്ക്കാന്‍ നല്‍കിയ തുണികള്‍ നഷ്ടപ്പെട്ട സ്ത്രീതൊഴിലാളികള്‍ പൊലീസില്‍ പരാതിപ്പെട്ടുകാണണം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എ.കെ.ജി എന്നാണ് കമ്യൂണിസ്റ്റായത് ?

തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിമാരുടെ മധ്യത്തില്‍ ഭസ്മവും പൂശി   ഭാര്യാസമേതനായി ഇരുന്ന ഇ.എം.എസിന്റെ ചിത്രമായിരുന്നു  ആര്‍.എസ്.എസുകാരും വിശ്വഹിന്ദു പരിഷത്തുകാരും ഉപയോഗിച്ചിരു ന്നെങ്കില്‍ പിണറായി ഇത്രയും ക്ഷോഭിക്കുമായിരുന്നോ ? ഞങ്ങളുടെ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കുമറിഞ്ഞുകൂടാ' മാധ്യമപ്രവര്‍ത്തകരോടും എതിര്‍പാര്‍ട്ടി നേതാക്കളോടും പിണറായി വിജന്‍ ആവര്‍ത്തിച്ചു പറയാറുള്ള ഒരു വെല്ലുവിളിയാണിത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ വിജയന് സ്വന്തം പാര്‍ട്ടിയെപ്പറ്റി അറിയാവുന്ന 'ചുക്ക്' എന്താണെന്ന് കഴിഞ്ഞ ദിവസം എ.കെ.ജി ദിനാചരണം സംബന്ധിച്ച് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ച കാര്യം 23-ാം തീയതി ശനിയാഴ്ച പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസുകാരും വിശ്വഹിന്ദുപരിഷത്തുകാരും അവരുടെ സമ്മേളനങ്ങള്‍ പ്രമാണിച്ച് പ്രദര്‍ശിപ്പിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകളില്‍ എ.കെ.ഗോപാലന്റെ പടം പ്രദര്‍ശിപ്പിച്ചിട്ടുള്ളത് പിണറായിയെ പ്രകോപിപ്പിച്ചു.   ഗുരുവായൂര്‍ സത്യാഗ്രഹം പ്രമാണിച്ച് നിരാഹാരവ്രതം അനുഷ്ഠിച്ചിരുന്ന കെ.കേളപ്പന്റെ സമീപത്ത് വാളന്റിയര്‍ ക്യാപ്ടന്‍ എ

അവരും ഇവരും തമ്മിലെന്ത് ?

ഫിഡല്‍ കാസ്‌ട്രോയും ഹോചിമിനും ഡി.വൈ.എഫ്.ഐയും തമ്മില്‍ എന്തു ബന്ധമാണ്. കാസ്‌ട്രോയും ഹോചിമിനും ഡിഫിക്കാരാണോ. അതോ ഡിഫി കേന്ദ്ര - സംസ്ഥാന നേതാക്കളുടെ ചിത്രം വയ്ക്കുന്ന നാണക്കേട് ഒഴിവാക്കാനാണോ ഡിഫിക്കാര്‍ ഹോചിമിന്റെയും കാസ്‌ട്രോയുടെയും ചിത്രം പോസ്റ്ററുകളിലും നോട്ടീസുകളിലും നിറയെ അച്ചടിച്ചിറക്കുന്നത്. ഇന്ത്യന്‍ വിപ്ലവത്തിന്റെ ദത്തുപുത്രനായ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്‍ ഇ.എം.എസിനെപോലും പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണ്. മനുഷ്യര്‍ക്ക് വിവരം വയ്ക്കുമ്പോള്‍ ഇങ്ങനെയായിരിക്കും എന്ന് സമാധാനിക്കാം.   പറഞ്ഞ് കേട്ട അറിവ് വച്ച് എണ്‍പതുകളില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം പോലും അന്നത്തെ കമ്യൂണിസ്റ്റുകാര്‍ പോസ്റ്ററുകളില്‍ അച്ചടിച്ചിരുന്നില്ല. വ്യക്തിപൂജയില്ലാത്ത പാര്‍ട്ടി, പാര്‍ട്ടിയ്ക്കാണ് വോട്ട്, വ്യക്തിക്കല്ല. നന്നായി. കാല്‍നൂറ്റാണ്ടിന് ശേഷം ഈ നല്ല കമ്യൂണിസ്റ്റുകാരെ ഞാന്‍ ഒന്ന് നോക്കട്ടെ. പാര്‍ട്ടി ഓഫീസിന്റെ മുന്‍വശത്ത് പിണറായിയുടെ കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡ്, പിന്‍വശത്ത് അച്യുതാനന്ദന്റെ അത്രവലിപ്പമില്ലാത്ത ഒരു ഫഌക്‌സ് ബോര്‍ഡ്. വി.എസ്. ഫഌക്‌സ് പിന്നിലാക്കാന്‍ കാരണം അത് തിരഞ്ഞെടുപ്പിന് മ

കൊമ്പുള്ള പോലീസും സി.പി.എമ്മിന്റെ ഭൂസമരവും

​   cpim.jpg ​2013 ജനുവരി രണ്ടിലെ ദേശാഭിമാനി ദിനപത്രത്തിന്റെ ഒന്നാം പേജിലെ പ്രധാന തലവാചകം ഇപ്രകാരമായിരുന്നു: ഭൂ സമരത്തിന്‌ ഉജ്വല തുടക്കം. തൃശൂരിലെ വടക്കാഞ്ചേരി വക്കേക്കളം എസ്‌റ്റേറ്റിലെ സി.പി.എം സമരം ഉദ്‌ഘാടനം ചെയ്യുന്ന സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ ഫോട്ടോയോടൊപ്പം ചേര്‍ത്തിരിക്കുന്ന വാര്‍ത്ത തുടങ്ങുന്നത്‌ ഇങ്ങനെ: മണ്ണിന്‌ വേണ്ടിയുള്ള പോരാട്ടങ്ങളുടെ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച്‌ ഭൂസംരക്ഷണ സമരത്തിന്‌ ഉജ്വല തുടക്കം. മുദ്രാവാക്യങ്ങള്‍ ഇടിമുഴക്കം തീര്‍ത്ത അന്തരീക്ഷത്തില്‍ രക്‌തഹാരവും ചുവന്ന റിബണുകളും അണിഞ്ഞ്‌ ചെങ്കൊടികളുമായി സമരഭടന്‍മാര്‍ മുഷ്‌ടിചുരുട്ടി ചുവടുവച്ചപ്പോള്‍ പുതുവര്‍ഷപ്പുലരി പ്രകമ്പനം കൊണ്ടു. മണ്ണിനും മണ്ണിനെ സംരക്ഷിക്കാനുമായി ജയിലറകളിലേക്ക്‌ പോകുമെന്ന പ്രഖ്യാപനത്തിനു മുന്നില്‍ ആദ്യദിനം തന്നെ സര്‍ക്കാര്‍ മുട്ടുമടക്കി. തുടര്‍ന്ന്‌ വാര്‍ത്ത ഇങ്ങനെ പറഞ്ഞു: പാവപ്പെട്ടവന്‌ അവകാശപ്പെട്ട ഭൂമി െകെവശപ്പെടുത്താന്‍ കുത്തകകളെ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ്‌ സമരം. ഈ വാര്‍ത്തക്കുനേരെ വലതുചേര്‍ന്നുള്ള ഫോട്ടോ, എറണാകുളം