Welcome english

KERALA STUDENTS UNION (KSU) WELCOMES YOU
Make This Your Homepage

Sunday, January 1, 2012

ഒരേയൊരു പ്രസ്ഥാനം ഒരൊറ്റ ഇന്ത്യ; കോണ്‍ഗ്രസിന് 126

                                          ഇന്ത്യയെ ഒന്നായി വീക്ഷിക്കുവാനും, രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ ദേശീയമായ കാഴ്ചപ്പാടോടെ കൈകാര്യം ചെയ്യുവാനും കഴിയുന്ന ഏക പ്രസ്ഥാനം ഇന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്.
ഇടക്കാലത്ത് പല രാഷ്ട്രീയപ്രസ്ഥാനങ്ങളും ഇന്ത്യയുടെ ഭരണസാരഥ്യം കൈയേല്‍ക്കാനിടയായെങ്കിലും അവയ്‌ക്കൊന്നും ജനങ്ങളുടെ വിശ്വാസം നേടാനോ ഉറച്ച ഭരണകൂടം നിലനിര്‍ത്താനോ കഴിഞ്ഞില്ലെന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനുള്ള അനിവാര്യത വിളിച്ചോതുന്നു. 1885 ഡിസംബര്‍ 28 ന് ബോംബെയിലെ ഗോകുല്‍ദാസ് തേജ് പാല്‍ സംസ്‌കൃത കോളജ് ഹാളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ജന്മമെടുത്തു. കോണ്‍ഗ്രസ് ഒരു ദേശീയ ബഹുജന പ്രസ്ഥാനമെന്ന നിലയിലേക്കു വളര്‍ന്നത് ഗാന്ധിജി നേതൃത്വം ഏറ്റെടുത്തതോടെയാണ്. ചുറ്റുമുള്ള പല രാജ്യങ്ങളുടെയും അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മുടെ രാജ്യം ഇന്നും ജനാധിപത്യവ്യവസ്ഥ നല്കുന്ന സുരക്ഷിതത്വമാര്‍ന്ന ചട്ടക്കൂടിനുള്ളില്‍ ക്രമാനുഗതമായ അഭിവൃദ്ധി നേടിത്വരിതപ്രയാണം നടത്തുന്നതായി കാണാം.  അയല്‍രാജ്യങ്ങളില്‍ പലതും നേരിടുന്ന ഭരണപരമായ അസ്ഥിരതകളോ അനിശ്ചിതത്വമോ ഭീഷണികളോ, രാജ്യത്തിനുള്ളില്‍ത്തന്നെയുള്ള നിയന്ത്രണാതീതമായ വംശീയമോ വിഘടനാപരമോ ആയ വെല്ലുവിളികളോ ഇല്ലാത്ത രാജ്യമാണ് ഇന്ത്യ.
 
സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യ കൈവരിച്ച പുരോഗതിയെ ലോകം വിസ്മയത്തോടെയാണ് നോക്കിക്കാണുന്നത്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്ത് ഇന്ത്യ മൂന്നാം ലോകരാജ്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഒരു രാഷ്ട്രമായിരുന്നു. ചേരിചേരാനയം, സമാധാനപരമായ സഹവര്‍ത്തിത്വം എന്നീ മേഖലകളില്‍ പുതിയ പന്ഥാവു വെട്ടിത്തുറന്ന് ലോകരാജ്യങ്ങള്‍ക്കിടയില്‍ നില്‍ക്കാനുള്ള പ്രാപ്തി നെഹ്‌റുവാണ് ഇന്ത്യയ്ക്കു നേടിക്കൊടുത്തത്. തകര്‍ന്ന ഗ്രാമങ്ങള്‍, തൊഴിലില്ലായ്മ, ദാരിദ്ര്യം എന്നിവയാല്‍ അതിജീവനം അസാധ്യമെന്നു തോന്നുന്ന ഒരു കാലഘട്ടമായിരുന്നു, ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയത്.  ആ സാഹചര്യത്തില്‍നിന്നാണ് ഇന്ത്യയെ പണ്ഡിറ്റ് നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് ഉയര്‍ത്തിക്കൊണ്ടുവന്നത്. സോഷ്യലിസ്റ്റ് സാമൂഹികക്രമം ഉന്നം വച്ചുകൊണ്ടും ആസൂത്രണത്തിന്റെ പുതിയ മാനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടും, മിശ്രസമ്പദ്‌വ്യവസ്ഥ സ്വീകരിച്ചുകൊണ്ടും നമുക്ക് വളരെ വേഗം പുരോഗതിയുടെ പാതയില്‍ മുന്നേറാനായി.
 
നെഹ്‌റുവിന്റെ കാലശേഷം ഇന്ദിരാഗാന്ധിക്ക് കനത്ത വെല്ലുവിളികളാണ് ഏറ്റെടുക്കാനുണ്ടായിരുന്നത്. ഇന്ദിരാഗാന്ധി ഗ്രാമീണരായ പാവപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള പരിപാടികള്‍ അടിയന്തരപ്രധാന്യത്തോടെ നടപ്പാക്കാനാണ് ശ്രമിച്ചത്. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനായുള്ള 'ഗരീബി ഹഠാവോ', ഇരുപതിനപരിപാടി തുടങ്ങി  എത്രയോ പരിപാടികള്‍ ഊര്‍ജ്ജിതമായി അക്കാലത്തു മുന്നോട്ടു കൊണ്ടുപോയി. 1971ല്‍ നടന്ന ബംഗ്ലാദേശ് യുദ്ധം ഇന്ത്യയ്ക്ക് ഒരു പരീക്ഷണഘട്ടമായിരുന്നു. ഇന്ത്യ ബംഗ്ലാദേശ് സ്വാതന്ത്ര്യസമരത്തെ പിന്തുണച്ചപ്പോള്‍ അമേരിക്കയും ചൈനയും പാകിസ്ഥാന് സഹായകമായ നിലപാടാണ് കൈക്കൊണ്ടത്. അമേരിക്കയിലെ നിക്‌സണ്‍ ഭരണകൂടം ഇന്ത്യയെ ആക്രമണകാരിയെന്നു വിളിക്കുകയും ഇന്ത്യയ്ക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. അമേരിക്കയുടെ ഏഴാം കപ്പല്‍പ്പട ബംഗാള്‍ ഉള്‍ക്കടലില്‍ എത്തി നങ്കൂരമിട്ടു. ഇതൊന്നും ഇന്ദിരാഗാന്ധിയെ ഭയപ്പെടുത്തിയില്ല. ബംഗ്ലാദേശ് ഒരു സ്വതന്ത്രരാഷ്ട്രമായിത്തീര്‍ന്നു. ഇത് ചൈനീസാക്രമണത്തിന്റെ ഫലമായുണ്ടായ ഇന്ത്യയുടെ മുറിവുണക്കുകയും ലോകമധ്യത്ത് ഇന്ത്യയുടെ യശസ്സുയര്‍ത്തുകയും ചെയ്തു.
 
രാജ്യത്തെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കു നയിക്കുന്നതിനുവേണ്ടിയുള്ള ആശയങ്ങള്‍ക്കു രൂപം നല്‍കിയതിലൂടെയാണ് യുവത്വത്തിന്റെ പ്രതീകമായ രാജീവ് ഗാന്ധി ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയത്. ശാസ്ത്ര-സാങ്കേതിക പുരോഗതിയിലൂടെ ഇന്ത്യയെ ലോകരാഷ്ട്രങ്ങളുടെ മുന്‍പന്തിയിലേക്കു കൊണ്ടുവരികയെന്നതായിരുന്നു രാജീവ് ഗാന്ധിയുടെ ലക്ഷ്യം. എതിര്‍പ്പുകളുയര്‍ത്തിയ ഐ.ടി. വിപ്ലവത്തിനു തുടക്കം കുറിച്ചതും രാജീവ് ഗാന്ധിയാണ്. വികസന പരിപാടികളുടെ അഭാവമല്ല, വികസനത്തിന്റെ ഫലം ജനങ്ങളില്‍ എത്താതിരിക്കുന്നതാണ് ഇന്ത്യയുടെ പ്രശ്‌നം എന്ന് അദ്ദേഹം ഗ്രഹിച്ചു. അധികാരം താഴെത്തട്ടിലേക്കു കൊണ്ടുവരുന്നതിനുള്ള നടപടികള്‍ രാജീവ് ഗാന്ധി കൈക്കൊണ്ടു. ഗാന്ധിജി മുന്നോട്ടുവച്ച "ഗ്രാമസ്വരാജ്' എന്ന സങ്കല്പം അധികാര വികേന്ദ്രീകരണത്തിലൂടെ യഥാര്‍ത്ഥ്യമാക്കുന്നതിനായി ത്രിതലപഞ്ചായത്ത് രൂപവല്‍ക്കരണത്തിനു വഴിയൊരുക്കുന്ന 73-ാമത് ഭരണഘടനാഭേദഗതി പാര്‍ലമെന്റില്‍ പാസ്സാക്കുകയും, പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമപ്രാബല്യം ഉറപ്പാക്കുകയും ചെയ്തു.
 
വനിതകള്‍ക്കും, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും അധികാരത്തിന്റെ ഭാഗമാകാന്‍ അവസരം ഒരുക്കുന്നതിനായി സംവരണം ഏര്‍പ്പെടുത്തുകയും, ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കാനായി  വോട്ടിംഗ് പ്രായം 18 ആയി കുറയ്ക്കുകയും ചെയ്തു. സോണിയാഗാന്ധി അധ്യക്ഷയായുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നയിക്കുന്ന മന്‍മോഹന്‍സിംഗ് ഗവണ്‍മെന്റ് ഇന്ത്യയെ ആധുനിക ലോകസാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള ഒരു മുന്‍നിര രാഷ്ട്രമാക്കി രൂപപ്പെടുത്തിയെടുക്കാനുള്ള കഠിനയത്‌നത്തിലാണ്. ഉദാരീകരണത്തിനുശേഷം വിവിധമേഖലകളില്‍ പുരോഗതി നേടിയ ഇന്ത്യയ്ക്ക് ഇന്ന് അതിവേഗം വളരുന്ന ഒരു സമ്പദ്‌വ്യവസ്ഥയാണുള്ളത്. 11-ാമത്തെ സ്ഥാനത്തെത്തിയിട്ടുള്ള നമ്മുടെ രാജ്യം 2020-2035 കാലഘട്ടത്തില്‍ അമേരിക്കയ്ക്കും ചൈനയ്ക്കും അടുത്ത് മൂന്നാമത്തെ സാമ്പത്തികശക്തിയായി വളരുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ 8.5 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ഇന്ത്യ കൈവരിച്ചത്. ലോകരാജ്യങ്ങള്‍ സാമ്പത്തികമാന്ദ്യത്തില്‍പ്പെട്ട് കുഴങ്ങിയപ്പോഴും ഇന്ത്യയ്ക്കു പിടിച്ചുനില്‍ക്കാനായി എന്നത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ എത്രത്തോളം ശക്തമാണെന്നു വെളിവാക്കുന്നു.
 
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു നിര്‍ണ്ണായകഘട്ടത്തിലാണ് ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു നടന്നത്. കാരണം, ഇന്ത്യ ശരിക്കും ഒരു വഴിത്തിരിവിലെത്തി നില്‍ക്കുന്ന സമയമായിരുന്നു അത്. ഒരു വശത്ത് ലോകസാമ്പത്തികശക്തികളില്‍ പ്രമുഖസ്ഥാനത്തെത്താന്‍ വേണ്ടിയുള്ള ശക്തമായ തയ്യാറെടുപ്പിലായിരുന്നു ഇന്ത്യ. ആണവക്കരാര്‍ പോലെയുള്ള ചരിത്രപ്രാധാന്യമുള്ള നടപടികളിലേയ്ക്ക് അതുകൊണ്ടാണ് ഇന്ത്യ നീങ്ങിയത്. അതേസമയം, പാകിസ്താനില്‍ നിന്നുള്ള ഭീകരാക്രമണവും, ഇന്ത്യയിലെ വര്‍ഗീയശക്തികളുടെ വര്‍ദ്ധിച്ചുവരുന്ന പ്രവര്‍ത്തനങ്ങളും മറ്റും ഇന്ത്യയെ ദുര്‍ബലപ്പെടുത്താതിരിക്കാനുള്ള നിതാന്തജാഗ്രതയും ഈ അവസരത്തില്‍ ആവശ്യമായി. ശ്രീലങ്കയിലെ സംഭവങ്ങളും ഇന്ത്യയുടെ ശ്രദ്ധ ആവശ്യപ്പെടുന്നതായിരുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ ഇത്തരമൊരു സാഹചര്യത്തില്‍ പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയായിരുന്നു. ശരിക്കും ഒരു പരീക്ഷണഘട്ടമായിരുന്നു, അത്. എന്നാല്‍, ഇന്ത്യയില്‍ സുസ്ഥിരമായൊരു ഭരണമാണ്  ഈ അവസരത്തില്‍ ആവശ്യമെന്നും, ഇന്ത്യയിലെ ജനങ്ങളെ ഒറ്റക്കെട്ടായി നിര്‍ത്തുന്നതിന് മതേതരത്വം മുറുകെപ്പിടിക്കുന്ന ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നുമുള്ള ജനങ്ങളുടെ തീര്‍പ്പ് കോണ്‍ഗ്രസിനെ വമ്പിച്ച വിജയത്തില്‍ കൊണ്ടെത്തിച്ചു.
 
മാത്രമല്ല, സോണിയാഗാന്ധി അദ്ധ്യക്ഷയായ യു.പി.എ. രൂപവല്‍ക്കരിച്ച ഡോ: മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ മാനുഷികമുഖമുള്ള പദ്ധതികളിലൂടെ, ഇന്ത്യയുടെ പ്രത്യേകിച്ച് ഗ്രാമീണ ഇന്ത്യയുടെ, മുഖച്ഛായ മാറ്റിയതും അഞ്ചുവര്‍ഷക്കാലം കേന്ദ്രസര്‍ക്കാര്‍ ജനാഭിലാഷങ്ങളുടെ കണ്ണാടിയായി വര്‍ത്തിച്ചതും, നെഹ്‌റു സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന ഉറച്ച സര്‍ക്കാരിന്റെ തിളക്കമാണ് ഇന്ത്യയിലെ ജനങ്ങള്‍ക്കുമുന്നില്‍ കാഴ്ചവച്ചത്. ആത്മഹത്യയിലേയ്ക്കു നീങ്ങിയ ലക്ഷക്കണക്കിനു കര്‍ഷകരുടെ കടം എഴുതിത്തള്ളിയും, ദാരിദ്ര്യത്തില്‍ നട്ടംതിരിയുന്ന ഗ്രാമീണജനതയ്ക്ക് നിയമപരമായി വരുമാനം ഉറപ്പാക്കുന്ന ദേശീയഗ്രാമീണ തൊഴിലുറപ്പുപദ്ധതി നടപ്പാക്കിയും കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ഹൃദയം കവര്‍ന്നു. ഗ്രാമീണര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടിയുള്ള സമഗ്രപദ്ധതികള്‍ കേന്ദ്രം ആവിഷ്‌കരിച്ചു നടപ്പിലാക്കി. സച്ചാര്‍ക്കമ്മിറ്റി റിപ്പോര്‍ട്ട് മുസ്ലീം ന്യൂനപക്ഷവിഭാഗത്തിന്റെ സമഗ്രപുരോഗതിക്ക് വഴിതുറന്നു. ഇതിന്റെയെല്ലാം ഫലമായി വികസനക്കുതിപ്പിലൂടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് ഇന്ത്യയെ ലോകനെറുകയിലേയ്ക്ക് ആനയിക്കുന്ന കാഴ്ചയും കാണാനായി. അമേരിക്കയുള്‍പ്പെടെയുള്ള വികസിതരാജ്യങ്ങളുടെ നട്ടെല്ലൊടിച്ച സാമ്പത്തികമാന്ദ്യം, ആശങ്കകള്‍ അസ്ഥാനമാക്കിക്കൊണ്ട് ഇന്ത്യയെ തൊട്ടുരുമ്മി കടന്നുപോയതേയുള്ളു.
 
ഇതൊക്കെ സസൂക്ഷ്മം വീക്ഷിക്കുന്ന ഒരു ജനതയ്ക്ക് ഡോ: മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെ വീണ്ടും അധികാരച്ചുമതല ഏല്‍പ്പിക്കുന്നതിനപ്പുറം മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അങ്ങനെ 1971നുശേഷം ആദ്യമായി, കാലാവധി പൂര്‍ത്തിയാക്കിയ സര്‍ക്കാരിനെത്തന്നെ ജനങ്ങള്‍ തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ്. 1984നു ശേഷം ഇത്ര വലിയ ഒരു വിജയം ഉണ്ടായിട്ടില്ല.
ഡോ: മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ കൊണ്ടുവരുന്നതിനോടൊപ്പംതന്നെ, സര്‍ക്കാരിന്റെ നടപടികള്‍ക്ക് ഇടങ്കോലിടുന്നവരെയും രാജ്യതാല്‍പര്യത്തിനു വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നവരെയും ജനങ്ങള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാഠം പഠിപ്പിക്കുകയും മൂലയ്ക്കിരുത്തുകയും ചെയ്തതിലൂടെ ദേശീയബോധം വച്ചു പുലര്‍ത്താത്ത പ്രതിലോമകാരികളെ പിന്തുണയ്ക്കുകയില്ല എന്ന വ്യക്തമായ സന്ദേശം നല്‍കുകയാണ് ജനങ്ങള്‍ ചെയ്തത്. ആണവക്കരാര്‍ ഉള്‍പ്പെടെയുള്ള പല കാര്യങ്ങളിലും മന്‍മോഹന്‍ സിംഗ് കൈക്കൊണ്ട ശക്തവും കര്‍ക്കശവുമായ സമീപനം ജനങ്ങളുടെ അംഗീകാരം നേടി എന്നും തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കി.
 
പോസ്റ്റ് കൊളോണിയല്‍ രാജ്യങ്ങളില്‍ നല്ലപങ്കും ജനാധിപത്യത്തില്‍നിന്ന് അകന്നുപോയ പശ്ചാത്തലത്തിലാണ് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായി നിലകൊള്ളുന്നത് എന്ന് ഓര്‍മ്മിക്കേണ്ടതുണ്ട്. പാകിസ്താന്‍, ബംഗ്ലദേശ്, മ്യാന്‍മര്‍, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിങ്ങനെ അയല്‍രാജ്യങ്ങളെല്ലാം ഓരോ തരത്തിലുള്ള പ്രശ്‌നങ്ങളില്‍പ്പെട്ടിട്ടുള്ളത് നമുക്കറിയാം. എന്നാല്‍, ഇന്ത്യ ഐക്യവും അഖണ്ഡതയും മതേതരത്വവും കാത്തുസൂക്ഷിച്ചുകൊണ്ട്, ജനാധിപത്യത്തില്‍ അടിയുറച്ച് മുന്നോട്ടു കുതിക്കുകയാണ്. 1885ല്‍ രൂപം കൊണ്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രീയസംഘടനയായി പില്‍ക്കാലത്തുമാറി. ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്കു നയിച്ചത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്. സ്വതന്ത്ര ഇന്ത്യയെ ഒരു ആധുനികരാഷ്ട്രമാക്കി മാറ്റുന്നതില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വഹിച്ച പങ്കിനെപ്പറ്റിയും എതിരഭിപ്രായമുണ്ടാവുകയില്ല. ഇന്ത്യയിലെ ഏതു മുക്കിലും മൂലയിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനു വേരോട്ടമുണ്ട്. ഏതാണ്ടെല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഏതെങ്കിലും പ്രദേശത്തെയോ മതത്തെയോ വര്‍ഗത്തെയോ, അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലും താല്‍പര്യത്തെയോ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാകട്ടെ, ദേശീയ വീക്ഷണത്തോടെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്.
 
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച ആഗ്രഹിക്കുന്നവര്‍ ഇന്ത്യയുടെ തകര്‍ച്ച ആഗ്രഹിക്കുന്നവരാണ്. ഇന്ത്യയുടെ ഭരണത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ എന്നൊക്കെ ദുര്‍ബ്ബലപ്പെടുത്തിയിട്ടുണ്ടോ അന്നെല്ലാം ഇന്ത്യ സാംസ്‌കാരികമായും സാമ്പത്തികമായും വികസനപരമായും ഒക്കെ തകര്‍ച്ചയെ അഭിമുഖീകരിച്ചിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

2 comments:

  1. ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രസിനെ തകര്‍ക്കുന്നത് അതിന്റെ സമീപകാല നേതാക്കന്മാര്‍ തന്നെയാണ്. നരസിംഹറാവു മുതല്‍ മന്മോഹന്‍ വരെയുള്ള പ്രധാനമന്ത്രിമാരും സോണിയാഗാന്ധിയും രാഹുലും എല്ലാം കൊണ്ഗ്രസിനെ തകര്‍ക്കുന്നതില്‍ പ്രധാനികള്‍ തന്നെ. ഇന്ത്യ കണ്ട ഒരേയൊരു നട്ടെല്ലുള്ള കോണ്ഗ്രസ് പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി മാത്രം. അതോര്‍ക്കുന്നത് കൊണ്ഗ്രസുകാര്‍ക്ക് നന്ന്.

    ReplyDelete