Welcome english

KERALA STUDENTS UNION (KSU) WELCOMES YOU
Make This Your Homepage

Sunday, July 15, 2012

മന്‍മോഹന്‍ സിങ്ങും ടൈം മാഗസിനും

ടൈം മാഗസിന്‍ യാഥാര്‍ത്ഥ്യങ്ങള്‍ കാണാഞ്ഞിട്ടല്ല. അവ വിഴുങ്ങിയെന്നു മാത്രം. അനുകൂലമായ സ്ഥിതിവിവരക്കണക്കുകള്‍ പൂഴ്ത്തിവെക്കുകയും പ്രാതിനിധ്യ സ്വഭാവമില്ലാത്ത അക്കങ്ങള്‍ ഉയര്‍ത്തുകയും ചെയ്തുകൊണ്ട് ടൈം ലേഖകന്‍ നടത്തിയ വാചക കസര്‍ത്ത് ചില പ്രതിപക്ഷ നേതാക്കള്‍ വായ്ത്താരിയാക്കിയെങ്കിലും ഇന്ത്യ മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി വളര്‍ന്നു കഴിഞ്ഞുവെന്നതാണ് യാഥാര്‍ത്ഥ്യം

പത്ത് കല്‍പ്പനകള്‍ക്കൊപ്പം കാപ്പിറ്റലിസവും ദൈവം നല്‍കിയതാണെന്നും, ഏറ്റവുമധികം കാപ്പിറ്റല്‍ കയ്യടക്കിവെക്കുന്നവര്‍ ദൈവത്തിനും ഒരുപടി മുകളിലാണെന്നും ഉദ്‌ഘോഷിച്ചുകൊണ്ടിരിക്കുന്ന പാശ്ചാത്യ മാധ്യമങ്ങളുടെ മുന്‍നിരയിലാണ് ടൈം മാഗസിന്റെ സ്ഥാനം. അടുത്ത കാലത്ത് 1990 ന് ശേഷം ചൈനയിലേയും, റഷ്യയിലേയും, കേരളത്തിലേയും കമ്യൂണിസ്റ്റുകാര്‍ കാപ്പിറ്റലിന്റെ (കാറല്‍ മാര്‍ക്‌സിന്റെ കമ്യൂണിസ്റ്റ് വേദപുസ്തകമായ ദാസ് കാപ്പിറ്റലല്ല) ആരാധകരും അത് കയ്യടക്കുന്നതില്‍ പ്രാവീണ്യം കാണിക്കുന്നതാണ് മഹത്വമെന്നും ടൈം മാഗസിനെ കടത്തിവെട്ടി വിശ്വസിക്കുകയും, പ്രവര്‍ത്തിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നു.
 
അമേരിക്ക കഴിഞ്ഞാല്‍ ശതകോടീശ്വരന്മാര്‍ ഏറ്റവുമധികമുള്ള രണ്ടും മൂന്നും രാജ്യങ്ങള്‍ ചൈനയും റഷ്യയുമാണെന്ന് ഊറ്റം കൊള്ളുകയാണ് അവിടുത്തെ പാര്‍ട്ടിക്കാര്‍. ഈ പശ്ചാത്തലത്തില്‍ ''ടൈം മാഗസിന്‍'' ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ കവര്‍‌സ്റ്റോറിയാക്കി ജൂലൈ 16ലെ ഏഷ്യന്‍ എഡിഷനില്‍ അദ്ദേഹം നേട്ടങ്ങളില്‍ കുറവുള്ളവനാണെന്നും പ്രധാനമന്ത്രി പദത്തിന് ചേരുന്നവനാണോയെന്ന് സന്ദേഹപ്പെട്ടും അവതരിപ്പിച്ചിരിക്കുന്നു. ടൈം മാഗസിന്‍ ലേഖകന്‍ ക്രിസ്റ്റാ മഹര്‍ ഇന്ത്യയ്ക്ക് ഒരു റോബോട്ടിനെയാണ് ആവശ്യമെന്നും എഴുതിയിരിക്കുന്നു. അല്‍പം ആകുല ഭാവത്തില്‍ ചിന്താധീനനായി നില്‍ക്കുന്ന മന്‍മോഹന്‍ സിങാണ് കവര്‍ ചിത്രം. ഈ കവര്‍ പേജ് കാണുമ്പോള്‍ നമ്മുടെ രാജ്യം ഏതോ മാരകമായ അപകടമോ പ്രതിസന്ധിയോ നേരിടുന്നുവെന്നും അത് ലോകശ്രദ്ധയില്‍ കൊണ്ടുവരുന്ന മാധ്യമ ദൗത്യമാണ് ടൈം മാഗസിന്‍ ഏറ്റെടുത്തിരിക്കുന്നതെന്നും ഒറ്റനോട്ടത്തില്‍ ആര്‍ക്കും തോന്നാം.
 
ഒരുപക്ഷേ ലേഖകന്റെ ഉദ്ദേശവും അതുതന്നെയായിരിക്കാം. എന്നാല്‍ ടൈം മാഗസിന്റെ ലേഖനം വിശകലനം ചെയ്താല്‍ അവര്‍ മുഖചിത്രത്തില്‍ ഉയര്‍ത്തിപ്പിടിച്ച അപായങ്ങള്‍ ഒന്നും തന്നെ ഇന്ത്യക്കില്ലെന്നും വളരെ അഭിനന്ദനാര്‍ഹമായ നേട്ടങ്ങളാണ് മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തില്‍ നാം കൈവരിച്ചതെന്നും കാണാന്‍ കഴിയും. ഇക്കാര്യത്തില്‍ 90 ശതമാനം വസ്തുനിഷ്ഠമായ വിശകലനമാണ് ടൈം മാഗസിന്‍ ചെയ്തിരിക്കുന്നതെന്നും കാണാം. ആര്‍ക്കെങ്കിലും ഈ ലേഖനത്തില്‍ മുഖം മുറിഞ്ഞിട്ടുണ്ടെങ്കില്‍ അതിവിടുത്തെ പ്രതിപക്ഷത്തിനാണെന്നും പ്രതിപക്ഷത്തെക്കാള്‍ ഉത്തരവാദിത്വ ബോധമില്ലാതെ പ്രവര്‍ത്തിക്കുന്ന ചില ഭരണപക്ഷ പാര്‍ട്ടികള്‍ക്കാണെന്നും മനസ്സിലാക്കാന്‍ സാധാരണ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തോടെ ഈ ലേഖനം വായിച്ചാല്‍ മതി.
 
സിങ്ങിന്റെ നേട്ടങ്ങളെ ലഘൂകരിക്കാന്‍ ലേഖകന്‍ ആദ്യം കൊണ്ടുവന്നത് ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് 2009 മുതല്‍ കൈവരിച്ച വളര്‍ച്ചാ നിരക്കാണ്. 2009ല്‍ 10 ശതമാനത്തോടടുത്ത വളര്‍ച്ചാ നിരക്ക് 2012 ഒന്നാം പാദത്തില്‍ 5.3 ശതമാനമായി കൂപ്പുകുത്തി. എന്നാല്‍ കഴിഞ്ഞ മൂന്നു കൊല്ലം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഏഴിനും ഒന്‍പതിനും ഇടയിലായിരുന്നുവെന്നതാണ് കണക്ക്. സി.ഐ.എ ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം 2011ല്‍  ചൈന 9.5 ഉം ഇന്ത്യ 7.8 ഉം ശതമാനമാണ്. ഈ കാലയളവില്‍ അമേരിക്കന്‍ വളര്‍ച്ചാനിരക്ക് മൂന്നു ശതമാനവും, യൂറോപ്പില്‍ മൊത്തം രണ്ടു ശതമാനവും, ആഗോള നിരക്ക് രണ്ടര ശതമാനവും, ടൈം മാഗസിന്‍ സ്ഥാനത്തും അസ്ഥാനത്തും പര്‍വ്വതീകരിക്കുന്ന ചൈനയുടേത് 10 ശതമാനവുമാകുമ്പോള്‍ എങ്ങിനെ ഇന്ത്യയുടേതും സിങ്ങിന്റേതും ''അണ്ടര്‍ അച്ചീവ്‌മെന്റ്'' ആയിത്തീരും.
 
വാസ്തവത്തില്‍ ലോകത്തിലെ പ്രധാനരാജ്യങ്ങളിലെ വളര്‍ച്ചാനിരക്കില്‍ ചൈന കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യ മുന്നേറിക്കൊണ്ടിരിക്കുകയാണ്. കിതപ്പും, കുതിപ്പും, വളര്‍ച്ചയും, തളര്‍ച്ചയും സാമ്പത്തിക വളര്‍ച്ചയുടെ അവിഭാജ്യഘടകമാണെന്നറിയുന്നവര്‍ ഇത്തരം വികടസ്ഥിതിവിവരകണക്കുകള്‍ നിരത്തി സിങ്ങിനെ താഴ്ത്തി കാണിക്കാന്‍ ശ്രമിക്കില്ലായിരുന്നു. അതോടൊപ്പം 70 ശതമാനം വരുന്ന ഇന്ത്യക്കാര്‍ ഗ്രാമവാസികളാണെന്നും അവരുടെ ജീവിതമാര്‍ഗ്ഗം കൃഷിയും കാര്‍ഷികാധിഷ്ഠിത പ്രവര്‍ത്തനങ്ങളിലാണെന്നും ആഭ്യന്തര മൊത്ത ഉല്‍പ്പാദനം അവരുടെ കയ്യില്‍ നിന്ന് ലഭിക്കുന്നത് 20 ശതമാനമാണെന്നും മനസ്സിലാക്കുകയാണെങ്കില്‍ അത്തരമൊരു സമ്പദ്‌വ്യവസ്ഥയെ ഇത്ര ഉയര്‍ന്ന് വളര്‍ച്ചാ നിരക്കിലെത്തിക്കുക മന്‍മോഹന്‍ സിങ്ങിനെപ്പോലെ, ഗ്രാമീണനായി ജനിച്ചു പ്രയാസങ്ങള്‍ അനുഭവിച്ച് ഓക്‌സ്‌ഫോഡിന്റെ ഔന്നത്യങ്ങള്‍ കയറി അവസാനം ദൈവനിയോഗത്താല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായ ഒരാള്‍ക്കേ കഴിയൂ എന്നതാണ് സത്യം. അതില്‍ സിങ്ങ് തന്റെ ദൗത്യം നൂറുമേനിയും വിളയിച്ചിരിക്കുന്നു.
 
അത് കൂടുതലറിയണമെങ്കില്‍ ടൈംവാരിക ക്യാപ്പിറ്റലിസത്തിന്റെ സ്തുതിഗീതങ്ങള്‍ക്കുപരി ''സര്‍വ്വതല വികസനം'' അഥവാ സിങ്ങിന്റെ ""Inclusive growth'' എന്ന സിദ്ധാന്തം എന്താണെന്ന് പഠിക്കണം. 1990ല്‍ ഇന്ത്യയില്‍ ദാരിദ്ര്യം അനുഭവിക്കുന്നവര്‍  51 ശതമാനമായിരുന്നെങ്കില്‍ 2015 ഓടെ അത് 20 ശതമാനത്തില്‍ താഴെയെത്തിയിരിക്കും. അമേരിക്കയില്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ 16 ശതമാനമെന്ന് ടൈം വാരികയ്ക്ക് അറിയാത്തതല്ലല്ലോ. അതുപോലെ ഇന്ത്യ ഭക്ഷ്യോത്പ്പാദനരംഗത്തും കാര്‍ഷികമേഖലയിലെ ഉല്‍പ്പാദനത്തിലും കൈവരിച്ച നേട്ടങ്ങള്‍ 250 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ലോകത്ത് ഏറ്റവുമധികം പാലും, പച്ചക്കറികളും, പഴങ്ങളും, പഞ്ചസാരയും ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം, 80 ദശലക്ഷം ടണ്ണിന്റെ ആവശ്യത്തിന്റെ ഇരട്ടിയില്‍ കരുതല്‍ ധാന്യശേഖരം, ഇവയൊക്കെ ഇന്ത്യന്‍ സമ്പദ്ഘടനയുടെ ശക്തിസ്രോതസ്സുകളാണ്.
 
ചൈനയുടെ രണ്ടക്കവളര്‍ച്ചാനിരക്ക് ചൂണ്ടി പുളകമണിയുന്നവര്‍ ചൈനയില്‍ പണ്ടും ഇന്നും നടക്കുന്ന മാനുഷിക മൂല്യധ്വംസനം എത്ര വലുതാണെന്ന് അറിയണം. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഏകാധിപത്യം, സ്വാതന്ത്ര്യം അടക്കം എല്ലാ മനുഷ്യാവകാശങ്ങള്‍ക്കും ചങ്ങല, തൊഴിലാളിചൂഷണം, ഉല്‍പ്പാദന പ്രക്രിയയിലെ പട്ടാളച്ചിട്ട, സ്റ്റേറ്റ് കുത്തക അങ്ങിനെ പോകുന്നു അവിടുത്തെ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ വ്യവസ്ഥിതി. ടൈം മാഗസിന്‍ കണ്ടെത്തിയ മറ്റൊരു സത്യം ഇവിടുത്തെ പ്രതിപക്ഷത്തിന്റെ പങ്കാണ്. പുരോഗമന നിയമനിര്‍മ്മാണവും സാമ്പത്തിക പോളിസി നിര്‍ണ്ണയവും പ്രധാന ഉത്തരവാദിത്വമായുള്ള പാര്‍ലിമെന്റ് അതിന്റെ 14 ശതമാനം സമയം മാത്രമാണ് ഇക്കാര്യത്തിന് ഉപയോഗിച്ചത്. ബാക്കി സമയം ബഹളങ്ങള്‍ക്കും വാക്കൗട്ടിനും കയ്യാങ്കളിക്കും വാക്പയറ്റിനും ഉപയോഗിച്ചു. അതോടൊപ്പം നിര്‍ണ്ണായകഘട്ടങ്ങളില്‍ സ്വന്തം കൂട്ടുകക്ഷികളില്‍നിന്നുള്ള കലാപവും കൂടിയായപ്പോള്‍ ചില ഘട്ടങ്ങളില്‍ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ മന്ദഗതിയിലായെന്നതാണ് സത്യം. ഇപ്പോള്‍ മന്‍മോഹന് ധനമന്ത്രിയുടെ സ്ഥാനം കൂടി തിരിച്ചു കിട്ടിയതോടെ തളര്‍ന്ന സാമ്പത്തികരംഗം ഒരു കുതിപ്പിന് തയ്യാറെടുക്കുകയാണ്. സ്റ്റോക്ക് മാര്‍ക്കറ്റിലും വിദേശനിക്ഷേപങ്ങളിലും രൂപയുടെ മൂല്യവര്‍ദ്ധനയിലും അതിന്റെ പ്രതിഫലനം കണ്ടുതുടങ്ങി.
 
എന്താണ് വേണ്ടതെന്ന് സിങ്ങിനറിയാം. ഒന്നാം സാമ്പത്തിക പരിഷ്‌കാരങ്ങള്‍ (1991 ല്‍ സിങ്ങ് അഴിച്ചുവിട്ട കൊടുങ്കാറ്റ്) വ്യവസായ സര്‍വ്വീസ് മേഖലയിലെ വളര്‍ച്ചയെ ത്വരിതപ്പെടുത്തിയതില്‍ രണ്ടാം സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഗ്രാമീണ കാര്‍ഷിക മേഖലയാണ് ഉത്തേജിപ്പിക്കേണ്ടത്. ഇവിടെ വളര്‍ച്ചാനിരക്ക് കഴിഞ്ഞ രണ്ടുദശാബ്ദമായി ശരാശരി മൂന്നുശതമാനമായിരുന്നു. ഇത് ഏഴ് ശതമാനമാക്കണം. അതിനുള്ള പ്രതിവിധി കൃഷി കൂടുതല്‍ ശാസ്ത്രീയമാക്കുകയും വിളവെടുപ്പുമുതല്‍ ഉപഭോക്താവിന്റെ പക്കല്‍ കാര്‍ഷിക വിളകള്‍ എത്തുന്നതുവരെയുള്ള പ്രക്രിയകള്‍ കാര്യക്ഷമമാക്കുകയും അതുവഴി കര്‍ഷകന് ന്യായമായ പ്രതിഫലവും, ഉപയോക്താവിന് താങ്ങാവുന്ന വിലയും ഉറപ്പാക്കുകയാണ്. മിക്ക കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും കര്‍ഷകന് ലഭിക്കുന്നതിന്റെ 200 ശതമാനം വിലയാണ് ഉപയോക്താവ് നല്‍കുന്നത്. പെരുച്ചാഴി മുതല്‍ പെരുങ്കള്ളന്‍ വരെ ഇടയില്‍ ഇവ തുരന്നെടുക്കുന്നു. ഇത് നിറുത്താനുള്ള പരിഷ്‌ക്കാരമാണ് ആദ്യപടി.
 
ടൈം മാഗസിന്‍ കുത്തിപ്പൊക്കിയ മറ്റൊരു കാര്യമാണ് അഴിമതി. 2 ജിയിലും കല്‍ക്കരി ഖനികളുടെ അലോട്ട്‌മെന്റിലും, കോമണ്‍വെല്‍ത്ത് ഗെയിംസിലും കോടികളുടെ തിരിമറിയുണ്ടായി. പക്ഷെ, അതിനുത്തരവാദികള്‍ മിക്കവരും തീഹാര്‍ ജയിലിലാണെന്നത് ടൈം മാഗസിന് അറിയാത്തതല്ല. പക്ഷെ അത് വിഴുങ്ങിയെന്നു മാത്രം. ചുരുക്കത്തില്‍ അനുകൂലമായ സ്ഥിതിവിവരക്കണക്കുകള്‍ പൂഴ്ത്തിവെക്കുകയും പ്രാതിനിധ്യ സ്വഭാവമില്ലാത്ത അക്കങ്ങള്‍ ഉയര്‍ത്തുകയും ചെയ്തുകൊണ്ട് ടൈം ലേഖകന്‍ നടത്തിയ വാചക കസര്‍ത്ത് ചില പ്രതിപക്ഷ നേതാക്കള്‍ വായ്ത്താരിയാക്കിയെങ്കിലും ഇന്ത്യ മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി വളര്‍ന്നു കഴിഞ്ഞുവെന്നതാണ് യാഥാര്‍ത്ഥ്യം.

No comments:

Post a Comment