Welcome english

KERALA STUDENTS UNION (KSU) WELCOMES YOU
Make This Your Homepage

Tuesday, August 14, 2012

സ്വാതന്ത്ര്യത്തിന്റെ സഹന പാതകള്‍

ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയും അതിന്റെ പ്രവേശന വഴികളും അനുപമവും ലോകോത്തരവുമാണ്. വ്യത്യസ്ത വിചാരങ്ങളും വിശ്വാസങ്ങളും വേഷങ്ങളും ഭാഷകളും ചേര്‍ന്ന ഒരു സങ്കരസംസ്‌കാരമാണ് ഇന്ത്യ എന്ന രാഷ്ട്രം.
ഈ വൈവിധ്യങ്ങളെ ഏകോപിപ്പിക്കുന്ന രാസത്വരകം ദേശീയത എന്ന വികാരമാണ്. ദേശീയതയും ദേശരാഷ്ട്രങ്ങളും ഒരു പാശ്ചാത്യ സങ്കല്‍പമായിരുന്നുവെങ്കിലും ഭാരതീയത എന്ന പൗരാണിക സ്വത്വബോധമാണ് ദേശീയത എന്ന വികാരത്തിന് ഉശിരും ഊര്‍ജ്ജവും നല്‍കിയത്. അതിന്റെ പ്രക്ഷോഭക- പ്രകടിത രൂപമാണ് ദേശീയ പ്രസ്ഥാനം. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യബോധത്തിന്റെയും വേരുകള്‍ പടര്‍ന്നു കിടക്കുന്നത് രാഷ്ട്രീയത്തിലല്ല; മറിച്ചു ആത്മീയതയിലാണ്. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് മുന്‍പുണ്ടായ നവോത്ഥാന പ്രസ്ഥാനത്തിലാണ് ഇന്ത്യയുടെ വിമോചനത്വരയുടെ ഭ്രൂണങ്ങള്‍ തുടിക്കുന്നത്.
 
സന്യാസി പ്രസ്ഥാനങ്ങളിലൂടെയും മതപരിഷ്‌കരണ സംരംഭങ്ങളിലൂടെയും വളര്‍ന്ന അത്തരം പ്രസ്ഥാനങ്ങള്‍ അന്യമത വിരുദ്ധമായിരുന്നില്ല; മറിച്ചു അഖില മത സൗഹാര്‍ദ്ദതലത്തിലായിരുന്നു. ദയാനന്ദ സരസ്വതിയോ ശ്രീരാമകൃഷ്ണ പരമഹംസരോ സ്വാമി വിവേകാനന്ദനോ ഇതര സമുദായങ്ങള്‍ക്കെതിരെ വാക്കും വാളും വീശിയല്ല തങ്ങളുടെ പ്രത്യയശാസ്ത്രങ്ങള്‍ പ്രചരിപ്പിച്ചത് ഹിന്ദുമതത്തിന്റെ ആന്തരിക വൈരുദ്ധ്യങ്ങള്‍ പരിഹരിച്ചുകൊണ്ടുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ മൊത്തത്തിലുള്ള ഉയര്‍ത്തെഴുന്നേല്‍പ്പായിരുന്നു ഈ നവോത്ഥാന നായകരുടെ ലക്ഷ്യം. ഈ പരിഷ്‌കരണ ചിന്തകള്‍ ഹിന്ദുഇതര സമുദായങ്ങളിലും പുതു ചിന്തകളുടെയും മാറ്റത്തിന്റെയും വെളിച്ചം പകര്‍ന്നു. തുടര്‍ന്നുള്ള സൂഫി പരമ്പരകളുടെ പ്രയാണവും ഉലമാക്കളുടെ പ്രവര്‍ത്തനങ്ങളും ഇതിന്റെ തീരം ചേര്‍ന്നുള്ളതായിരുന്നു.
 
ദേശീയ പ്രസ്ഥാനം തന്നെ രൂപം കൊണ്ടതും അത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസായി പരിണമിച്ചതും കോണ്‍ഗ്രസിനകത്ത് തന്നെ വിവിധ രാഷ്ട്രീയ വിചാരധാരകള്‍ രൂപം കൊണ്ടതും പതിറ്റാണ്ടുകളുടെ പരിണാമത്തിലൂടെയാണ്. മിതവാദവും തീവ്രവാദവും മതബദ്ധവും മതവിരുദ്ധവും സവര്‍ണവും അവര്‍ണവും കുബേരനും നിസ്വനും പണ്ഡിതനും പാമരനും നാഗരികനും ഗ്രാമീണനും ചേര്‍ന്ന സങ്കരത്വത്തിന്റെ സംഘാതമായി കോണ്‍ഗ്രസ് മാറുന്നത് ഭാരതീയം, ഹൈന്ദവം എന്നൊക്കെ പറയുന്ന സംസ്‌കാരത്തിന്റെ അനുശീലന ഫലമാണ്.
 
സമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും ധീരതയുടേയും ചരിത്രമാണ് നമ്മുടെ സ്വാതന്ത്ര്യപോരാട്ടത്തിനുള്ളത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ നായകരും അനുയായികളും ഒരു പ്രദേശത്തിന്റെ മാത്രം സൃഷ്ടിയായിരുന്നില്ല. ഒരു മതവിഭാഗത്തില്‍പ്പെട്ടവരുടെ മാത്രം സമര്‍പ്പണമായിരുന്നില്ല ഇന്ത്യന്‍ സ്വാതന്ത്ര്യസമരം. കിഴക്കും പടിഞ്ഞാറും വടക്കും തെക്കും അതില്‍ അണിചേര്‍ന്നു. ഹിന്ദുവും മുസല്‍മാനും ശിഖനും ക്രൈസ്തവനും പാര്‍സിയും സഹനത്തിന്റെ ജ്വാലകളായി. വൈവിധ്യമാര്‍ന്ന ഭാഷകളിലൂടെ സ്വാതന്ത്ര്യഗീതമുയര്‍ന്നു. ജ്ഞാതരും അജ്ഞാതരുമായ ലക്ഷോപലക്ഷം ത്യാഗികളുടെ സഹനത്തിന്റെ വരദാനവും തിരുശേഷിപ്പുമാണ് നമ്മുടെ സ്വാതന്ത്ര്യം. രേഖീയവും രേഖപ്പെടുത്താത്തുമായ അനേകം സഹനസാക്ഷ്യങ്ങള്‍ ഈ മഹാചരിത്രത്തിലുണ്ട്.
 
പതിനായിരത്തിലേറെ പേര്‍ വെടിയുണ്ട പേറിയും തൂക്ക്മരമേറിയും സഹനത്തിന്റെ സഹാറകള്‍ താണ്ടി സ്വാതന്ത്ര്യത്തിന് വഴി തുറന്നുതന്നു. കാരാഗൃഹങ്ങളില്‍ ജീവിതം ഹോമിച്ച ലക്ഷങ്ങള്‍ വേറെയും അവരില്‍ ചില വീരന്‍മാരുടെ ധീരചരിത്രങ്ങളുടെ സ്പര്‍ശം മാത്രമാണ് ഈ കുറിപ്പ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ധീരചരിത്രത്തിന് കേരളത്തിന്റെ സംഭാവനായ വക്കം അബ്ദുള്‍ ഖാദറിന്റെ ജീവാര്‍പ്പണം ദേശാഭിമാനത്വരയുടെ ഉദാത്ത പ്രകടനമാണ്. 1917 മെയ് 25ന് തിരുവനന്തപുരം ജില്ലയിലെ വൈക്കത്ത് ജനിച്ച അബ്ദുല്‍ ഖാദര്‍ 1942ല്‍ ഐ എന്‍ എയില്‍ ചേര്‍ന്നാണ് ബ്രിട്ടീഷ് പട്ടാളത്തിനെതിരെ പോരാടിയത്. മലയായില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രയില്‍ കോഴിക്കോട് കടപ്പുറത്ത് പൊലീസ് പിടിയിലായ വക്കം ഖാദര്‍ മര്‍ദ്ദനങ്ങളേറെ ഏറ്റുവാങ്ങി. 1943 സെപ്തംബര്‍ 10ന് തൂക്കു മരത്തില്‍ ജീവിതം സമര്‍പ്പിച്ചു.
 
ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ മൊഗല്ലൂഗ്രാമം ഒരു സിംഹമടയായി തീര്‍ന്നത് അല്ലുരി സീതാരാമരാജു എന്ന ധീരന്റെ ജന്മം കൊണ്ടായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ക്രൂരതകള്‍ക്കെതിരെ ഗോത്ര സമൂഹത്തെ സംഘടിപ്പിച്ചു പോരാടിയ സീതരാമ രാജുവിന്റെ ചരിത്രം നമ്മുടെ പഴശ്ശി രാജ സമരങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്. 1924 മെയ് 24ന് ഈ ധീരദേശാഭിമാനിയെ വിചാരണ കൂടാതെ ബ്രിട്ടീഷ് പൊലീസ് വെടിവെച്ചു കൊന്നു. ബാലസൂര്യന്റെ പ്രഭാ ശോഭയുമായി ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലെ കുഗ്രാമത്തില്‍ ഉദിച്ചുയര്‍ന്ന അഷഫഖുള്ള ഖാന്‍ 27ാമത്തെ വയസ്സില്‍ ബ്രിട്ടീഷ് കാരാഗൃഹത്തില്‍ കൊല്ലപ്പെട്ടു. വിപ്ലവ വിമോചന സംഘടനയുടെ പ്രവര്‍ത്തകനായിരുന്ന അഷ്ഫഖുള്ളയെ കാഖോരി തീവണ്ടി കവര്‍ച്ചയെ തുടര്‍ന്നാണ് ബ്രിട്ടീഷ് പട്ടാളം വേട്ടയാടിയത്.
 
ഉത്തരപ്രദേശിലും പഞ്ചാബിലും വിപ്ലവ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു ബ്രിട്ടീഷ് പൊലീസിന്റെ പേടി സ്വപ്നമായി മാറിയ അവധ് ബിഹാറി റാഷ് ബിഹാറി ബോസിന്റെ അടുത്ത സഹപ്രവര്‍ത്തകനായിരുന്നു. പിന്നീട് ലാഹോര്‍ ബോംബ് സ്‌ഫോടന കേസില്‍ പ്രതിയായ അവധി ബിഹാറിയെ 1915 അംബാല സെന്‍ട്രല്‍ ജയിലില്‍ തൂക്കിക്കൊന്നു. സഹനം കൊണ്ടും ധീരത കൊണ്ടും ന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ധീരചരിത്രമെഴുതിയ ചന്ദ്രശേഖര്‍ ആസാദ്, രാജ് ഗുരു, ഭഗത്‌സിംഗ് എന്നിവര്‍ വെടിയുണ്ടയേറ്റും തൂക്ക്മരമേറിയും ഇന്ത്യന്‍ സ്വാതന്ത്ര്യത്തെ അനശ്വരമാക്കി. ഈ ധീരദേശാഭിമാനികള്‍ ഇന്നും ദേശസ്‌നേഹത്തിന്റെ സിരകളെ ഊര്‍ജ്ജപ്രവാഹമാക്കുന്ന സ്മരണകളാണ്.
 
ഇന്‍സ്‌പെക്ടര്‍ ജനറല്‍ പ്രിസന്‍സിനെ കല്‍ക്കത്തയിലെ റൈറ്റേഴ്‌സ് ബംഗ്ലാവില്‍ കയറി വെടിവെച്ച ദിനേശ് ഗുപ്ത ബംഗാളിലെ വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ ധീര സാന്നിധ്യമായിരുന്നു. 1931 ജൂലൈ ഏഴിന് പ്രസിഡന്‍സി ജയിലില്‍ ഇദ്ദേഹത്തെ തൂക്കി കൊന്നു. മൂവര്‍ണ കൊടി മാറോടടക്കി മരണം വരിച്ച ധീര വനിതയായിരുന്നു ബംഗാളിലെ മിഡ്‌നാപ്പൂര്‍ സ്വദേശി മന്ദാകിനി ഹജറ. 1942 സെപ്തംബര്‍ 29ന് രാംലുക്ക് സിവില്‍ കോടതി വളപ്പില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്താനുള്ള ശ്രമത്തിനിടയിലാണ് ഇവര്‍ വീരമൃത്യു വരിച്ചത്. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തില്‍ റെയില്‍ അട്ടിമറി നടത്തിയ ഹെമു കലാനി സ്വന്തം ജീവന്‍ കൊണ്ട് സ്വാതന്ത്ര്യസമര ചരിത്രത്തെ ധീരചരിതമാക്കിയ ശൂരനായ പോരാളിയാണ്. 1943 ജനുവരി 23ന് ഹെമു കലാനിയെ സുക്കൂര്‍ ജയിലില്‍ തൂക്കിക്കൊന്നു.
 
ബ്രിട്ടീഷ് പട്ടാളവുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലും വ്യാജ ഏറ്റുമുട്ടലിലും കൊല്ലപ്പെട്ട നിരവധി പേര്‍ ചരിത്രത്തിന് രക്തസിന്ദൂരം ചാര്‍ത്തി നമ്മുടെ വിമോചനഗാഥയിലെ സൂര്യസാന്നിധ്യങ്ങളായി നിലകൊള്ളുന്നു. വിചാരണയോടെയും വിചാരണ കൂടാതെയും വെടിവെച്ച് കൊല്ലപ്പെട്ടവരും തൂക്ക് മരത്തില്‍ ശിരസ്സ് സമര്‍പ്പിച്ചവരും ചരിത്രത്തിലെ മങ്ങലേല്‍ക്കാത്തെ ധീരസ്മൃതികളാണ്. സ്വാതന്ത്ര്യം എന്ന ജന്മാവകാശത്തിന് വേണ്ടി ചങ്കിലെ ചോരയും ഹൃദയകൂട്ടിലെ ജീവനും ത്യജിച്ച ത്യാഗികളുടെ കനല്‍ പൂക്കുന്ന ഓര്‍മകളില്‍ രാഷ്ട്രം ഒന്നടങ്കം ശിരസ്സ് നമിക്കുന്നു.

No comments:

Post a Comment