Welcome english

KERALA STUDENTS UNION (KSU) WELCOMES YOU
Make This Your Homepage

Sunday, October 28, 2012

പ്രവചനകലയുടെ പുതിയ മുഖങ്ങള്‍

ഭാവിയിലെന്ത് എന്നറിയാന്‍ ആര്‍ക്കാണ് താല്‍പര്യമില്ലാത്തത്? ഉല്‍ക്കണ്ഠാപൂര്‍വം നാളെയെപ്പറ്റി ആലോചിച്ച ഇന്ത്യക്കാര്‍ പണ്ട് ജ്യോതിഷം ഒരു ശാസ്ത്രമായി വികസിപ്പിച്ചു. ഭാവിഫല പ്രവചനത്തിന് ഇന്ന് നൂതന യുക്തികളുണ്ട്. സാമ്പത്തികരംഗം, കായികവിനോദം, രാഷ്ട്രീയ മത്സരങ്ങള്‍ എന്നിവയിലെല്ലാം ആ യുക്തി അര്‍ത്ഥവത്തായി പ്രയോഗിക്കുന്നു

നളെ എന്ത് എന്ന ചോദ്യത്തിന് എക്കാലവും മനുഷ്യന്‍ ഉത്തരം അന്വേഷിച്ചിരുന്നു. ജ്യോതിഷം ഒരു പണ്ഡിത പഠനശാഖയും ആറ് ശാസ്ത്രങ്ങളില്‍ ഒന്നായും സിന്ധുനദീതടങ്ങളില്‍ കുടിയേറിപ്പാര്‍ത്ത ആര്യന്മാര്‍ പ്രഘോഷിച്ചിരുന്നു. ആ പാരമ്പര്യത്തില്‍ നിന്ന് ഇന്ത്യാ ഭൂഖണ്ഡം മുഴുവന്‍ ജാതിമത വര്‍ഗ്ഗഭേദമില്ലാതെ ഭാവി പ്രവചനത്തിന് എല്ലാ ജനങ്ങളും ജ്യോത്സ്യന്മാരെ തേടി ചെന്നിരുന്നു. സ്വപ്‌നങ്ങളും, ഗൗളിയുടെ ശബ്ദങ്ങളും, ഗ്രഹനിലകളും, ശകുനങ്ങളും ഭാവിയുടെ ദര്‍ശനങ്ങളെന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്നു.
 
ഭൗതികവാദികള്‍ ഇവയൊക്കെ അന്ധവിശ്വാസമെന്ന് പുച്ഛിക്കുമെങ്കിലും ചന്ദ്രനിലേക്ക് റോക്കറ്റ് വിടുന്നതും, മക്കളുടെ വിവാഹവും, പുതിയ ഗൃഹപ്രവേശനവും, ഓഫീസിന്റെ നാടമുറിക്കലും രാഹുകാലത്തിനു ശേഷമാകട്ടെയെന്ന് തീരുമാനിക്കുന്നു. ദിനപത്രങ്ങളിലും, മാസികകളിലും മുടങ്ങാതെ പ്രത്യക്ഷപ്പെടുന്ന ദിവസ, വാര, മാസഫലങ്ങള്‍ ഇപ്പോള്‍ ടി.വി ചാനലുകാരെയും കീഴടക്കിയിരിക്കുന്നു. ഭാവി ഫലപ്രവചന ബിസിനസ്, മറ്റെല്ലാ ബിസിനസ് പോലെയും വളര്‍ന്നുകൊണ്ടേയിരിക്കുന്നു. ഭാവിപ്രവചനം ഒരു ശാസ്ത്രശാഖയാക്കി മാറ്റിയത് ധനശാസ്ത്രജ്ഞന്മാരാണ്. സാമ്പത്തിക രംഗത്തിന്റെ ഭാവിഗതി എന്തെന്ന് അവര്‍ നിരന്തരമായി അന്വേഷിച്ചുകൊണ്ടിരിക്കുന്നു. നടന്നുകഴിഞ്ഞ സംഭവങ്ങള്‍ അടിസ്ഥാനമാക്കി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് പ്രവചന സിദ്ധാന്തങ്ങള്‍ വഴി അവര്‍ കണ്ടെത്തുന്നു. സ്ഥിതിവിവരക്കണക്കുകളാണ് ഇതിനവര്‍ അടിസ്ഥാനമാക്കുന്നത്.
 
വരുമാനം മെച്ചപ്പെടുമ്പോള്‍ ഗ്രാമീണര്‍ മെച്ചപ്പെട്ട വീട്ടുപകരണങ്ങള്‍ കളര്‍ ടെലിവിഷന്‍, റെഫ്രിജറേറ്റര്‍ എന്നിവ വാങ്ങുന്നു. ഇത് കഴിഞ്ഞകാല അനുഭവമാണ്. ഇതിനെ അടിസ്ഥാനമാക്കി ഒരു നല്ല കാലവര്‍ഷം ഗ്രാമീണരുടെ വരുമാനം എത്ര കൂട്ടുമെന്നും അതുവഴി എത്ര ടെലിവിഷന്‍ സെറ്റ് വില്‍ക്കാന്‍ കഴിയുമന്നും പ്രവചിക്കാന്‍ കഴിയും. നടപ്പുവര്‍ഷത്തിലും, പില്‍ക്കാലത്തും വിവിധ മേഖലകളിലെ ഉല്‍പ്പാദനം, വരുമാനം, ചെലവ്, നിക്ഷേപം, ഇറക്കുമതി, കയറ്റുമതി, ജനസംഖ്യ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഓരോ രാജ്യത്തിന്റെയും സാമ്പത്തിക സ്ഥിതിയും മൊത്തം ആഭ്യന്തര ഉല്‍പ്പാദനവും, പ്രതിശീര്‍ഷ വരുമാനവും അവയുടെ ഭാവിഗതികളും കണ്ടെത്തുന്നത്. സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും ഇടപെടലുകളും, ധന, നികുതി, നയങ്ങളും കൈക്കൊള്ളുന്നത് ഇത്തരം പ്രവചനങ്ങളെ അടിസ്ഥാനമാക്കിയാണ്. പണപ്പെരുപ്പം, വിലക്കയറ്റം, തൊഴിലില്ലായ്മ, ദാരിദ്ര്യം, ആഭ്യന്തര മൊത്ത ഉല്‍പ്പാദനത്തിലെ ഉയര്‍ച്ച താഴ്ചകള്‍ എന്നിവയും മുന്‍കണ്ട് പ്രതിവിധികള്‍ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ ബാധ്യസ്ഥമാണ്.
 
ചുരുക്കത്തില്‍ ശരിയായ പ്രവചനം സാമ്പത്തികാസൂത്രണത്തിന്റെ വിജയത്തിന് അടിസ്ഥാനമാണ്. 
സാമ്പത്തിക ഭാവികാഴ്ച തെറ്റിയാല്‍ എന്തുസംഭവിക്കും? 2007 മുതല്‍ 2010 വരെ ലോകം മുഴുവന്‍ ഗ്രസിച്ചിരുന്ന സാമ്പത്തിക മാന്ദ്യവും അതുമൂലം സാധാരണ ജനം അനുഭവിക്കേണ്ടി വന്ന ദുരിതവും ഫലം. 2011 മുതല്‍ ഈ സാമ്പത്തിക മാന്ദ്യം യൂറോപ്യന്‍ യൂണിയനിലൊഴിച്ച് മാറിയെന്നതും ലോകം വീണ്ടും സാമ്പത്തിക വളര്‍ച്ചയിലേക്ക് കടക്കുന്നുവെന്നതും ശുഭസൂചനയാണ്. 2007 ല്‍ മാന്ദ്യം വിതച്ച അമേരിക്ക തന്നെയാണ് 2011 ല്‍ വളര്‍ച്ചയ്ക്കും നാന്ദികുറിക്കുന്നത്. 2.5 ശതമാനം വളര്‍ച്ചാ നിരക്കില്‍ ഇപ്പോള്‍ അമേരിക്ക സമ്പന്ന രാജ്യങ്ങളുടെ മുന്‍പന്തിയിലാണ്. ലോകത്തിന്റ 20 ശതമാനം മൊത്ത ഉല്‍പ്പാദനം നല്‍കുന്ന അമേരിക്കയുടെ കുതിച്ചുവരവ്, മുഴുവന്‍ ലോകത്തേയും വീണ്ടും വളര്‍ച്ചയുടെ പാതയിലേക്കെത്തിക്കും എന്നതാണ് പ്രവചനം.
 
ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ പ്രവചനം 
സാമ്പത്തിക രംഗത്തെ പ്രവചനങ്ങള്‍പോലെ, പ്രധാന സാമ്പത്തിക ഘടകങ്ങള്‍ അടിസ്ഥാനമാക്കി ഒരു രാജ്യത്തിന് നേടാന്‍ കഴിയുന്ന ഒളിമ്പിക് മെഡലുകളും പ്രവചിക്കാന്‍ കഴിയുമെന്ന് ഈ അടുത്ത കാലത്ത് ധനശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തി. ഗോള്‍ഡ്മാന്‍ സാക്‌സ് ലണ്ടന്‍ ഓഫീസിലെ ധനശാസ്ത്രജ്ഞന്മാരുടെ പ്രവചന സങ്കേതങ്ങളാണ്. വളരെ കൃത്യമായിതന്നെ 2008 ബിജിങ്, 2012 ലണ്ടന്‍ ഒളിമ്പിക്‌സുകളിലെ മെഡല്‍ കൊയ്ത്തുകള്‍ മുന്‍കൂട്ടി പ്രവചിച്ചത്. ഓരോ രാജ്യത്തെയും സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയ ചുറ്റുപാടുകളെ സങ്കീര്‍ണ്ണമായ സമവാക്യങ്ങളിലുടെ ക്രമപ്പെടുത്തി ഉണ്ടാക്കിയ ഒരു മോഡലിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രവചനം നടത്തുന്നത്.
 
ഈ സമവാക്യങ്ങളിലൂടെ ഓരോ രാജ്യത്തിന്റെയും ജി.ഇ.എസ് (Growth Environment Score) വഴിയാണ് മെഡലുകളുടെ സാധ്യത കണ്ടെത്തുന്നത്. പ്രധാനമായും കൂടിയ പ്രതിശീര്‍ഷ വരുമാനവും ലോകനിലവാരമുള്ള മത്സര സൗകര്യങ്ങളും, അതോടൊപ്പം ഉയര്‍ന്ന ജി.ഇ സ്‌കോറും ഉള്ള രാജ്യങ്ങളാണ് മെഡലുകള്‍ അധികമായി കൈക്കലാക്കുന്നത്. ജി.ഇ.സ്‌കോര്‍ കണ്ടെത്തുന്ന പ്രധാനഘടകങ്ങള്‍ താഴെപ്പറയുന്നു.
1. രാഷ്ട്രീയ സ്ഥിതി (അഴിമതിരഹിതം, നിയമവാഴ്ച, ഭരണസ്ഥിരത)
2. മൈക്രോ സാമ്പത്തികസ്ഥിതി (ധനകമ്മി, പൊതുകടം, നാണ്യപ്പെരുപ്പം)
3. മൈക്രോ സാമ്പത്തിക സ്ഥിതി (നിക്ഷേപങ്ങള്‍, സുതാര്യത)
4. ഹ്യൂമണ്‍ ക്യാപ്പിറ്റല്‍ (ആരോഗ്യം, ആയുസ്, വിദ്യാഭ്യാസം)
5. ടെക്‌നോളജി (മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ ഉപയോഗം, ഇന്റര്‍നെറ്റ്)
6. മൈക്രോ സാമ്പത്തിക പരിസ്ഥിതി (ബിസിനസ്സ് തുടങ്ങാനുള്ള ചെലവും കടമ്പകളും, നഗരവത്ക്കരണം, പേറ്റന്റ്, റിസര്‍വ്വ്)
കൂടാതെ മത്സരം നടത്തുന്ന രാജ്യത്തിന് ആതിഥേയരാജ്യ മുന്‍തൂക്കം ഉണ്ടായിരിക്കും. ആ രാജ്യം മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ മുന്‍ഒരുക്കം (Host Country Advantage)നടത്തുമെന്നതാണ് ഇതിനു കാരണം. മേല്‍ഘടകങ്ങള്‍ ആധാരമാക്കി 2012ല്‍ നടത്തിയ പ്രവചനവും ഫലവും പ്രധാന രാജ്യങ്ങളുടേത് താഴെ കൊടുത്തിരിക്കുന്നു. സാമ്പത്തിക പ്രവചനങ്ങള്‍ മിക്കതും കഴിഞ്ഞകാലത്ത് തെറ്റായിരുന്നെങ്കിലും ഒളിമ്പിക് പ്രവചനങ്ങള്‍ ഏറെക്കുറെ ഫലിച്ചു എന്നത് ഗോള്‍ഡ് മെന്‍ സാക്‌സിന് കൊട്ടാര ജ്യോത്സ്യന്‍ പദവി നല്‍കാന്‍ പര്യാപ്തമാണ്.

1 comment: