Welcome english

KERALA STUDENTS UNION (KSU) WELCOMES YOU
Make This Your Homepage

Tuesday, November 13, 2012

കെ സുധാകരന്റെ വികൃതികള്‍


ജനങ്ങള്‍ അര്‍ഹിക്കുന്ന നേതാവിനെ അവര്‍ക്കു ലഭിക്കും. ജനാധിപത്യ വ്യവസ്ഥയില്‍ നേതാവ് ചീത്തയായാലും കുറ്റം ജനങ്ങള്‍ക്കായിരിക്കും.
'യഥാപ്രജ തഥാ രാജ' എന്നാണ് കാലഘട്ടത്തിലെ ആപ്തവാക്യം. തെമ്മാടികള്‍ക്ക് സൂപ്പര്‍ തെമ്മാടി നേതാവ്. രാഷ്ട്രീയം തെരുവിന്റെ കഥയാണ്. അനേകം തെരുവുകളില്‍ നിന്ന് ഒരു ദേശത്തിന്റെ കഥയുണ്ടാകുന്നു. സ്ട്രീറ്റ് സ്റ്റോറി ഒരു സംസ്‌കൃതിയാക്കാന്‍ പ്രതിഭാശാലികള്‍ പിറക്കണം. ചരിത്രസ്രഷ്ടാക്കള്‍. അവര്‍ വല്ലപ്പോഴും മാത്രം ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ്. മറ്റുള്ളതെല്ലാം അഭിനയം. സാധാരണക്കാരെ പറ്റിക്കുന്ന വേഷംകെട്ട്.
 
പക്ഷേ വേഷങ്ങള്‍ തെരുവില്‍ ഉണ്ടായേ മതിയാകൂ. ഇല്ലെങ്കില്‍ തെരുവ് നിശ്ചലവും നിശൂന്യവും ആയിപ്പോകും. സജീവമല്ലാത്ത തെരുവ് വേഗം വിജനമാകുകയും ദേശം വിസ്മരിക്കപ്പെടുകയും ചെയ്യും. കണ്ണൂര്‍ കേരള രാഷ്ട്രീയത്തില്‍ ഒറ്റപ്പെട്ട ഒരു ദ്വീപ് ആണ്. കമ്യൂണിസ്റ്റുകാരുടെ 'യനാന്‍.' ടി.പി.ചന്ദ്രശേഖരന്‍ വധത്തിനുശേഷം ദീര്‍ഘമായ രാഷ്ട്രീയ മൂകത കണ്ണൂരിനെ വലയം ചെയ്തു. ഇടതുബൗദ്ധിക വിചാരകേന്ദ്രങ്ങള്‍ മരവിച്ചു. അണികള്‍ നിശ്ചലനിര്‍വീര്യം. ഉണര്‍ത്തിയെടുക്കാന്‍ നേതാക്കള്‍ പ്രയോഗിച്ച അടവുകള്‍ പാഴായി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ക്ഷീണിച്ചാല്‍ കണ്ണൂരില്‍ കോണ്‍ഗ്രസ് ഊര്‍ജ്ജസ്വലമാകില്ല. കോണ്‍ഗ്രസ്സിന്റെയും ലീഗിന്റെയും പ്രവര്‍ത്തനോര്‍ജ്ജം സി.പി.എമ്മില്‍ നിന്നാണ് ലഭിക്കുന്നത്. മടുപ്പിക്കുന്ന ഈ മരവിപ്പുമാറ്റാന്‍ കെ.സുധാകരന്‍ രംഗത്തിറങ്ങി. പതിവായി സി.പി.എമ്മിനോടും തരംകിട്ടിയാല്‍ കോണ്‍ഗ്രസ് നേതൃത്വത്തോടും കയര്‍ക്കുന്ന സുധാകരന്‍ അണികളെ ആവേശഭരിതരാക്കാന്‍ പൊലീസ് സ്റ്റേഷനിലേക്കാണ് മുണ്ടുമടക്കിക്കുത്തി കയറിച്ചെന്നത്.
 
ലോക്‌സഭാംഗമാണെന്നൊന്നും സുധാകരന്‍ ഓര്‍ത്തില്ല. അല്ലെങ്കില്‍ പരിഗണിച്ചില്ല. പൊലീസ് ഒരിക്കലും ജനങ്ങളുടെ മിത്രമല്ലെന്ന് സുധാകരനറിയാം. സര്‍ക്കാര്‍ ആയുധം നല്‍കി ജനത്തെ അടിക്കാന്‍ വേഷം കെട്ടി നിറുത്തിയിരിക്കുന്ന പൊലീസിനോട് എന്നും ജനം ഉള്ളിലെങ്കിലും കലഹത്തിലാണ്. കാക്കി കണ്ടാല്‍ കലികയറുന്നവരും ഉണ്ട്. തരംകിട്ടിയാല്‍ ഒരു കല്ലെടുത്തു പൊലീസിന്റെ തൊപ്പിക്ക് ഒരേറ് നല്‍കണമെന്നാണ് ഏതു വിദ്യാര്‍ഥിയുടെയും ആഗ്രഹം. മേലുനോവ്വും, പൊല്ലാപ്പാവും എന്നെല്ലാം ഉള്ള വീണ്ടുവിചാരം കൊണ്ട് മര്യാദസുഖിമാന്മാരായി നടക്കുകയാണ് പലരും.
 
കെ.സുധാകരന്‍ കണ്ണൂരില്‍ നിന്ന് ലോക്‌സഭയില്‍ അംഗമായി എത്തിയിട്ട് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായിട്ടില്ല. യു.പി.എ ഭരണം നിലനിറുത്താന്‍ ഒരംഗം. രാജ്യത്തിന്റെ ഭാഗധേയം തിരുത്തിക്കുറിക്കുന്ന  നിയമനിര്‍മ്മാണങ്ങള്‍ നടത്താനോ അതുപോലുള്ള ക്രിയാത്മക കാര്യങ്ങളില്‍ ആശയപരമായി ഇടപെടാനോ ഒന്നും സുധാകരനാവില്ല. കേരളത്തില്‍ നിന്ന് പാര്‍ലമെന്റില്‍ അംഗമായി പോയ പലരുടെയും കഥ അതുതന്നെ. ഭരണഘടനാ വിഷയങ്ങളില്‍ വൈദഗ്ദ്ധ്യമില്ലാത്തവര്‍ക്ക് നാട്ടുകാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ദേശീയതലത്തില്‍ ജനശ്രദ്ധ ആകര്‍ഷിക്കാം. ലോക കാര്യങ്ങള്‍ പറഞ്ഞ് സ്വയം തിളങ്ങാം. രാഷ്ട്രീയ എതിരാളികളുടെ ചങ്കു പിളര്‍ന്ന് രക്തമൊഴുകുന്ന വാഗ്‌വിലാസങ്ങള്‍ കൊണ്ട് മാധ്യമശ്രദ്ധ പിടിച്ചുപറ്റാം.
 
മൂന്നേമുക്കാല്‍ കൊല്ലം കൊണ്ട് ഇതുവല്ലതും സുധാകരന്‍ പാര്‍ലമെന്റില്‍ നടത്തിയതായി ഒരറിവുമില്ല. ചുരുക്കത്തില്‍ പാര്‍ലമെന്റേറിയന്‍ എന്ന റോളില്‍ കെ.സുധാകരന്‍ ഒരു പരാജയമാണ്. കേരളത്തില്‍ വനംവകുപ്പ് മന്ത്രിയായി തിളങ്ങിയിട്ടുള്ള സുധാകരന് ഡല്‍ഹിയിലെ രാഷ്ട്രീയകാലാവസ്ഥ തീരെ ഇണങ്ങുന്നില്ല. മതികെട്ടാന്‍ മല വനം കയ്യേറ്റ സമയത്ത് സഹമന്ത്രി മാണിയുമായി കോര്‍ത്ത വീര സുധാകരന്‍ പാര്‍ലമെന്റ് മന്ദിരത്തിലെ ദര്‍ബാര്‍ ഹാളില്‍ ഒന്നും ചെയ്യാനില്ലാതെ മൈക്രോഫോണ്‍ തലയില്‍ വച്ച് ഇരിക്കുന്നതു കാണുമ്പോള്‍ ചിരിക്കാന്‍ തോന്നും. സുധാകരനറിയാം താന്‍ അവിടെ കരയ്ക്കു വീണ മത്സ്യമാണെന്ന്. കണ്ണൂരില്‍ തിരിച്ചെത്തുമ്പോഴാണ് അദ്ദേഹത്തിന് പ്രാണവായുവും പ്രവര്‍ത്തനോര്‍ജ്ജവും ലഭിക്കുന്നത്.
 
സി.പി.എമ്മിനു നേരേ കുതിരകയറിയിട്ടു കാര്യമില്ല. ശവത്തെ കുത്തി രസിച്ചിട്ടെന്തുണ്ടാകാന്‍? കോണ്‍ഗ്രസ്സിലെ എതിരാളികള്‍ പി.രാമകൃഷ്ണനെപ്പോലുള്ള അല്‍പ്പപ്രാണികള്‍. അവരോടു പൊരുതുന്നതിലും ത്രില്‍ ഇല്ല. അപ്പോള്‍ പിന്നെ പഴയ എം.വി.രാഘവന്‍ ശൈലിയില്‍ പൊലീസിനു നേര്‍ക്ക് കയര്‍ക്കുന്നതാണ് എളുപ്പം. പാര്‍ലമെന്റ് അംഗമെന്ന അവകാശാധികാരങ്ങള്‍ ഉള്ളതിനാല്‍ സാദാ പൊലീസ് ഉള്ളില്‍ തെറിവിളിച്ചാലും സല്യൂട്ട് ചെയ്യും. പാര്‍ലമെന്റില്‍ തിളങ്ങി സ്വന്തം അണികളെ പിടിച്ചുനിറുത്താന്‍ പറ്റാത്ത സുധാകരന്‍ നാട്ടില്‍ അവരുടെ സംരക്ഷകനും നായകനും ആയി രംഗത്തു വരുന്നു. വളപട്ടണം പൊലീസ് സ്റ്റേഷനില്‍ ഈയിടെ സുധാകരന്‍ കാട്ടിയ പ്രകടനങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ പൊതുശ്രദ്ധ ലഭിച്ചു. പല പല വ്യാഖ്യാനങ്ങള്‍ അതിനു വന്നുകൊണ്ടിരിക്കുന്നു.
 
മണല്‍കടത്തു കേസ്സില്‍ പിടിയിലായ പ്രതികളെ വളപട്ടണം സബ്ഇന്‍സ്‌പെക്ടര്‍ ലോക്കപ്പിലടച്ചു. അവരെ ജാമ്യത്തിലെടുക്കാന്‍ ചെന്ന കോണ്‍ഗ്രസ്സുകാരനെയും എസ്.ഐ പിടിച്ച് അകത്തിട്ടു. സ്ഥലം എം.പി വെറുതെയിരിക്കുമോ? കോണ്‍ഗ്രസുകാരന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഭരിക്കുന്ന പൊലീസിന് ഇത്രത്തോളം അഹമ്മതിയോ? സുധാകരന്റെ സദാ തിളച്ച രക്തം ആവിയാകാന്‍ തുടങ്ങി. കസ്റ്റഡിയിലുള്ള കോണ്‍ഗ്രസ്സുകാരനെയും പ്രതികളെയും പൊലീസ് സ്റ്റേഷനില്‍ നിന്ന് നാടകീയമായി ഇറക്കിക്കൊണ്ടു പോന്നു. 'ധിക്കാരം' കാട്ടിയ എസ്.ഐയോട് ടെലിവിഷന്‍ ചാനല്‍ ക്യാമറകളുടെ മുന്നില്‍ നാലു പേശുനടത്തി. ''ആരാടെ നീ, സുരേഷ് ഗോപിയോ? സിനിമ നടന്‍? രാഷ്ട്രീയം അങ്ങ് വീട്ടില്‍ വച്ചിരുന്നാല്‍ മതി.'' എന്നൊക്കെ സുധാകരന്‍ സൗമ്യമായി പറഞ്ഞാല്‍ പോലും പുലിചീറ്റുന്ന പോലെ തോന്നും. നിര്‍നിമേഷനായി നിന്ന സബ്ഇന്‍സ്‌പെക്ടര്‍ സ്ഥലം മാറ്റത്തിന് അപേക്ഷ കൊടുത്തിട്ട് അവധിയെടുത്തു പോയി.
 
പൊലീസിന്റെ കൃത്യനിര്‍വ്വഹണത്തില്‍ ഇടപെട്ടതിന് സുധാകരന്റെ പേരില്‍ കേസ്. അതെല്ലാം വെറും കടലാസു പുലികള്‍. സുധാകരന്‍ കേസുകള്‍ എത്ര കണ്ടതാ. എന്നാല്‍ ഈ നടാകത്തിലൂടെ രാഷ്ട്രീയ നേതാവായ സുധാകരന്‍ കണ്ണൂരിലെ തന്റെ തട്ടകത്തില്‍ നാട്ടിയ കൊടികള്‍ നിരവധിയാണ്.യു.ഡി.എഫ് ഭരണത്തിന്റെ താക്കോല്‍ മലപ്പുറത്തും പാലായിലും ആണെന്ന് കരുതുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് സുധാകരന്റെ പ്രകടനം ഇഷ്ടപ്പെട്ടു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനോട് കോണ്‍ഗ്രസ്സില്‍ തന്നെയുള്ള ഒരു പ്രബല വിഭാഗത്തിന്റെ പ്രതിഷേധമാണ് സുധാകരന്‍ അറിയിച്ചതെന്ന് വ്യാഖ്യാനം വന്നു. യു.ഡി.എഫ് ഘടകകക്ഷികള്‍ക്കെല്ലാം മുറുമുറുപ്പും പരാതിയും. കേന്ദ്രമന്ത്രിസഭാ അഴിച്ചുപണിയില്‍ മകന്‍ ജോസ് കെ മാണിക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ കെ.എം.മാണിക്ക് മുറുമുറുപ്പ്. കോണ്‍ഗ്രസ്സിലെ 'ഹരിത എം.എല്‍.എ'മാര്‍ മുസ്ലീം ലീഗിനെ ഒറ്റപ്പെടുത്തുന്ന ശാക്തിക ചേരി ഉണ്ടാക്കുന്നു എന്ന് പരാതി.
 
ഭൂവിനിയോഗ നിയമനിര്‍മ്മാണത്തെച്ചൊല്ലി റവന്യൂ മന്ത്രി അടൂര്‍ പ്രകാശും നിയമമന്ത്രി മാണിയും തമ്മില്‍ ഉരസല്‍. എരിതീയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൊള്ളുമ്പോള്‍ അതാ സുധാകരന്‍ കണ്ണൂരില്‍ കുറെ എണ്ണ പകര്‍ന്നു കൊടുത്തു. ഏറെക്കാലമായി കേള്‍ക്കാതിരുന്ന യു.ഡി.എഫ് നേതൃയോഗം ചേര്‍ന്നു. ഇങ്ങനെ പോയാല്‍ തങ്ങള്‍ രാജിവച്ച് പുറത്തുനിന്ന് താങ്ങിക്കൊള്ളാമെന്ന് മാണിയും കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. വെറുതെ പറഞ്ഞതാവും. എങ്കിലും അതല്‍പ്പം ഗൗരവമുള്ള പറച്ചിലാണ്.ഒരു സബ് ഇന്‍സ്‌പെക്ടറെ വിരട്ടിയിട്ട് കെ.സുധാകരന്‍ എം.പിക്ക് ഒന്നും നേടാനില്ല. എന്നാല്‍ വളപട്ടണം സ്റ്റേഷനിലെ നാടകത്തിലൂടെ സുധാകരന്‍ കണ്ണൂര്‍ തെരുവിനെ കേരളത്തിന്റെ രാഷ്ട്രീയ ഹൃദയത്തില്‍ പുനഃപ്രതിഷ്ഠിച്ചു. സി.പി.എം വരും ദിവസങ്ങളില്‍ സജീവമാകുന്നു. സുധാകരന്റെ പേര് അവര്‍ ജില്ലയൊട്ടാകെ നൂറാവര്‍ത്തി വിമര്‍ശിച്ച് സി.പി.എം അണികളില്‍ വെറുപ്പും കോണ്‍ഗ്രസുകാരില്‍ ആദരവും ഉണ്ടാക്കും.
 
എം.പിയെന്ന നിലയില്‍ സുധാകരന്റെ പോരായ്മ മറന്ന് അണികള്‍ അദ്ദേഹത്തെ കോണ്‍ഗ്രസുകാരുടെ രക്ഷകനാക്കി മനസ്സില്‍ കൊണ്ടുനടക്കും. യു.ഡി.എഫ് കേരളം ഭരിക്കുമ്പോള്‍ സുധാകരന് ഇത്രയേ ചെയ്യാനാവൂ. യു.ഡി.എഫ് നേതൃയോഗത്തില്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല മറ്റുള്ളവരുടെ പരാതി പറച്ചില്‍ കേട്ടശേഷം ഇങ്ങനെ ചോദിച്ചു: ''കോണ്‍ഗ്രസ്സുകാരുടെ ആവലാതികള്‍ ഞങ്ങള്‍ ആരോടു പറയും?'' കണ്ണൂരില്‍ കെ.സുധാകരന്‍ ഒരു കോണ്‍ഗ്രസ് നേതാവിന് ചെയ്യാന്‍ കടമയുള്ള പ്രവൃത്തിയാണ് നിര്‍വഹിച്ചതെന്ന് പി.രാമകൃഷ്ണന്‍ പോലും സമ്മതിക്കുന്നു. അങ്ങനെ കോണ്‍ഗ്രസ്സിലെ ആദര്‍ശശാലികളെയും സുധാകരന്‍ ആകര്‍ഷിച്ചിരിക്കുന്നു. ജലാശയത്തില്‍ മത്സ്യമെന്നപോലെ സുധാകരന്‍ കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവാണ്. പാര്‍ലമെന്റില്‍ ഇരുത്തി ഈ മനുഷ്യനെ ശ്വാസം മുട്ടിക്കരുത്. ഇനിയും നല്ല ഭാവിയുള്ള നേതാവാണ്

എന്തൊക്കെ പറഞ്ഞാലും അണികള്‍ക്ക്  സംരക്ഷണം  നല്‍കുന്ന നേതാവിനെ ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയൂ.അത് ഒരുപക്ഷെ കേരള രാഷ്ട്രീയത്തില്‍ കെ സുധാകരന് മാത്രം ഉള്ള കഴിവാണ് കാരണം നട്ടെല്ലുള്ള ശക്തമായ അടിത്തറ ഉള്ള നേതാവാണ്‌ കെ സുധാകരന്‍... 

No comments:

Post a Comment